29 March Friday

സുഡാനിൽ എംബസികൾ പൂട്ടി ; യുഎൻ ജീവനക്കാരെ 
പുനർവിന്യസിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 25, 2023


ഖാർത്തൂം
സൈന്യവും അർധസൈനിക വിഭാഗമായ റാപ്പിഡ്‌ സപ്പോർട്ട്‌ ഫോഴ്‌സസും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്ന സുഡാനിൽ ക്യാനഡയും സ്വീഡനും സ്വിറ്റ്‌സർലൻഡും എംബസി പ്രവർത്തനങ്ങൾ നിർത്തി. ജീവനക്കാരെ വിമാനമാർഗം അയൽ രാജ്യങ്ങളിൽ എത്തിച്ചു. ഐക്യരാഷ്‌ട്ര സംഘടന തങ്ങളുടെ വിവിധ സഹായ പദ്ധതികൾക്കായി സുഡാനിനിലുള്ള ജീവനക്കാരെ പുനർവിന്യസിച്ചു. താരതമ്യേന ഏറ്റുമുട്ടൽ കുറഞ്ഞ മേഖലകളിലേക്കാണ്‌ ജീവനക്കാരെ മാറ്റിയത്‌. എന്നാൽ യുഎൻ സന്നദ്ധ പ്രവർത്തകർ സുഡാൻ വിട്ടെന്ന വാർത്ത തെറ്റാണെന്നും പ്രവർത്തകർ സുഡാനിൽ തുടരുമെന്നും യുഎൻ അറിയിച്ചു.

തിങ്കളാഴ്‌ചയോടെ വിവിധ രാജ്യങ്ങളുടെ സേനകളുടെ നേതൃത്വത്തിലുള്ള ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ ഊർജിതമായി. ഏറ്റുമുട്ടൽ താരതമ്യേന കുറഞ്ഞ സ്ഥലങ്ങളിൽനിന്നാണ്‌ വിവിധ രാജ്യങ്ങളിലെ എംബസി ജീവനക്കാരെയും വിദേശ പൗരന്മാരെയും സ്വന്തം രാജ്യത്തേക്ക്‌ കൊണ്ടുപോകുന്നത്‌. ഖാർത്തൂമിൽ തിങ്കളാഴ്‌ച സമാധാന അന്തരീക്ഷമായിരുന്നു. ഇത്‌ രക്ഷാപ്രവർത്തനത്തിന്‌ സഹായകമായി. പടിഞ്ഞാറൻ പ്രവിശ്യയായ ഡാർഫറിലാണ്‌ ഏറ്റുമുട്ടൽ ശക്തമായി തുടരുന്നത്‌.

ജർമനി തങ്ങളുടെ 101 പൗരരെയും ഈജിപ്‌ത്‌ 436 പേരെയും വിമാനമാർഗം കൊണ്ടുപോയി. പതിനായിരത്തോളം ഈജിപ്‌ഷ്യൻ പൗരർ സുഡാനിലുണ്ടെന്നാണ്‌ കണക്ക്‌. ദക്ഷിണ കൊറിയയും ജപ്പാനും തങ്ങളുടെ പൗരരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ബ്രിട്ടൻ എംബസി ജീവനക്കാരെ ഒഴിപ്പിച്ചെങ്കിലും നാലായിരത്തോളം പൗരർ രാജ്യത്തുണ്ട്‌. ഏറ്റുമുട്ടലിൽ ഇതുവരെ 420 പേർ കൊല്ലപ്പെട്ടതായാണ്‌ റിപ്പോർട്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top