24 April Wednesday

അണുവായുധ നിയന്ത്രണ ഉടമ്പടി പുതുക്കാൻ ബൈഡൻ ; റഷ്യ അനുകൂലം

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021


വാഷിങ്‌ടൺ
അമേരിക്കയും റഷ്യയും തമ്മിലുള്ള പുതിയ ‘സ്‌റ്റാർട്ട്‌’ ഉടമ്പടി അഞ്ച്‌ വർഷത്തേക്ക്‌ നീട്ടാൻ ബൈഡൻ സർക്കാർ നിർദേശം മുന്നോട്ടുവച്ചു. ഫെബ്രുവരി അഞ്ചിന്‌ കാലാവധി തീരുന്ന ഉടമ്പടി പുതുക്കാനുള്ള നിർദേശത്തെ റഷ്യ സ്വാഗതം ചെയ്‌തു. നിർദേശത്തിന്റെ വിശദാംശങ്ങൾക്കായി കാക്കുകയാണെന്നും റഷ്യ അറിയിച്ചു. ഉടമ്പടി നിലനിർത്തുന്നതിന്‌ വേഗത്തിൽ നടപടിയെടുക്കാൻ റഷ്യ തയ്യാറാണെന്ന്‌ വിദേശമന്ത്രി സെർജി ലാവ്‌റോവ്‌ തിങ്കളാഴ്‌ച വ്യക്തമാക്കിയിരുന്നു. ഇരുരാജ്യങ്ങളുടെയും അണുവായുധ വിന്യാസത്തിന്‌ പരിധി നിശ്ചയിച്ച പുതിയ സ്‌റ്റാർട്ട്‌ ഉടമ്പടി 2010ൽ ബൈഡൻ വൈസ്‌ പ്രസിഡന്റായിരിക്കെ പ്രസിഡന്റ്‌ ബറാക്‌ ഒബാമയും റഷ്യൻ പ്രസിഡന്റ്‌ ദിമിത്രി മെദ്‌വെദെവുമാണ്‌ ഒപ്പിട്ടത്‌.

തന്ത്രപ്രധാന അണുവായുധ വിന്യാസം 1550ലും മിസൈലുകളുടെയും ബോംബറുകളുടെയും വിന്യാസം 700ലും പരിമിതപ്പെടുത്തിയ ഉടമ്പടി ആണവ കേന്ദ്രങ്ങളിൽ പരിശോധനയും വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌. ഉടമ്പടി അമേരിക്കയ്‌ക്ക്‌ ഗുണകരമല്ല എന്ന നിലപാടെടുത്ത മുൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ പുതിയ ഉപാധികൾ നിർദേശിച്ചിരുന്നു. 1991ൽ അമേരിക്കയും സോവിയറ്റ്‌ യൂണിയനും തമ്മിൽ ഒപ്പിട്ട ഒന്നാം സ്‌റ്റാർട്ട്‌‌ ഉടമ്പടിയുടെ തുടർച്ചയായ ഇത്‌ ഇരുരാജ്യങ്ങളും തമ്മിൽ അവശേഷിക്കുന്ന ഏക ആയുധ നിയന്ത്രണ ഉടമ്പടിയാണ്‌. 1987ൽ ഒപ്പിട്ട മധ്യദൂര ആണവ സേനാ ഉടമ്പടിയിൽനിന്ന്‌ 2019ൽ ഇരുരാജ്യങ്ങളും പിന്മാറിയിരുന്നു. സൈനിക കേന്ദ്രങ്ങളിൽ പരസ്‌പരം വ്യോമനിരീക്ഷണം അനുവദിക്കുന്ന ‘തുറന്ന ആകാശ ഉടമ്പടിയിൽനിന്ന്‌ ട്രംപ്‌ സർക്കാർ പിന്മാറിയതിനാൽ തങ്ങളും പിന്മാറുന്നതായി റഷ്യ അടുത്തയിടെ അറിയിച്ചിരുന്നു.

2010ലെ പുതിയ സ്‌റ്റാർട്ട്‌‌ ഉടമ്പടി അമേരിക്കയുടെ ദേശീയ സുരക്ഷാ താൽപര്യത്തിന്‌ അനുസൃതമായുള്ളതാണെന്ന്‌ പ്രസിഡന്റ്‌ ബൈഡന്‌ പണ്ടേ വ്യക്തമാണെന്ന്‌ വൈറ്റ്‌ഹൗസ്‌ വക്താവ്‌ ജെൻ പിസാകി പറഞ്ഞു. ഇതിലെ നിയന്ത്രണങ്ങൾ തുടർന്നും റഷ്യയ്‌ക്ക്‌ ബാധകമാക്കാൻ ശ്രമിക്കുന്നതുപോലെ സോളാർവിൻഡ്‌സ്‌ സൈബർ ലംഘനം, 2020ലെ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ, റഷ്യൻ പ്രതിപക്ഷ നേതാവ്‌ അലെക്‌സെയ്‌ നവാൽനിക്ക്‌ എതിരെ ഉണ്ടായതായി പറയുന്ന രാസായുധ പ്രയോഗം, അഫ്‌ഗാനിസ്ഥാനിലെ അമേരിക്കൻ സൈനികരെ വധിക്കാൻ റഷ്യ ഇനാം പ്രഖ്യാപിച്ചതായ റിപ്പോർട്ട്‌ തുടങ്ങിയ കാര്യങ്ങളിൽ പൂർണ അവലോകനത്തിനും ബൈഡൻ രഹസ്യാന്വേഷണ വിഭാഗത്തെ ചുമതലപ്പെടുത്തുന്നുണ്ടെന്ന്‌ വക്താവ്‌ പറഞ്ഞു.

ഉടമ്പടി പുതുക്കണമെന്ന്‌ നാറ്റോ സെക്രട്ടറി ജനറൽ ജെൻസ്‌ സ്‌റ്റോൾട്ടെൻബെർഗ്‌ വ്യാഴാഴ്‌ച ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടിരുന്നു. ചൈനയെ കൂടി ഉൾപ്പെടുത്തി ഉടമ്പടി വിപുലമാക്കണം എന്നും നാറ്റോ അഭിപ്രായപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top