19 April Friday

രാസപദാര്‍ഥവുമായി ട്രെയിന്‍ പാളംതെറ്റി ; ഓഹിയോ പ്രതിഷേധം പുകയുന്നു

വെബ് ഡെസ്‌ക്‌Updated: Friday Feb 17, 2023


കൊളംബസ്‌
കൊടുംവിഷമായ രാസപദാര്‍ഥവുമായി പോയ ട്രെയിൻ പാളംതെറ്റിയതിനെത്തുടർന്ന്‌ സ്‌ഫോടനമുണ്ടായ അമേരിക്കയിലെ ഓഹിയോയിൽ രണ്ടാഴ്ചയ്ക്കുശേഷം നാട്ടുകാര്‍ അരക്ഷിതാവസ്ഥയിൽ. ജനരോഷം ശക്തമാകുന്നതിനിടെ, ബുധൻ രാത്രി നടക്കാനിരുന്ന യോഗത്തിൽനിന്ന്‌ ട്രെയിൻ കമ്പനിയായ നോർഫോക്ക്‌ സതേൺ കോർപറേഷൻ പിന്മാറി.

മൂന്നിനാണ്‌ ഓഹിയോയിലെ ഈസ്റ്റ്‌ പലസ്തീനിൽ വിനിൽ ക്ലോറൈഡ്‌ എന്ന രാസവസ്തുവുമായെത്തിയ ട്രെയിനിന്റെ പത്ത്‌ ബോഗി പാളംതെറ്റിയത്‌. രാസവസ്തു ചോർന്നതിനെത്തുടർന്ന്‌ വലിയ സ്‌ഫോടനമുണ്ടായി. വലിയ ദുരന്തം ഒഴിവാക്കാൻ അടിയന്തര രക്ഷാപ്രവർത്തകരെത്തി രാസവസ്തു നിയന്ത്രിത അളവിൽ പുറത്തുവിട്ടു. അപകടമുണ്ടായി ഒരു മൈൽ ദൂരത്തുള്ളവരെ സുരക്ഷിത ഇടത്തേക്ക്‌ മാറ്റിപ്പാർപ്പിച്ചു.

ദുരന്തമുണ്ടായി 13 ദിവസം കഴിഞ്ഞതിനാൽ പ്രദേശം നിലവിൽ സുരക്ഷിതമാണെന്ന്‌ അധികൃതർ പറയുന്നു. എന്നാൽ, അന്തരീക്ഷത്തിൽ ഇപ്പോഴും രാസവസ്തു മണക്കുന്നുണ്ടെന്ന്‌ നാട്ടുകാര്‍. പ്രദേശത്തെ അരുവിയിൽ മീനുകൾ കൂട്ടമായി ചത്തുപൊങ്ങി. നാട്ടുകാരുടെ ആശങ്കപരിഹരിക്കാന്‍ അയ്യായിരത്തോളം വരുന്ന പ്രദേശവാസികളുമായി സംവദിക്കാനാണ്‌ ബുധനാഴ്ച രാത്രി യോഗം വിളിച്ചത്‌. എന്നാല്‍ റെയിൽവേ കമ്പനി അവസാനനിമിഷം പിന്മാറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top