26 April Friday

റഷ്യൻ വാതക പൈപ്പ്‌ ലൈനിൽ ചോർച്ച ; അട്ടിമറിയെന്ന്‌ സംശയം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022


കോപ്പൻഹേഗൻ
റഷ്യയിൽനിന്ന്‌ യൂറോപ്പിലേക്ക്‌ പ്രകൃതിവാതകം എത്തിക്കുന്ന നോർഡ്‌ സ്‌ട്രീം പൈപ്പ്‌ ലൈനുകളിൽ അട്ടിമറിയെന്ന്‌ സംശയം. ഡെന്മാർക്കിനു സമീപം ബാൾട്ടിക്‌ കടലിൽക്കൂടി കടന്നുപോകുന്ന രണ്ടാം പൈപ്പ്‌ ലൈനിൽ തിങ്കളാഴ്ച ചോർച്ച കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ചയായതോടെ ഒന്നാം പൈപ്പ്‌ ലൈനിലെ മർദം അപകടകരമാംവിധം താഴ്‌ന്നതായും കണ്ടെത്തിയതോടെയാണ്‌ ഇവ സ്വാഭാവിക തകരാറല്ലെന്ന പ്രതീതി പരന്നത്‌.

രണ്ടാം പൈപ്പ്‌ ലൈൻ ഉപയോഗത്തിൽ ഉണ്ടായിരുന്നില്ല. നിർമാണം പൂർത്തിയായി പ്രവർത്തനസജ്ജമായിരുന്നെങ്കിലും ഡൊണെട്സ്ക്‌, ലുഹാൻസ്ക്‌ എന്നിവയെ സ്വതന്ത്ര റിപ്പബ്ലിക്കുകളായി റഷ്യ അംഗീകരിച്ചതിനെത്തുടർന്ന്‌ ജർമൻ ചാൻസലർ ഒലാഫ്‌ ഷോൾസ്‌ അനുമതി നിഷേധിക്കുകയായിരുന്നു. ഒന്നാം പൈപ്പ്‌ ലൈൻ വഴി മാസാദ്യംവരെ വാതകം എത്തിച്ചിരുന്നെങ്കിലും പിന്നീട്‌ റഷ്യ വിതരണം നിർത്തിവച്ചു. 

ദുരൂഹമായ ചോർച്ചയുടെയും മർദവ്യതിയാനത്തിന്റെയും കാരണം അന്വേഷിക്കുമെന്ന്‌ റഷ്യ  പ്രഖ്യാപിച്ചു. നോർവേയിൽനിന്ന്‌ പോളണ്ടിലേക്ക്‌ ബാൾട്ടിക്‌ കടൽവഴി വാതകം എത്തിക്കുന്ന പുതിയ പൈപ്പ്‌ ലൈൻ ചൊവ്വാഴ്ച ഉദ്‌ഘാടനം ചെയ്‌തിരുന്നു.

ഓസ്‌കർ ബഹിഷ്‌കരിച്ച്‌ റഷ്യ
ഈ വർഷത്തെ ഓസ്കർ അവാർഡിന് റഷ്യയിൽനിന്ന്‌ ചിത്രങ്ങൾ അയക്കില്ലെന്ന്‌ റഷ്യൻ ഫിലിം അക്കാദമി അറിയിച്ചു. ഉക്രയ്‌ൻ–- റഷ്യ സംഘർഷത്തെതുടർന്ന്‌ റഷ്യക്ക്‌ ഏർപ്പെടുത്തിയ ഉപരോധത്തിന്റെ സാഹചര്യത്തിലാണ്‌ തീരുമാനം. ഏകകണ്‌ഠമായാണ്‌ തീരുമാനം കൈക്കൊണ്ടതെന്ന്‌ റഷ്യൻ ഫിലിം അക്കാദമി പ്രസീഡിയം അറിയിച്ചു.ചിത്രങ്ങൾ തെരഞ്ഞെടുക്കാനുള്ള സമിതിയുടെ തലപ്പത്തുനിന്ന്‌ റഷ്യൻ സംവിധായകൻ പവൽ ചുഖ്രെ സ്ഥാനത്തുനിന്ന്‌ രാജിയും സമർപ്പിച്ചു.    ഇതാദ്യമായാണ്‌ റഷ്യ ഓസ്‌കർ അവാർഡ്‌ ബഹിഷ്‌കരിക്കുന്നത്‌. 2023 മാർച്ച് 12നാണ്‌ ഓസ്‌കർ അക്കാദമി അവാർഡ്‌ദാന ചടങ്ങ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top