ടൊറന്റോ
ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ വധത്തിനു പിന്നിൽ ഇന്ത്യയെന്ന ക്യാനഡയുടെ ആരോപണം ഫോണ്‍വിളിയടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് കനേഡിയന്‍ മാധ്യമം. ക്യാനഡയിലുള്ള ഇന്ത്യൻ നയതന്ത്രജ്ഞർ തമ്മിലും ഇവർ ഇന്ത്യയിലെ ഉദ്യോഗസ്ഥരുമായും നടത്തിയ ആശയവിനിമയത്തിന്റെ രേഖകൾ തെളിവായി ലഭിച്ചിട്ടുണ്ടെന്ന് ക്യാനഡ അധികൃതരെ ഉദ്ധരിച്ച് കനേഡിയൻ ബ്രോഡ്‌കാസ്റ്റിങ് കോർപറേഷൻ റിപ്പോർട്ട് ചെയ്തു. അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളും ക്യാനഡയും ഉള്‍പ്പെട്ട ‘ഫൈവ് ഐസ്’ രഹസ്യാന്വേഷണ കൂട്ടായ്മയാണ് തെളിവുകള്‍ കൈമാറിയതെന്നും റിപ്പോർട്ടിലുണ്ട്.
ഇന്ത്യയെ പ്രകോപിപ്പിക്കുക ലക്ഷ്യമല്ലെന്നും ഇന്ത്യ അന്വേഷണവുമായി സഹകരിക്കണമെന്നും ക്യനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞദിവസവും ആവശ്യപ്പെട്ടു.
അതേസമയം, ജി 20 ഉച്ചകോടിക്കെത്തിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച ചെയ്തിരുന്നതായും റിപ്പോർട്ടുണ്ട്. ഫൈവ് ഐസ് കൂട്ടായ്മയിലെ മറ്റ് രാഷ്ട്ര നേതാക്കളും വിഷയം മോദിയുമായി സംസാരിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ആർക്കും പ്രത്യേക
പരിഗണനയില്ല: അമേരിക്ക
നിജ്ജാറിന്റെ കൊലപാതകത്തിലെ ഇന്ത്യൻ ബന്ധം അന്വേഷിക്കുന്നതിൽ ക്യാനഡയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. ട്രൂഡോയുടെ ആരോപണം വന്നപ്പോൾത്തന്നെ ഈ നിലപാട് വ്യക്തമാക്കിയിരുന്നെന്നും അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ പറഞ്ഞു.
വിശദാന്വേഷണത്തിൽ യഥാർഥ വിവരങ്ങൾ പുറത്തുവരണം. വിഷയം ഇന്ത്യൻ അധികൃതരുമായും ചർച്ച ചെയ്തു. അന്വേഷണത്തിന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു. ഒരു രാജ്യത്തിനും പ്രത്യേക ഇളവില്ല–- സള്ളിവൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..