കറാച്ചി
കടുത്ത സാമ്പത്തികത്തകർച്ച നേരിടുന്ന പാകിസ്ഥാനിൽ രാഷ്ട്രീയ ഇടപെടല്‍ ശക്തമാക്കി സൈന്യം. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും വിദേശ നിക്ഷേപം ആകർഷിക്കാനും സൈനിക മേധാവി ജനറൽ അസിം മുനീർ നേരിട്ട് അമ്പതോളം വ്യവസായപ്രമുഖരുമായി ചര്‍ച്ച നടത്തി.
പാക് രൂപയുടെ മൂല്യം ഇടിയുന്നതിനും വൈദ്യുതി, ഇന്ധന വിലക്കയറ്റത്തിനുമെതിരെ വ്യാപാരികൾ പ്രക്ഷോഭത്തിലാണ്. പ്രതിസന്ധി പരിഹരിക്കാൻ സൈന്യം നടത്തുന്ന ഇടപെടലുകൾ ജനറൽ നേരിട്ട് ഇവരോട് വിശദീകരിച്ചതായി പാക് ദിനപത്രം ദി ഡോൺ റിപ്പോർട്ട് ചെയ്തു. പാകിസ്ഥാനിൽ സൗദി 2500 കോടി ഡോളർ നിക്ഷേപം നടത്തുമെന്നും ഖത്തറും കുവൈത്തും സമാന രീതിയില്‍ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇമ്രാൻ ഖാൻ സർക്കാർ വീണതോടെ സൈന്യം വീണ്ടും രാഷ്ട്രീയ ഇടപെടലുകൾ ശക്തമാക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാൻ ഐഎംഎഫുമായി നടത്തിയ ചർച്ചകളിൽ സൈനിക പ്രതിനിധികളുടെ സാന്നിധ്യമുണ്ടായി. നിലവിൽ അൻവറുൾ ഹഖിന്റെ നേതൃത്വത്തിലുള്ള കാവൽ സർക്കാരാണ് പാകിസ്ഥാൻ ഭരിക്കുന്നത്. മണ്ഡല പുനർനിർണയം പൂർത്തിയാക്കേണ്ടതിനാൽ തെരഞ്ഞെടുപ്പ് നടപടികൾ വൈകുന്നു. എന്നാൽ, കാവൽ സർക്കാർ നിർദിഷ്ട കാലാവധിക്കപ്പുറവും തുടർന്നാൽ, സൈന്യം വീണ്ടും ഭരണം പിടിച്ചെടുക്കാനുള്ള സാധ്യതകൾ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..