26 April Friday

ദക്ഷിണാഫ്രിക്കയിൽ പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു; ഒമിക്രോൺ വകഭേദം സ്ഥിരീകരിക്കുന്നവരിൽ ഗുരുതര ലക്ഷണങ്ങൾ ഇല്ല

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021

ജൊഹന്നാസ്ബർ​ഗ് > കൊറോണ വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ  ദക്ഷിണാഫ്രിക്കയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്നു. ഞായറാഴ്ച അയ്യായിരത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച മൂവായിരത്തി അഞ്ഞൂറോളം കേസുകളായിരുന്നു സ്ഥിരീകരിച്ചത്. രണ്ടാഴ്ചയ്‌ക്ക് മുമ്പ്‌ 300ൽ താഴെ മാത്രം പ്രതിദിന കേസുകൾ ഉണ്ടായിരുന്ന സ്ഥാനത്താണിത്.   മറ്റ് പല അഫ്രിക്കൻ രാജ്യങ്ങളും ജർമനി, ഇറ്റലി, ഇസ്രയേല്‍, നെതര്‍ലാന്‍ഡ്സ്, ഓസ്‌ട്രേലിയ, മാലദ്വീപ്, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിലും ഒമിക്രോൺ വകഭേദത്തിന്റെ പുതിയ കേസുകൾ കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയില്‍ ഏതു സമയവും ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കാമെന്നാണ് പ്രസിഡന്റിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആന്റണി ഫൗസി അഭിപ്രായപ്പെട്ടത്.

ഡെൽറ്റയെക്കാൾ ഇരട്ടി മ്യൂട്ടേഷനുകൾ ഉള്ളതിനാൽ പുതിയ വകഭേദം കൂടുതൽ അപകടകരമാണെന്നാണ് വിദഗ്ധാഭിപ്രായം. വൈറസിന്റെ തീവ്രത, വാക്സിൻ ഫലപ്രാപ്തി എന്നിവ സംബന്ധിച്ച് പഠനങ്ങൽ നടക്കുകയാണ്. ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകാൻ ആഴ്ചകൾ കാത്തിരിക്കേണ്ടതുണ്ട്. ജർമനിയിലാണ് നിലവിൽ ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. അമ്പതിനായിരത്തിന് മുകളിലാണ് ഇവിടെ പ്രതിദിന കേസുകൾ. ഫ്രാൻസ്, ബ്രിട്ടൻ, റഷ്യ, അമേരിക്ക എന്നിവടങ്ങളിലും കേസുകളുടെ എണ്ണം കൂടുതലാണ്. വേൾഡോമീറ്ററിന്റെ കണക്ക് പ്രകാരം 52,15,830 പേർ ലോകത്താകെ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു.

ഗുരുതര ലക്ഷണങ്ങൾ ഇല്ല
ഒമിക്രോൺ വകഭേദം സ്ഥിരീകരിക്കുന്നവരിൽ ​​ഗുരുതരമായ രോ​ഗലക്ഷണങ്ങൾ ഉണ്ടാകുന്നതായി റിപ്പോർട്ടില്ലെന്ന് ദക്ഷിണാഫ്രിക്കൻ മെഡിക്കൽ അസോസിയേഷൻ (സാമ) ചെയർമാൻ ആഞ്ചലിക് കോറ്റ്‌സി പറഞ്ഞു. ഡെൽറ്റയിൽ‌ നിന്ന് വ്യത്യസ്തമായ രോ​ഗലക്ഷണങ്ങളാണ് ഇവരിൽ കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ കുറേ ആഴ്ചകളായി രോ​ഗ ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തുന്നവരുടെ എണ്ണം ആഴ്ചയിൽ ഒന്നോ രണ്ടോ ആയിരുന്നു. ഒമിക്രോൺ സ്ഥിരീകരിച്ചതിനും കേസുകൾ വർധിച്ചതിനും ശേഷം ഇത് കൂടി. പുതിയ വകഭേദം ചെറുപ്പക്കാരിലും വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒമിക്രോൺ സ്ഥിരീകരിക്കുന്ന ആരോ​ഗ്യവാന്മാരായ പുരുഷന്മാരിലടക്കം പൊതുവെ കടുത്ത ക്ഷീണം, ശരീരവേദന, തലവേദന, തൊണ്ടയിൽ കരകരപ്പ് എന്നിവയുണ്ടാകുന്നുണ്ട്. ചുമയോ, രുചിയോ മണമോ ഇല്ലാതാകുന്ന അവസ്ഥയോ റിപ്പോർട്ട് ചെയ്തിട്ടില്ല. രോ​ഗിയുമായി സമ്പർക്കത്തിൽ വരുന്നവരിൽ മുമ്പത്തേക്കാൾ വൈറസ് ബാധ സ്ഥിരീകരിക്കുന്നതായും റിപ്പോർട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top