16 September Tuesday

ഒമിക്രോണ്‍ നൈജീരിയയില്‍ നേരത്തേ എത്തിയെന്ന് വെളിപ്പെടുത്തലുകള്‍

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021


അബുജ
ദക്ഷിണാഫ്രിക്ക റിപ്പോര്‍ട്ട് ചെയ്യുന്നതിനുംമുമ്പേ ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനം ആരംഭിച്ചിരുന്നു എന്നതില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. നൈജീരിയയില്‍ ഒക്ടോബറില്‍ പരിശോധിച്ച സാമ്പിളില്‍ പുതിയ വകഭേദം കണ്ടെത്തിയിരുന്നതായി നൈജീരിയ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ജനറൽ പറയുന്നു.

നവംബര്‍ 24നായിരുന്നു ദക്ഷിണാഫ്രിക്ക കൊറോണ വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഇതിനുമുമ്പുതന്നെ രണ്ട് സാമ്പിളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നതായി നെതര്‍ലന്‍ഡ്സ്‌ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.

നൈജീരിയയില്‍ ബുധനാഴ്ച പുതിയ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍നിന്ന് എത്തിയ മൂന്ന് യാത്രക്കാര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്തെ ജനങ്ങളോടും സംസ്ഥാനങ്ങളോടും ജാഗരൂകരായിരിക്കാൻ ആരോ​ഗ്യമന്ത്രാലയം അഭ്യർഥിച്ചു.

കോവിഡ് വർധന നിരക്ക് കുറയുന്നില്ല
ആഫ്രിക്കൻ, പടിഞ്ഞാറൻ പസഫിക്, യൂറോപ്യൻ മേഖലകളില്‍ കോവിഡ് കേസുകളുടെ വർധനയുടെ നിരക്ക് സ്ഥിരമായി തുടരുന്നുവെന്ന് ലോകാരോഗ്യ സംഘടന. അതേസമയം, ആഗോളതലത്തിൽ കോവിഡ് മരണങ്ങൾ 10 ശതമാനം കുറഞ്ഞതായും ലോകാരോ​ഗ്യ സംഘടനയുടെ മഹാമാരി സംബന്ധിച്ച ഏറ്റവും പുതിയ പ്രതിവാര റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ആഫ്രിക്കയിൽ കേസുകളുടെ എണ്ണം 93 ശതമാനം വർധിച്ചു. ഒമിക്രോണ്‍ വകഭേദം വളരെ കുറവ് രാജ്യങ്ങളില്‍മാത്രമാണ് സ്ഥിരീകരിച്ചിട്ടുള്ളത് എങ്കിലും ലോകാരോ​ഗ്യ സംഘടനയുടെ ആറ് മേഖലയില്‍ നാലിലും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു. ഞായറാഴ്ചവരെ ലോകത്ത് ആകെ 28 കോടിയിലധികം പേര്‍ക്ക് കോവിഡ് ബാധിച്ചു. 52 ലക്ഷത്തിലധികം പേര്‍ ഇതുവരെ കോവിഡ് ബാധിച്ച്‌ മരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top