25 April Thursday

ടിക്‌ടോക്ക്‌ ഇടപാടിന്‌ ട്രംപിന്റെ അനുമതി

വെബ് ഡെസ്‌ക്‌Updated: Monday Sep 21, 2020


വാഷിങ്‌ടൺ
ടിക്‌‌ടോക്കിന്റെ അമേരിക്കയിലെ പ്രവർത്തനത്തിന്‌ ഒാറക്കിളും വാൾമാർട്ടും ചേർന്ന്‌ പുതിയ കമ്പനിയുണ്ടാക്കുന്നതിനുള്ള ധാരണയ്‌ക്ക്‌ യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ അംഗീകാരം. ടെക്‌സാസ്‌ കേന്ദ്രമാക്കി ആരംഭിക്കുന്ന കമ്പനി  25,00 പേർക്ക്‌ തൊഴിൽ ലഭിക്കാനിടയാക്കും എന്നാണ്‌ ട്രംപിന്റെ വാദം. അമേരിക്കക്കാരുടെ വിദ്യാഭ്യാസത്തിന്‌ ടിക്‌ടോക്‌ 500 കോടി ഡോളർ നൽകും. 

ദേശീയസുരക്ഷ സംരക്ഷിക്കാൻ എന്ന പേരിൽ ചൈനീസ്‌ ആപ്പുകളായ ടിക്‌‌ടോക്കും വീചാറ്റും‌ ഞായറാഴ്‌ചമുതൽ നിരോധിച്ച്‌ ട്രംപ്‌‌ വെള്ളിയാഴ്‌ച ഉത്തരവിറക്കിയിരുന്നു. ട്രംപ്‌ കരാർ അംഗീകരിച്ചതിനു പിന്നാലെ നിരോധനം  27വരെ മാറ്റി.ടിക്‌ടോക്കിന്റെയും വീചാറ്റിന്റെയും ഉടമസ്ഥത സെപ്‌തംബർ 15നകം അമേരിക്കൻ കമ്പനികളിലേക്ക്‌ മാറ്റിയില്ലെങ്കിൽ രണ്ടും നിരോധിക്കുമെന്ന്‌ കഴിഞ്ഞമാസം ട്രംപ്‌ പ്രഖ്യാപിച്ചിരുന്നു. തുടർന്ന്‌, ടിക്‌ടോക്കിന്റെ‌ ഉടമകളായ ബൈറ്റ്‌ ഡാൻസ്‌ അമേരിക്കൻ കമ്പനി ഒാറക്കിളിന്റെ പങ്കാളിത്തവാഗ്ദാനം സ്വീകരിച്ചിരുന്നു.

ഒാറക്കിളും വാൾമാർട്ടുമായി ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസ് തത്വത്തിൽ ധാരണയിലെത്തിയതായി ചൈനീസ്‌‌ സർക്കാർ പത്രമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. കരാറിന്‌ യുഎസ്‌, ചൈന സർക്കാരുകളുടെ അംഗീകാരം വേണം. അമേരിക്കയിൽ ടിക്‌ടോക്കിന്റെ ബിസിനസ്‌ ശക്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ്‌ കരാർ. ഓറക്കിളും വാൾമാർട്ടും കൂടി ടിക്‌ടോക്കിൽ 1250 കോടി ഡോളർ നിക്ഷേപിക്കും.

അതോടെ ടിക്‌ടോക്കിന്റെ മൊത്തം മൂല്യം 6250 കോടി ഡോളറാവും. ഒാറക്കിളിന്‌ 12.5ശതമാനവും വാൾമാർട്ടിന്‌ 7.5ശതമാനവും ഓഹരിയാണ്‌ ലഭിക്കുക. അമേരിക്കയിൽ 2018ൽ പ്രവർത്തനം തുടങ്ങിയ ടിക്‌ടോക്‌ മാസം 10 കോടി അമേരിക്കക്കാർ ഉപയോഗിക്കുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top