26 April Friday

28 അമേരിക്കക്കാർക്ക്‌ ചൈനയുടെ ഉപരോധം

വെബ് ഡെസ്‌ക്‌Updated: Friday Jan 22, 2021


വാഷിങ്‌ടൺ
ഡോണൾഡ്‌ ട്രംപിന്റെ പ്രധാന ഉപദേഷ്ടാക്കളടക്കം അമേരിക്കയിൽ ഉന്നത സ്ഥാനങ്ങൾ വഹിച്ചിരുന്ന 28 പേർക്ക്‌ ചൈന ഉപരോധം ഏർപ്പെടുത്തി. ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റ്‌ മിനിറ്റുകൾക്കകമാണ്‌ ചൈനയുടെ നടപടി.ട്രംപ്‌ സർക്കാരിന്റെ അവസാനകാലത്ത്‌ ചൈനീസ്‌ നേതാക്കൾക്കെതിരെ ഏർപ്പെടുത്തിയ നടപടികൾക്ക്‌ തിരിച്ചടിയായാണ്‌ ഇത്‌.

യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറിയായിരുന്ന മൈക്‌ പോംപിയോ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാക്കളായിരുന്ന റോബർട്ട്‌ ഒബ്രീൻ, ജോൺ ബോൾട്ടൻ, യുഎന്നിലെ സ്ഥാനപതിയായിരുന്ന കെല്ലി ക്രാഫ്‌റ്റ്‌, ആരോഗ്യ സെക്രട്ടറിയായിരുന്ന അലെക്‌സ്‌ അസർ, ട്രംപിന്റെ സാമ്പത്തിക ഉപദേഷ്‌ടാവായിരുന്ന പീറ്റർ നവാറോ, ഏഷ്യയിലെ ഉന്നത പ്രതിനിധിയായിരുന്ന ഡേവിഡ്‌ സ്‌റ്റിൽവെൽ തുടങ്ങിയവർക്കെതിരെ നടപടിയുണ്ട്‌.

ഇവരും കുടുംബാംഗങ്ങളും ചൈനയുടെ പ്രധാനകരയിലും ഹോങ്‌കോങ്‌, മക്കാവു എന്നീ പ്രദേശങ്ങളിലും പ്രവേശിക്കുന്നത്‌ വിലക്കിയിട്ടുണ്ട്‌. കൂടാതെ ഇവരും ഇവർക്ക്‌ ബന്ധമുള്ള കമ്പനികളും സ്ഥാപനങ്ങളും ഏതെങ്കിലും തരത്തിൽ ചൈനയുമായി ബിസിനസ്‌ നടത്തുന്നതും തടഞ്ഞിട്ടുണ്ട്‌.

അമേരിക്കയിലെ ചൈനാവിരുദ്ധരായ ചില രാഷ്‌ട്രീയക്കാർ ഏതാനും വർഷങ്ങളായി സ്വാർഥ രാഷ്‌ട്രീയ താൽപ്പര്യങ്ങളാലും ചൈനയോട്‌ മുൻവിധിയും വിദ്വേഷവുമുള്ളതിനാലും ഇരുരാജ്യങ്ങളിലെയും ജനതകളുടെ താൽപ്പര്യങ്ങൾ ഒട്ടും മാനിക്കാതെയാണ്‌ പ്രവർത്തിച്ചതെന്ന്‌ ചൈനയുടെ വിദേശമന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു.

അവർ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുകയും ചൈനയുടെ താൽപ്പര്യങ്ങളെ അപകടപ്പെടുത്തുകയും ചൈനീസ്‌ ജനതയെ ദ്രോഹിക്കുകയും യുഎസ്‌–-ചൈനാ ബന്ധത്തെ ഗുരുതരമായി തടസ്സപ്പെടുത്തുകയും ചെയ്‌തതായും ചൈന കുറ്റപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top