23 April Tuesday

ടാഗോറും നെഹ്‌റുവും മാത്രമല്ല വിവേകാനന്ദനും ചൈന സന്ദർശിച്ചിട്ടുണ്ട്‌; അധികമാർക്കും അറിയാത്ത രഹസ്യവുമായി ഡോക്യുമെന്ററി ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020


ബീജിങ്‌ > സ്വാമി വിവേകാനന്ദനെക്കുറിച്ച്‌ അധികമാർക്കും അറിയാത്ത രഹസ്യവുമായി ഡോക്യുമെന്ററി ഒരുങ്ങുന്നു. ഷിക്കാഗോയിലെ സർവമത സമ്മേളനത്തിലെ പ്രസിദ്ധമായ പ്രസംഗത്തിനുള്ള യാത്രയ്‌ക്കിടയിൽ, 1893 ജൂൺ അവസാനം വിവേകാനന്ദൻ മൂന്നു ദിവസം ചൈനയിൽ കഴിഞ്ഞിട്ടുണ്ടെന്ന വിവരമാണ്‌ അതിലൂടെ പുറത്തുവരുന്നത്‌. ചൈനയിൽ ബിയാൻ ഷി ഫാഷി എന്നാണ്‌ വിവേകാനന്ദന്റെ പേര്‌. അവർ സ്‌നേഹത്തോടെ നൽകിയ ആത്മീയ പരിഭാഷ.

ബീജിങ്ങിലുള്ള ഇന്ത്യൻ മാധ്യമ പ്രവർത്തകനും എഴുത്തുകാരനും ഡോക്യുമെന്ററി സംവിധായകനുമായ സുവം പാലാണ്‌ ഡോക്യുമെന്ററിയുടെ ശിൽപ്പി. ചൈനയിലെ ഇന്ത്യൻ എംബസിയുടെ സ്വാമി വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രത്തിനും സാംസ്‌കാരിക വിനിമയത്തിനുള്ള ഇന്ത്യൻ കൗൺസിലിനുംവേണ്ടി ഡോക്യുമെന്ററിയുടെ നാലു മിനിറ്റ്‌ നീളുന്ന ടീസർ പുറത്തറിക്കി. ട്വിറ്ററും വീബോയും അടക്കം എംബസിയുടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇത്‌ പുറത്തുവിട്ടു. മാൻഡറിൻ, ഇംഗ്ലീഷ്‌ ഭാഷകളിലാണ്‌ ഡോക്യുമെന്ററി.

മുംബൈയിലെ ഗേറ്റ്‌വേ ഓഫ്‌ ഇന്ത്യയിൽനിന്ന്‌ 1893 മെയ്‌ 31ന്‌ പുറപ്പെട്ട കപ്പലിലായിരുന്നു വിവേകാനന്ദന്റെ ഷിക്കാഗോ യാത്ര. ഹോങ്‌കോങ്ങിൽ മൂന്നു ദിവസം തങ്ങിയ സ്വാമി അതിനിടെ ഗ്വാങ്‌ഷൂവിലേക്ക്‌ (പഴയ കാന്റൺ) ഒരു ഫെറിയിൽ പോയി. അവിടത്തെ ഒരു ബുദ്ധക്ഷേത്രം സന്ദർശിച്ചാണ്‌ തിരിച്ചുവന്നത്‌.

കൊൽക്കത്തയിലെ ചൈന കോൺസൽ ജനറൽ ഷാ ലിയൂവിൽനിന്നാണ്‌ സുവം പാൽ ഇതിനെക്കുറിച്ച്‌ അറിഞ്ഞത്‌. രാമകൃഷ്‌ണാ മഠത്തിന്റെ ‘പ്രബുദ്ധ ഭാരത’ മാസികയിൽ 2013ൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽനിന്നാണ്‌ ലിയു അറിഞ്ഞത്‌. തുടർന്ന്‌ നടത്തിയ അന്വേഷണത്തിൽ ചൈനക്കാർക്ക്‌ ഏറെ ആദരവുള്ള ഇന്ത്യൻ ദാർശനികനാണ്‌ വിവേകാനന്ദൻ എന്ന്‌ മനസ്സിലായി.

രവീന്ദ്രനാഥ ടാഗോറും നെഹ്‌റുവുമാണ്‌ അവിടെ വലിയ മതിപ്പുള്ള മറ്റ്‌ രണ്ട്‌ ഇന്ത്യക്കാർ. മൂന്നു തവണ ചൈന സന്ദർശിച്ച ടാഗോറിന്റെ കൃതികൾ വായിക്കാനും സ്വഭാഷയിലാക്കാനും പലരും ബംഗാളിയും ഇംഗ്ലീഷും പഠിച്ചു. 2009ൽ വിപ്ലവത്തിന്റെ 60–-ാം വാർഷികവേളയിൽ, ചൈനയുടെ ആധുനിക വളർച്ചയ്‌ക്ക്‌ സംഭാവന നൽകിയ 50 വിദേശികളെ കണ്ടെത്താൻ നടത്തിയ അഭിപ്രായ സർവേയിൽ ടാഗോറും നെഹ്‌റുവും ഇടംപിടിച്ചിരുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top