18 April Thursday

സാമൂഹ്യസുരക്ഷാ ഫണ്ടിന്‌ ധാരണ ; വെനസ്വേല സർക്കാരും പ്രതിപക്ഷവും കരാറൊപ്പിട്ടു

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022



മെക്സിക്കോ സിറ്റി
വെനസ്വേലയ്ക്ക് ആരോഗ്യം, ഭക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ മുടങ്ങിക്കിടക്കുന്ന അന്താരാഷ്‌ട്ര ധനസഹായം ലഭ്യമാക്കാൻ ധാരണ.
പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ പ്രതിനിധികളും പ്രതിപക്ഷ പ്രതിനിധികളും തമ്മിൽ മെക്‌സിക്കൻ വിദേശമന്ത്രാലയത്തിൽവച്ച്‌ കരാറൊപ്പിട്ടു. നോർവെയുടെ മധ്യസ്ഥതയിലായിരുന്നു കരാറൊപ്പിടൽ. യുഎൻ മാനദണ്ഡങ്ങൾക്ക്‌ അനുസൃതമായി സാമൂഹ്യസുരക്ഷാ ഫണ്ടുകൾ ലഭ്യമാക്കാനാണ്‌ കരാർ.

ഡോണൾഡ് ട്രംപ്‌ പ്രസിഡന്റായിരിക്കുമ്പോൾ യുഎസ് വെനസ്വേലയ്‌ക്കെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരുന്നു. സ്വയം പ്രസിഡന്റായി പ്രഖ്യാപിച്ച യുവാൻ ഗുഅയിഡോയ്‌ക്ക്‌ യുഎസ്‌ പിന്തുണയും നൽകി. മഡൂറോ അധികാരത്തിലെത്തിയതോടെ യുഎസ്‌ ഏർപ്പെടുത്തിയ വിലക്കിന്റെ ഭാഗമായി മരവിപ്പിച്ച സാമൂഹ്യസുരക്ഷാ ഫണ്ടുകൾ വെനസ്വേലയിലെ ജനങ്ങൾക്ക്‌ ലഭ്യമാക്കാൻ ഉതകുന്നതാണ്‌ ഇപ്പോഴത്തെ കരാർ. ജനങ്ങളുടെ സാമൂഹ്യസുരക്ഷയെ മുൻനിർത്തിയാണ്‌ യുവാൻ ഗുഅയിഡോ വിഭാഗവുമായി മുടങ്ങിക്കിടന്നിരുന്ന ചർച്ചകൾ മഡൂറോ സർക്കാർ പുനരാരംഭിച്ചത്‌.  അമേരിക്കൻ എണ്ണക്കമ്പനിയായ ഷെവ്‌റോണിന്‌ വെനസ്വേലയിൽനിന്ന്‌ എണ്ണ പമ്പ്‌ ചെയ്യാൻ യുഎസ്‌ സർക്കാർ അനുമതി നൽകിയതായും റിപ്പോർട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top