23 April Tuesday

പ്രതിസന്ധികള്‍ ചവിട്ടുപടികള്‍

വെബ് ഡെസ്‌ക്‌Updated: Monday Oct 24, 2022

ബീജിങ്‌ > ജനകീയ ചൈനാ റിപ്പബ്ലിക്കിന്റെ ഏഴാമത്‌ പ്രസിഡന്റാണ്‌ അറുപത്തൊമ്പതുകാരനായ ഷി ജിൻപിങ്‌. മുൻ പ്രസിഡന്റ്‌ ഹു ജിന്താവോയുടെ പിൻഗാമിയായി 2013 മാർച്ച്‌ പതിനാലിനാണ്‌ അധികാരമേറ്റത്‌. 2012ൽ നടന്ന സിപിസി 18–-ാം പാർടി കോൺഗ്രസിൽ ആദ്യമായി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 19–-ാം പാർടി കോൺഗ്രസിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

    ബീജിങ്ങിൽ 1953 ജൂൺ 15ന്‌ കമ്യൂണിസ്റ്റ്‌ നേതാവ്‌ ഷി ഷോങിന്റെയും ക്വിസിന്റെയും രണ്ടാമത്തെ മകനായി ജനനം. പിതാവ് ഷി സോങ് ഷുന്‍ മാവോയ്ക്ക് ഒപ്പം പ്രവര്‍ത്തിച്ച നേതാവായിരുന്നു. എന്നാല്‍ പിന്നീട് അനഭിമതനായി. ഏഴുവര്‍ഷത്തോളം കാര്‍ഷികവൃത്തിയ്ക്ക് നിയോ​ഗിക്കപ്പെട്ട ഷി ജിന്‍പിങ് പിന്നീട് പുനര്‍വിദ്യാഭ്യാസം നേടി. 1974ൽ 21-ാം വയസ്സില്‍ ഷി ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടി അംഗമായി. ബ്രാഞ്ച്‌ സെക്രട്ടറിയായും പ്രവർത്തിച്ചു. ബീജിങ്ങിലെ സിങ്‌ ഹുവാ സർവകലാശാലയിൽനിന്ന്‌ കെമിക്കൽ എൻജിനിയറിങ്ങിൽ ബിരുദംനേടി. 1979-ൽ പ്രതിരോധ മന്ത്രിയായിരുന്ന ഗെങ് ബിയാവോയുടെ സെക്രട്ടറിയായി മൂന്നു വർഷം പ്രവർത്തിച്ചു. 1982-ൽ ഹെബെയ് പ്രവിശ്യയിൽ സിസിപിയുടെ ഡെപ്യൂട്ടി സെക്രട്ടറിയായി.

1985ൽ സിയാമെൻ നഗരത്തിന്റെ വൈസ് മേയറായി. 2002ൽ ഫുജിയാൻ പ്രവിശ്യയുടെ ഗവർണർ. 2007ൽ പൊളിറ്റ്‌ ബ്യൂറോ സ്റ്റാൻഡിങ്‌ കമ്മിറ്റിയിലേക്ക്‌ തെരഞ്ഞടുക്കപ്പെട്ടു.  2008-ൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ വൈസ് പ്രസിഡന്റായി.   കെ ലിംഗ്ലിയാണ്‌ ആദ്യ ഭാര്യ. ഇവരുമായുള്ള ബന്ധം വേർപിരിഞ്ഞശേഷം 1987ൽ നാടോടി ഗായിക പെങ്‌ ലിയുവനെ വിവാഹം ചെയ്‌തു. ഷി മിങ്‌സെ മകളാണ്‌. ആറ്‌ സഹോദരങ്ങളുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top