27 January Thursday

ഒമിക്രോൺ അപകടകാരി ; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021


ജനീവ
കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം അതീവ അപകടസാധ്യത ഉയർത്തുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ആ​ഗോളതലത്തില്‍ ഒമിക്രോൺ പടർന്നുപിടിക്കുകയാണെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കും. രാജ്യങ്ങള്‍ ആരോ​ഗ്യസേവന സംവിധാനം സദാസജ്ജമാക്കിവച്ച്  വാക്സിന്‍ കുത്തിവയ്പ്പ്  വേ​ഗത്തിലാക്കണമെന്നും യുഎന്‍ ആരോ​ഗ്യ ഏജന്‍സി നിര്‍ദേശിച്ചു.

ആശങ്കപ്പെടേണ്ട വകഭേദങ്ങളുടെ ​ഗണത്തിലാണ് ലോകാരോ​ഗ്യ സംഘടന ഒമിക്രോണിനെ ഉൾപ്പെടുത്തിയത്. മുന്‍ വകഭേദങ്ങളില്‍ കണ്ടിട്ടില്ലാത്തവിധം ഈ വകഭേദത്തിന്റെ സ്പൈക്ക് പ്രോട്ടീനില്‍ നിരവധിതവണ ജനിതകമാറ്റം സംഭവിച്ചിട്ടുണ്ട്. ഇത് വൈറസിന്റെ വ്യാപനത്തെയും രോ​ഗതീവ്രതയെയും ഏങ്ങനെ ബാധിക്കും എന്നതില്‍ ആശങ്കയുണ്ട്. പ്രാഥമിക പഠന പ്രകാരം ഡെല്‍റ്റ വകഭേദത്തേക്കാള്‍ കൂടുതൽ രോഗലക്ഷണങ്ങൾ ഒമിക്രോൺ ബാധിച്ചവരിലുണ്ട്. എന്നാല്‍ വാക്സിനോടുള്ള പ്രതികരണം, സംക്രമണക്ഷമത, പ്രത്യാഘാതം എന്നിവ അറിയാൻ ജനിതകഘടന പഠനം പൂര്‍ത്തിയാകേണ്ടതുണ്ടെന്നും ലോകാരോ​ഗ്യസംഘടന അറിയിച്ചു.

‘റിസ്‌ക്‌ ’ രാജ്യങ്ങളിൽ നിന്നുള്ളവർക്ക്‌ സമ്പർക്കവിലക്ക്‌
കേന്ദ്ര ആരോഗ്യമന്ത്രാലയം "ഉയർന്ന റിസ്ക്‌' പട്ടികയിൽപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക്‌ ഏഴുദിവസം വീതം സമ്പർക്കവിലക്കും സ്വയം നിരീക്ഷണവും നിർബന്ധമാണെന്ന്‌ ആരോഗ്യ മന്ത്രി വീണാ ജോർജ്‌ പറഞ്ഞു. വിമാനത്താവളത്തിലെ ആർടിപിസിആർ പരിശോധനയിൽ നെഗറ്റീവാകുന്നവർ ഏഴ്‌ ദിവസം സമ്പർക്കവിലക്കിൽ കഴിയണം. എട്ടാം ദിവസം വീണ്ടും പരിശോധിച്ച്‌ ഒരാഴ്ചകൂടി സ്വയം നിരീക്ഷണത്തിലാകണം. പോസിറ്റീവാകുന്നവരെ നേരിട്ട്‌ ചികിത്സാകേന്ദ്രങ്ങളിലെ പ്രത്യേകം വാർഡുകളിലേക്ക്‌ മാറ്റും. 

മറ്റ്‌ വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവരിൽ അഞ്ച്‌ ശതമാനംപേരെ റാൻഡം പരിശോധനയ്ക്ക്‌ വിധേയരാക്കും. ഇവർ സ്വയം നിരീക്ഷണത്തിലായിരിക്കണം. സംസ്ഥാനത്തെ നാല്‌ വിമാനത്താവളത്തിലും ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘമുണ്ട്‌.
സംസ്ഥാനത്ത്‌ ജനിതക ശ്രേണീകരണം നേരത്തേയുണ്ട്‌. ഇതുവരെ ഒമിക്രോൺ വകഭേദം കണ്ടെത്തിയിട്ടില്ല. മൂന്നാംതരംഗം മുന്നിൽക്കണ്ട്‌ മുന്നൊരുക്കം നടത്തിയിട്ടുണ്ട്‌.

സംസ്ഥാനത്ത്‌ നിലവിൽ 96 ശതമാനത്തിലധികംപേരും ആദ്യഡോസ്‌ വാക്‌സിൻ എടുത്തു. അധ്യാപകർക്ക്‌ വാക്സിനെടുക്കാൻ ആവശ്യമെങ്കിൽ ആരോഗ്യവകുപ്പ്‌ പ്രത്യേക സൗകര്യം ഒരുക്കും. ബുധനാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കോവിഡ്‌ അവലോകന യോഗത്തിൽ ഒമിക്രോൺ സാഹചര്യം വിശദമായി വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു. 

ഉയർന്ന റിസ്ക്‌ രാജ്യങ്ങൾ
ബ്രിട്ടൻ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബംഗ്ലാദേശ്‌, ബോട്‌സ്വാന, ചൈന, മൗറീഷ്യസ്‌, ന്യൂസിലൻഡ്‌, സിംബാവ്‌വേ, സിംഗപ്പുർ, ഹോങ്‌കോങ്‌, ഇസ്രയേൽ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top