16 September Tuesday
പ്രതിദിനം 1600 പേർ പിരിച്ചുവിടപ്പെടുന്നു

ലക്ഷം ജീവനക്കാരെ പുറത്താക്കി ടെക്‌ കമ്പനികൾ ; 2023 ജനുവരിയിൽ മാത്രം പിരിച്ചുവിടപ്പെട്ടത്‌ 30000 പേർ

വെബ് ഡെസ്‌ക്‌Updated: Sunday Jan 22, 2023



സാൻഫ്രാൻസിസ്‌കോ
വൻകിട ടെക്‌ കമ്പനികൾ 2022ൽ പിരിച്ചുവിട്ടത്‌ ഒരു ലക്ഷത്തിലധികം ജീവനക്കാരെ. ഈ വർഷം ജനുവരിയിൽ മാത്രം 30000 പേർക്കാണ്‌ തൊഴിൽ നഷ്‌ടമായത്‌. 2023ല്‍ ടെക് മേഖലയില്‍നിന്നും പ്രതിദിനം 1600 പേര്‍ പുറത്തു പോകുന്നതായാണ്‌ കണക്ക്‌.

കോവിഡിന് ശേഷമുളള വിപണിയിലെ ആഘാതം, വരുമാന വളര്‍ച്ചയിലെ കുറവ്, സാമ്പത്തിക മാന്ദ്യം എന്നീ പ്രതിസന്ധികളെ മറികടക്കാനായാണ്‌ വിവിധ കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ്‌ റിപ്പോർട്ട്‌. ഏറ്റവും ഒടുവിൽ ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റാണ്‌ ജീവനക്കാരെ വെട്ടിക്കുറയ്‌ക്കൽ പ്രഖ്യാപിച്ചത്‌. ആറ്‌ ശതമാനത്തിലധികം ജീവനക്കാരെ കുറയ്‌ക്കുന്നതുവഴി കുറഞ്ഞത്‌ 12000 പേർ തൊഴിൽരഹിതരാകും. കമ്പനിയുടെ ലാഭം മുൻ വർഷത്തെ അപേക്ഷിച്ച്‌ 27 ശതമാനം കുറഞ്ഞതായാണ്‌ കമ്പനിയുടെ വിശദീകരണം.

ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റും പിരിച്ചുവിടല്‍ നടപടികളിലാണ്‌. ആമസോൺ (18000), സെയിൽസ്‌ഫോഴ്‌സ്‌ (8000),  ട്വിറ്റർ (3700), കോയിൻബേസ്‌ (950), സിസ്‌കോ (700) തുടങ്ങിയ സ്ഥാപനങ്ങളും ജീവനക്കാരെ വെട്ടിക്കുറയ്‌ക്കുകയാണ്‌. ഇതിനുപുറമേ ബ്ലോക്‌ ചെയിൻ.കോം, ക്യാപിറ്റൽ വൺ, ക്രിപ്‌ടോ.കോം, ജെനസിസ്‌, ഷെയർചാറ്റ്‌, സ്‌റ്റിച്ച്‌ ഫിക്‌സ്‌, യൂണിറ്റി സോഫ്‌റ്റ്‌വെയർ, വിമിയോ തുടങ്ങിയ സ്ഥാപനങ്ങളും പിരിച്ചുവിടൽ നടപടികളിലാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top