23 April Tuesday

ഉചിതമായ നടപടി ഉണ്ടാകും ; ഇടപെട്ട് പാക് സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 5, 2022


ഇസ്ലാമാബാദ്‌
അവിശ്വാസ പ്രമേയത്തിന്‌ അനുമതി നിഷേധിച്ച് ദേശീയ അസംബ്ലി പിരിച്ചുവിട്ടതില്‍നിയമസാധുത പരിശോധിച്ച്‌ ഉചിതമായ ഉത്തരവ്‌ പുറപ്പെടുവിക്കുമെന്ന്‌ പാക് സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ ഉമർ അത ബന്ദിയാൽ. വിഷയത്തില്‍ സ്വമേധയാ കേസെടുത്ത കോടതി ചൊവ്വാഴ്‌ച പകൽ 12 മുതൽ വീണ്ടും വാദം കേള്‍ക്കും. ചീഫ്‌ ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ്‌ കേസ് പരിഗണിച്ചത്‌. ജസ്റ്റിസുമാരായ ഇജാസുൾ അഹ്‌സാൻ, അലം ഖാൻ മിയാൻഖൽ, മിനീബ്‌ അക്‌തർ, ജമാൽ ഖാൻ മന്ദോഖൈൽ എന്നിവരാണ്‌ ബെഞ്ചിലുള്ളത്‌.

സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും അഭിഭാഷകർ വാദം അവതരിപ്പിച്ചു. അവിശ്വാസ പ്രമേയം പരിഗണിച്ച നടപടി ക്രമം കൃത്യമല്ലെന്ന്‌ ജസ്‌റ്റിസ്‌ അഹ്‌സാൻ നിരീക്ഷിച്ചതായി  പാക്മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. അവിശ്വാസ പ്രമേയം വോട്ടിനിടും മുമ്പുള്ള സംവാദവും നടന്നിട്ടില്ലെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ ഉമർ അത ബന്ദിയാൽ നിരീക്ഷിച്ചു. അവിശ്വാസപ്രമേയം തള്ളാന്‍ ഡെപ്യൂട്ടി സ്‌പീക്കറുടെ അധികാരം സംബന്ധിച്ച്‌ ജസ്റ്റിസ്‌ അക്‌തർ സംശയം പ്രകടിപ്പിച്ചു. സുപ്രീംകോടതിയിലെ പൂർണ ബെഞ്ച്‌ വിഷയം പരിഗണിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷത്തിനായി പാകിസ്ഥാൻ പീപ്പിൾസ്‌ പാർടി നേതാവ്‌ ഫറൂഖ്‌ എച്ച്‌ നയ്‌ക്‌ നൽകിയ ഹർജി കോടതി തള്ളി. പൂർണ ബെഞ്ച്‌ രൂപീകരിച്ചാൽ മറ്റ്‌ കേസുകൾക്ക്‌ തടസ്സം നേരിടുമെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ പറഞ്ഞു. തിങ്കളാഴ്‌ചതന്നെ വിധി പ്രസ്താവിക്കണമെന്നും ഫറൂഖ്‌ ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്‌ച അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പിന്‌ ഡെപ്യൂട്ടി സ്‌പീക്കർ ഖാസിം സൂരി അനുമതി നിഷേധിച്ചതിനു പിന്നാലെയാണ്‌ ഇമ്രാൻ ഖാന്റെ ശുപാർശപ്രകാരം പ്രസിഡന്റ്‌ ആരിഫ്‌ അൽവി ദേശീയ അസംബ്ലി പിരിച്ചുവിട്ടത്‌. 

ഇമ്രാൻ ഖാൻ രാജ്യത്ത്‌ അടിയന്തരാവസ്ഥ അടിച്ചേൽപ്പിക്കുകയാണെന്ന്‌ പാകിസ്ഥാൻ മുസ്ലിം ലീഗ്‌ (നവാസ്‌)  നേതാവ്‌ ഷെഹബാസ്‌ ഷെറീഫ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അന്താരാഷ്‌ട്ര ഭീഷണിക്കത്തിന്റെ കാര്യം എന്തുകൊണ്ട്‌ ഇമ്രാൻ നേരത്തേ പറഞ്ഞില്ലെന്നും ഷെറീഫ്‌ ചോദിച്ചു. മാർച്ച്‌ എട്ടിനാണ്‌ അവിശ്വാസ പ്രമേയം നൽകിയത്‌. മാർച്ച്‌ 24ന്‌ മുമ്പ്‌ ഇക്കാര്യം പറയണമായിരുന്നു. ഇമ്രാനും പാർടിയും ഭരണഘടനയെ വെല്ലുവിളിച്ചിരിക്കുകയാണെന്നും ഷെറീഫ്‌ പറഞ്ഞു. സുപ്രീംകോടതി പൂർണ ബെഞ്ച്‌ വിഷയം പരിഗണിക്കണമെന്ന്‌ പാകിസ്ഥാൻ പീപ്പിൾസ്‌ പാർടി നേതാവ്‌ ബിലവാൽ ഭൂട്ടോ സർദാരിയും ആവശ്യപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top