20 April Saturday

കൂടുതല്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021


ലണ്ടന്‍
കൂടുതല്‍ രാജ്യങ്ങളിലേക്ക് ഒമിക്രോണ്‍ വ്യാപിക്കുന്നു. ജപ്പാനില്‍ ആദ്യ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആഫ്രിക്കന്‍ രാജ്യമായ നമീബിയയിൽനിന്ന് അടുത്തിടെ എത്തിയ ആള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

പോര്‍ച്ചു​ഗലില്‍ ഒരു പ്രൊഫഷണൽ സോക്കർ ക്ലബ്ബിലെ 13 അം​ഗങ്ങള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇവരില്‍ ഒരാള്‍ അടുത്തിടെ ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ചിരുന്നു.ജൊഹാന്നസ്ബര്‍​ഗില്‍നിന്ന് വിമാനമാര്‍​ഗം വെയ്ല്‍സിലെത്തിയ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെയും ജീവനക്കാരെയും സമ്പര്‍ക്കവിലക്കിലാക്കി.ഇന്ത്യൻ മഹാസമുദ്രത്തിലെ ഫ്രഞ്ച് ദ്വീപ് പ്രദേശമായ റീയൂണിയനിൽ ചൊവ്വാഴ്ച ആദ്യ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു.

ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ബ്രിട്ടൻ, ജർമനി, നെതർലൻഡ്സ്, ഡെന്മാർക്ക്, ബെൽജിയം, ഇസ്രയേൽ, ഇറ്റലി, ചെക്‌ റിപ്പബ്ലിക്, ഹോങ് കോങ്, ഓസ്ട്രേലിയ, ക്യാനഡ, സ്കോട്ട്‌ലൻഡ് എന്നിവിടങ്ങളിലും ഒമിക്രോണ്‍ എത്തി. ബ്രിട്ടനില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 14 ആയി.
ഒമിക്രോണ്‍ ഭീതിയില്‍ രാജ്യങ്ങള്‍ അതിര്‍ത്തി അടച്ചുപൂട്ടുന്നത് തുടരുകയാണ്. ഒമിക്രോണിനെ നേരിടാന്‍ തയ്യാറാണെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് അമേരിക്ക അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ കോവിഡ് മാനദണ്ഡം പുതുക്കിയ പദ്ധതി തയ്യാറാക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു.

നെതര്‍ലന്‍ഡ്‌സില്‍ നേരത്തേ എത്തി ?
ദക്ഷിണാഫ്രിക്ക ഒമിക്രോണ്‍  ലോകാരോ​ഗ്യ സംഘടനയ്‌ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പേ നെതര്‍ലന്‍ഡ്‌സില്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി വെളിപ്പെടുത്തല്‍.

നവംബർ 24നാണ് ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. പിന്നാലെ ദക്ഷിണാഫ്രിക്കകാര്‍ക്ക് ലോകരാജ്യങ്ങള്‍ യാത്രാനിരോധനം ഏര്‍പ്പെടുത്തി. എന്നാല്‍, നവംബർ 19നും, 23നും നെതർലൻഡ്‌സിലെ ആർ‌ഐ‌വി‌എം ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടില്‍  രണ്ട് സാമ്പിളിൽ ഒമിക്രോൺ വകഭേ​ദം കണ്ടെത്തി. ഇവര്‍ ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ലെന്നും നെതര്‍ലന്‍ഡ്സ് ആരോ​ഗ്യ വകുപ്പ് അറിയിച്ചു. ഏത് ഘട്ടത്തിലാണ് കോവിഡിന്റെ പുതിയ വകഭേ​ദം ആവിര്‍ഭവിച്ചത് എന്ന അന്വേഷണം ഇതോടെ സങ്കീര്‍ണമായി.

കിഴക്കൻ ജർമൻ നഗരമായ ലീപ്‌സിഗില്‍, വിദേശത്ത് പോകുകയോ വിദേശ യാത്ര നടത്തിയ ആരുമായും സമ്പർക്കം പുലർത്തുകയോ ചെയ്തിട്ടില്ലാത്ത മുപ്പത്തൊമ്പതുകാരന് ഒമിക്രോൺ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top