20 April Saturday

ഒറ്റപ്പെടുത്തരുത് ; ഒറ്റക്കെട്ടായി നേരിടാമെന്ന്‌ ദക്ഷിണാഫ്രിക്ക

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021


ജൊഹന്നാസ്ബര്‍​ഗ്
കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പേരില്‍ തങ്ങള്‍ ശിക്ഷിക്കപ്പെടുകയാണെന്ന് ദക്ഷിണാഫ്രിക്ക.  വകഭേദങ്ങളെ നേരത്തേ കണ്ടെത്താനാകുംവിധം ദക്ഷിണാഫ്രിക്കയില്‍ ശാസ്ത്ര സാങ്കേതിക മേഖല കൈവരിച്ചിരിക്കുന്ന വളര്‍ച്ചയാണ് ചോദ്യം ചെയ്യപ്പെടുന്നതെന്ന് അന്താരാഷ്ട്ര ബന്ധ–- സഹകരണ വിഭാ​ഗം (ഡിഐആര്‍സിഒ) പ്രസ്താവനയില്‍ അറിയിച്ചു. വേണ്ടത്ര ആലോചനയില്ലാതെ കടുത്ത നയങ്ങള്‍ കൈക്കൊള്ളുന്നതില്‍നിന്ന് ലോകനേതാക്കള്‍ പിന്മാറണമെന്നും പ്രസ്താവനയിൽ അഭ്യർഥിച്ചു.

പുതിയ  വകഭേദം കണ്ടെത്തിയതിന് പിന്നാലെ നിരവധി രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലും പുതിയ വകഭേദങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും ആ രാജ്യങ്ങളോടുള്ള പ്രതികരണം ദക്ഷിണാഫ്രിക്കയോടുള്ളതില്‍നിന്ന് തികച്ചും വ്യത്യസ്തമാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. യാത്രാവിലക്ക് ഏർപ്പെടുത്താനുള്ള രാജ്യങ്ങളുടെ നീക്കത്തെ വിദേശകാര്യ മന്ത്രി നലെഡി പന്ദോർ വിമർശിച്ചു.

തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കുന്നതിന് ആവശ്യമായ മുൻകരുതൽ കൈക്കൊള്ളാനുള്ള രാജ്യങ്ങളുടെ അവകാശത്തെ മാനിക്കുന്നുണ്ടെന്നും അതേസമയം, ഈ പ്രതിസന്ധി നേരിടുന്നതിന് സഹകരണവും വൈദഗ്ധ്യം പങ്കിടലും ആവശ്യമാണെന്ന് ഓര്‍ക്കണമെന്നും പന്ദോർ കൂട്ടിച്ചേർത്തു.യാത്രാ നിരോധനം തെറ്റിദ്ധാരണകളുടെ ഫലമായി ഉണ്ടാകുന്നതും നീതി രഹിതവുമാണെന്ന് ആരോഗ്യമന്ത്രി ജോ ഫാല പറഞ്ഞു. ലോകമെമ്പാടുമുണ്ടായിരിക്കുന്ന പ്രശ്നത്തിന് ഏതാനും ചിലരെ ബലിയാടാക്കാനാണ് ആ​ഗോള ശക്തികളുടെ ശ്രമം. രണ്ടാഴ്ച മുമ്പുവരെ 300 കേസ്‌ രേഖപ്പെടുത്തിയയിടത്ത് നിലവില്‍ 3000 കേസിലേക്കുള്ള വര്‍ധന ജാ​ഗ്രതയോടെ പരിശോധിക്കുന്നുണ്ട്. എന്നാല്‍, ദക്ഷിണാഫ്രിക്കയെ ഒറ്റപ്പെടുത്താന്‍ മുന്‍പന്തിയിലുള്ളത് പ്രതിദിനം നാല്‍പ്പതിനായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top