27 September Wednesday

അവസരം നഷ്‌ടപ്പെട്ട മലയാളി നഴ്‌സു‌മാർക്ക് വഴി തുറന്നു ബ്രിട്ടൻ

തോമസ്‌ പുത്തിരിUpdated: Saturday Oct 1, 2022

ലണ്ടൻ > ഇംഗ്ലീഷ് എന്ന പരീക്ഷയിൽ കുടുങ്ങി നഴ്‌സിംഗ് ജോലി ചെയ്യാൻ കഴിയാതെ ബ്രിട്ടനിൽ ദുരിതം അനുഭവിക്കുന്ന ആയിരക്കണക്കിന്  മലയാളികൾക്ക് വാതിൽ തുറന്ന് ബ്രിട്ടൻ. ബ്രിട്ടനിലുള്ള മലയാളി നേഴ്‌സ്‌മാർക്ക്  ഇംഗ്ലീഷ് ടെസ്റ്റ്‌ പാസാകാതെ തന്നെ അടുത്ത ജനുവരി മുതൽ  നേഴ്‌സ് ആയി രെജിസ്‌റ്റർ  ചെയ്യാൻ അവസരം.  

യു കെ യിലെ  നഴ്‌സിംഗ് ആൻഡ്‌ മിഡ് വൈഫറി കൗൺസിൽ (എൻഎംസി)  സെപ്‌റ്റംബർ 28നു ചേർന്ന യോഗത്തിലാണ്  അടിസ്ഥാനപരായ ഈ നയംമാറ്റ തീരുമാനം എടുത്തത്. ഇതിലൂടെ ഇന്ത്യയിലും (മറ്റു വിദേശ രാജ്യങ്ങളിലും) നഴ്‌സിംഗ് പഠനം പൂർത്തിയാക്കി ബ്രിട്ടനിൽ വന്നിട്ടും  നഴ്‌സിംഗ് രെജിസ്‌ട്രേഷൻ ചെയ്യാൻ കഴിയാതെ കെയറർ ആയി ജോലി ചെയ്യുന്ന ആയിരക്കണക്കിന് നഴ്‌സിംഗ് പ്രഫഷനലുകൾക്ക് നേഴ്‌സ്‌ ആയി ജോലി ചെയ്യാനുള്ള അവസരമായി.

ഇതുവരെ ഉള്ള നിയമപ്രകാരം അന്താരാഷ്‌ട്ര  നിലവാരമുള്ള  ഇംഗ്ലീഷ് ടെസ്‌റ്റുകൾ പാസായാൽ മാത്രമേ ബ്രിട്ടനിൽ നഴ്‌സിംഗ്  റെജിസ്‌ട്രേഷൻ നടത്താൻ കഴിയുമായിരുന്നുള്ളൂ. ഉന്നത നിലവാരത്തിലുള്ള ഇത്തരം ഇംഗ്ലീഷ് ടെസ്റ്റുകൾ പാസാകാൻ കഴിയാത്തത് കൊണ്ട് മാത്രം ആയിരക്കണക്കിന് മലയാളികളടക്കമുള്ള  വിദേശ നേഴ്‌സ്‌മാർ ബ്രിട്ടനിൽ വന്നു  നഴ്‌സിംഗ് കെയറർ ആയി ജോലി ചെയ്‌തുവരുന്നുണ്ട്.

നഴ്‌സിംഗ് പഠനം ഇംഗ്ലീഷിലാണ് എന്നും, കൂടാതെ  തങ്ങൾ ഇപ്പോൾ ജോലി  ചെയ്യുന്ന ബ്രിട്ടനിലെ  സ്ഥാപനത്തിൽ നിന്നും നഴ്‌സിംഗ് പ്രഫഷന്   ആവശ്യമായ ഇംഗ്ലീഷ് പ്രാവീണ്യം ഉണ്ട് എന്നുള്ള സർട്ടിഫിക്കറ്റും, അതോടൊപ്പം ബ്രിട്ടനിലെ രണ്ടു വർഷത്തെ പ്രവർത്തി പരിചയവും കൂടിയായാൽ ഇംഗ്ലീഷ് ടെസ്‌റ്റ്‌ പാസാകാതെ തന്നെ നേഴ്‌സ് ആയി  രെജിസ്‌ട്രേഷൻ ചെയ്യാം എന്നാണ് ചങഇ പുതുതായി കൊണ്ടുവന്ന തീരുമാനം.

ഈ തീരുമാനത്തിലൂടെ ബ്രിട്ടനിൽ ജോലി ചെയ്യുന്ന വിദേശ  നേഴ്‌സ്‌മാർക്ക്   ഇംഗ്ലീഷ് ടെസ്‌റ്റ്‌ പാസാകാതെ തന്നെ നഴ്‌സിംഗ്  രെജിസ്ട്രേഷൻ നടത്താൻ  കഴിയും. അടുത്ത വർഷം  ജനുവരി മുതൽ പുതിയ തീരുമാനം നടപ്പിൽ വരും.  കേരളത്തിൽ നിന്ന് മാത്രം   ഏകദേശം 25000 ൽ അധികം നേഴ്സ് മാർ കെയറർ ആയി ബ്രിട്ടനിൽ  ചെയ്‌തു‌വരുന്നുണ്ട് എന്നാണു ഔദ്യോഗികമല്ലാത്ത ഏകദേശ കണക്ക്.  അവർക്കെല്ലാം സേവനം ചെയ്യാനുള്ള  അവസരം അടുത്ത ജനുവരി   മുതൽ ഉണ്ടാകും.

നഴ്‌സിംഗ് രംഗത്തു വിദേശ  നേഴ്‌സ്‌‌‌മാർ  നേരിടുന്ന വിവേചനത്തിനു പരിഹാരം കാണണമെന്നു ആവശ്യപ്പെട്ടു വർഷങ്ങളായി നിരവധി ക്യാമ്പയിനുകൾ ബ്രിട്ടനിലെ മലയാളി സമൂഹം നടത്തിവരുന്നുണ്ട്. ബ്രിട്ടനിലെ എം പി മാരുടെയും മുനിസിപൽ   കൗൺസിലുകളുടെയും ട്രേഡ് യൂണിയനുകളുടെയും  സഹകരണത്തോടെ നിരവധി വർഷങ്ങളായി   നടത്തിവന്ന   ക്യാമ്പയിന്റെ ഫലമായാണ് ഇത്തരത്തിലുള്ള ഒരു നേട്ടം കൈവരിക്കാൻ കഴിഞ്ഞത്.

2015 ൽ മലയാളി പ്രതിനിധികൾ ബ്രിട്ടീഷ്   പാർലമെന്റ്  ലോബി ഹാളിൽ  50 ഓളം എം പി മാരെ നേരിൽ കണ്ടു വിഷയം അവതരിപ്പിച്ചു.  ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയുടെ ഔദ്യോഗിക  വസതിയിൽ ചെന്ന് നിവേദനവും സമർപ്പിച്ചു.  കേംബ്രിഡ്ജ് സിറ്റി  കൗൺസിൽ   ഏകകണ്‌ഠമായി പ്രമേയവും പാസ്സാക്കി. തുടർന്ന് 30 ജനുവരി 2020 ൽ  കേംബ്രിഡ്‌ജ് സിറ്റി കൌൺസിൽ ലീഡർ ല്യൂവിസ് ഹെർബെർട്ട് ന്റെ നേതൃത്വത്തിൽ  മലയാളി പ്രതിനിധികൾ എൻഎംസി ചീഫ് എക്‌സക്യൂട്ടീവ് ആണ്ട്‌റിയ സട്ക്ക്ളിഫ്,  ഡയറക്‌ടർ ഓഫ്  റെജിസ്ട്രേഷൻ എമ ബ്രോഡ്ബെന്റ്  എന്നിവരെ കണ്ടു  വിദേശ നേഴ്സ് മാർ നേരിടുന്ന പ്രശ്‌നങ്ങളെ  കുറിച്ചുള്ള  വിശദമായ  സർവ്വേ പഠനം സമർപ്പിച്ചു.

വിദേശ നേഴ്‌സ്‌‌മാരുടെ ആവശ്യം പരിഗണിച്ചു നടത്തിയ കൺസൽട്ടെഷ നിൽ എൻഎംസി ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും, 34000 പേർ ഇതുമായി ബന്ധപ്പെട്ട  അഭിപ്രായന്വേഷണത്തോട് സഹകരിക്കുകയും ചെയ്‌തുവെന്ന് എൻഎംസി ചീഫ് ഡയറക്‌ടർ ഓഫ് സ്‌ട്രാറ്റജി ആൻഡ്‌ ഇൻസൈറ്റ് പറഞ്ഞു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top