28 March Thursday

ഓക്‌സ്‌ഫഡ്‌ വാക്‌സിൻ: സുരക്ഷ പരിശോധിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Nov 28, 2020


ലണ്ടൻ  
ആസ്‌ട്രസെനകയുമായി ചേർന്ന്‌ ഓക്‌സ്‌ഫഡ്‌ സർവകലാശാല വികസിപ്പിച്ച കോവിഡ്‌ വാക്‌സിന്റെ ഉപയോഗം സുരക്ഷിതമാണോയെന്ന്‌ പരിശോധിക്കാനൊരുങ്ങി ബ്രിട്ടൻ. ഇതുസംബന്ധിച്ച്‌ ഔഷധ നിയന്ത്രണ ഏജൻസിക്ക്‌ നിർദേശം നൽകി. വാക്‌സിൻ പരീക്ഷണത്തിൽ പിഴവുണ്ടായതായി ഉൽപ്പാദകർ സ്ഥിരീകരിച്ചതോടെയാണ്‌ നടപടി. വാക്‌സിൻ ഉപയോഗവുമായി ബന്ധപ്പെട്ട  കാര്യങ്ങൾ പരിശോധിക്കാൻ ഔഷധ നിയന്ത്രണ ഏജൻസി (എംഎച്ച്‌ആർഎ)യെ ചുമതലപ്പെടുത്തിയതായി ബ്രിട്ടീഷ്‌ ആരോഗ്യ സെക്രട്ടറി മാറ്റ്‌ ഹാൻകോക്‌ അറിയിച്ചു.

  വാക്‌സിന്റെ ആദ്യം പകുതി ഡോസും പിന്നീട്‌ മുഴുവൻ ഡോസും സ്വീകരിച്ചവരിൽ 90 ശതമാനവും രണ്ട്‌ പൂർണ ഡോസ്‌ സ്വീകരിച്ചവരിൽ 62 ശതമാനവും ഫലപ്രാപ്‌തിയുണ്ടായതായി ഒക്‌സ്‌ഫഡും ആസ്‌ട്രസെനകയും വെളിപ്പെടുത്തിയിരുന്നു. എന്നാൽ, പകുതി ഡോസ്‌ സ്വീകരിച്ചവരിൽ എങ്ങനെ കൂടുതൽ ഫലപ്രാപ്‌തിയുണ്ടായെന്ന ചോദ്യമുയർന്നു. 2741 പേരാണ്‌ പകുതി ഡോസ്‌ സ്വീകരിച്ചത്‌. ഇവരിൽ ഫലപ്രാപ്‌തി കൂടിയതിൽ ശാസ്‌ത്രജ്ഞരും സംശയം പ്രകടിപ്പിച്ചു. 8895 പേരാണ്‌ രണ്ട്‌ പൂർണ ഡോസ്‌ സ്വീകരിച്ചത്‌. ഒക്‌സ്‌ഫഡും ആസ്‌ട്രസെനകയും കൃത്യമായ വിശദീകരണം നൽകണമെന്നും ആവശ്യമുയർന്നു. ആഗോളതലത്തിൽ പുതിയ പരീക്ഷണം നടത്താൻ ഉദ്ദേശിക്കുന്നതായി  കമ്പനി അറിയിച്ചു. ബ്രിട്ടനിൽനിന്നും യൂറോപ്യൻ യൂണിയനിൽനിന്നും അനുമതി വൈകില്ലെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

ഒക്‌സ്‌ഫഡ്‌ വാക്‌സിൻ സൂക്ഷിക്കാനും വിതരണം ചെയ്യാനും എളുപ്പമാണ്‌. ചെലവും കുറവാണ്‌. കൂടുതൽ വാക്‌സിനുകളുടെ പരീക്ഷണം വിജയമാകുന്നത്‌ പ്രതീക്ഷ നൽകുന്നതാണെന്നും എന്നാൽ കൃത്യമായ പരിശോധനകൾക്ക്‌ ശേഷമായിരിക്കും തീരുമാനമെന്നും ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ്‌ വിറ്റി അറിയിച്ചു. ‌


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top