06 July Sunday

നില്‍ക്കാം ആഫ്രിക്കയ്ക്ക് ഒപ്പം ; ഒറ്റപ്പെടുത്തലിനെ തള്ളി ലോകാരോ​ഗ്യ സംഘടന

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021


ജനീവ
ഒമിക്രോണ്‍ ഭീതിയില്‍ ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങള്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നടപടിയില്‍നിന്ന് ലോകരാജ്യങ്ങള്‍ പിന്മാറണമെന്ന് ലോകാരോഗ്യ സംഘടന. യാത്രാ നിരോധനങ്ങള്‍ ശാസ്ത്രീയവും അന്തര്‍ദേശീയ ചട്ടങ്ങള്‍ പാലിച്ചുള്ളതുമാകണമെന്നും ലോകാരോ​ഗ്യ സംഘടനയുടെ ആഫ്രിക്കയിലെ റീജ്യണൽ ഡയറക്ടർ മാറ്റ്ഷിഡിസോ മൊയ്തി പറഞ്ഞു. യൂറോപ്പിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ ഒമിക്രോണ്‍ കണ്ടെത്തി. എന്നാല്‍, ആഫ്രിക്കയെ ലക്ഷ്യംവച്ച് മാത്രമുള്ള യാത്രാ നിരോധനം ആഗോള ഐക്യദാർഢ്യത്തിനെതിരായ ആക്രമണമാണെന്നും മൊയ്തി പറഞ്ഞു.

പുതിയ വകഭേദത്തെക്കുറിച്ച് ലോകത്തെ അറിയിക്കുന്നതിൽ ദക്ഷിണാഫ്രിക്കൻ, ബോട്‌സ്വാന സർക്കാരുകളുടെ വേഗതയും സുതാര്യതയും പ്രശംസനീയമാണെന്നും ലോകാരോ​ഗ്യ സംഘടന ആഫ്രിക്കൻ രാജ്യങ്ങൾക്കൊപ്പം നില്‍ക്കുന്നതായും മൊയ്തി പറഞ്ഞു. നീണ്ടുനിൽക്കുന്ന വാക്സിൻ അസമത്വത്തിന്റെ പ്രത്യാഘാതമാണ് അപകടകാരികളായ പുതിയവകഭേദങ്ങളുടെ ആവിര്‍ഭാവമെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് കുറ്റപ്പെടുത്തി. ആരോഗ്യ പ്രവർത്തകരും പ്രായമായവരും ഉൾപ്പെടെ അപകടസാധ്യത കൂടുതലുള്ളവര്‍ക്ക് എത്രയുംവേ​ഗം മുഴുവന്‍ ഡോസ് വാക്സിനും ഉറപ്പാക്കാനാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദക്ഷിണാഫ്രിക്കയെയും അയല്‍രാജ്യങ്ങളെയും ഒറ്റപ്പെടുത്തുംവിധമുള്ള നിരോധനങ്ങള്‍ അശാസ്ത്രീയവും ന്യായീകരിക്കാൻ കഴിയാത്തതുമാണെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top