23 April Tuesday

രോ​ഗവ്യാപനം : ഡെൽറ്റയെ മറികടന്ന് ഒമിക്രോൺ ; കോവിഡിൽ 55% വർധനയെന്ന്‌ ലോകാരോ​ഗ്യസംഘടന

വെബ് ഡെസ്‌ക്‌Updated: Thursday Jan 13, 2022


ജനീവ
ഡെൽറ്റയെ കടത്തിവെട്ടി ഒമിക്രോൺ ലോകത്ത്‌ ഏറ്റവും കൂടുതൽ കോവിഡ്‌ വ്യാപിപ്പിക്കുന്ന വകഭേദമായി. ജനുവരി മൂന്നുമുതൽ ഒമ്പതുവരെയുള്ള ഒരാഴ്ച ലോകത്ത്‌ 1.5 കോടി പേർക്ക്‌ രോഗം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടനയുടെ പ്രതിവാര കോവിഡ്‌ റിപ്പോർട്ടിൽ പറയുന്നു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിവാര രോഗനിരക്കും മുൻ ആഴ്ചയേക്കാൾ 55 ശതമാനം വർധനയുമാണ് ഇത്‌. നിലവിൽ ലോകത്തെ കോവിഡ്‌ ബാധിതരിൽ 59 ശതമാനത്തിലും ഒമിക്രോൺ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്‌.

ആഫ്രിക്ക ഒഴികെ ലോകാരോഗ്യ സംഘടനയുടെ എല്ലാ മേഖലയിലും രോഗം കുതിച്ചുയർന്നു. തീവ്രവ്യാപനശേഷിയുള്ള ഒമിക്രോൺ വകഭേദമാണ്‌ ‘കോവിഡ്‌ സുനാമി’ക്ക്‌ കാരണമെന്നും റിപ്പോർട്ടിലുണ്ട്‌. തെക്കുകിഴക്ക്‌ ഏഷ്യയിലാണ്‌ രോഗികളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം ഉണ്ടായത്‌–- 400 ശതമാനം. ഇന്ത്യ, ടിമോർ ലെസ്റ്റ്‌, തായ്‌ലൻഡ്‌, ബംഗ്ലാദേശ്‌ എന്നിവിടങ്ങളിലാണ്‌ ഏറ്റവും കൂടുതൽ വർധനയുണ്ടായത്‌. ബ്രിട്ടനിലും അമേരിക്കയിലും ഒമിക്രോൺ വ്യാപനം ഉച്ചസ്ഥായിയിലെത്തിയെന്നാണ്‌ നിഗമനം. എന്നാൽ, മഹാമാരിയുടെ ഗതി ഏത്‌ വിധമായിരിക്കുമെന്ന്‌ പ്രവചിക്കാനാകാത്ത സ്ഥിതിയാണ്‌. അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ കോവിഡ്‌ രോഗികളിൽ 78 ശതമാനമാണ്‌ വർധന. ഏറ്റവും കൂടുതൽ രോഗികൾ യുഎസിലാണ്‌–- 46.10 ലക്ഷം. മുൻ ആഴ്‌ചയേക്കാൾ 73 ശതമാനം വർധന. യൂറോപ്പിൽ പുതിയ രോഗികളുടെ എണ്ണത്തിൽ 31 ശതമാനം വർധനയുണ്ടായി. ആഴ്ചകൾക്കുശേഷം ദക്ഷിണാഫ്രിക്കയിൽ കഴിഞ്ഞയാഴ്ച രോഗം സ്ഥിരീകരിച്ചരുടെ എണ്ണത്തിൽ കുറവുണ്ടായി.

ഒമിക്രോൺ വാക്‌സിനെ അതിജീവിക്കുമെന്നാണ്‌ പഠനങ്ങൾ സൂചിപ്പിക്കുന്നതെന്നും റിപ്പോർട്ട്‌ പറയുന്നു. ഒരാഴ്ചയിൽ ലോകത്ത്‌ 43,000 മരണവും സ്ഥിരീകരിച്ചു.

ജപ്പാനിൽ 
10,000 കടന്ന്‌ 
രോഗികൾ
നാലു മാസത്തിനുശേഷം ജപ്പാനിൽ കോവിഡ്‌ രോഗികളുടെ എണ്ണം 10,000 കടന്നു. ടോക്യോയിൽമാത്രം 2198 രോഗികൾ. മുൻ ദിവസത്തേതിനേക്കാൾ (962) ഇരട്ടിയിലധികമാണ് ഇത്‌. സെപ്തംബർ നാലിനുശേഷം ആദ്യമായാണ്‌ നഗരത്തിൽ ഒറ്റ ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 2000 കടക്കുന്നത്‌. രോഗം സ്ഥിരീകരിച്ചവരിൽ പാതിയും പൂർണ വാക്‌സിൻ സ്വീകരിച്ചവരാണ്‌.

റഷ്യയിൽ
6 മടങ്ങ്‌ 
വര്‍ധിക്കും
റഷ്യയിൽ ദിവസേന കോവിഡ്‌ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആറു മടങ്ങായി ഉയരാൻ സാധ്യതയെന്ന്‌ രാജ്യത്തെ പൊതുജനാരോഗ്യ ഏജൻസിയുടെ മേധാവി അന്ന പൊപോവ. രാജ്യത്തെ 80ൽ 35 മേഖലയിലും രോഗവ്യാപന നിരക്ക്‌ ദേശീയ ശരാശരിയേക്കാൾ മുകളിലാണ്‌. 2021  ഡിസംബർ അവസാന ആഴ്ചയെ അപേക്ഷിച്ച്‌ ദിവസേന രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നെങ്കിലും കൂടുതൽ ഒമിക്രോൺ സ്ഥിരീകരിക്കുന്നത്‌ ആശങ്കയുളവാക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top