23 April Tuesday

ഡബ്ല്യുഎച്ച്‌ഒ: ട്രംപ്‌ പറഞ്ഞത്‌ പച്ചക്കള്ളം : ലാൻസെറ്റ്‌ എഡിറ്റർ റിച്ചാർഡ്‌ ഹോർട്ടൻ

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020


ലണ്ടൻ
ലോകാരോഗ്യ സംഘടനയ്‌ക്ക്‌ (ഡബ്ല്യുഎച്ച്‌ഒ) അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ അയച്ച നാലുപേജ്‌ കത്തിൽ ഉന്നയിച്ച ആരോപണങ്ങൾ പച്ചക്കള്ളമെന്ന്‌ വീണ്ടും തെളിയുന്നു. ട്രംപിന്റെ പ്രധാന ആരോപണംതന്നെ വസ്‌തുതാവിരുദ്ധമാണെന്ന്‌ ലോകത്തെ ഏറ്റവും വിശ്വാസ്യതയുള്ള വൈദ്യശാസ്‌ത്ര പ്രസിദ്ധീകരണമായ ലാൻസെറ്റ്‌ വ്യക്തമാക്കി.

2019 ഡിസംബർ ആദ്യമോ അതിനുമുമ്പുതന്നെയോ വുഹാനിൽ വൈറസ്‌ പടരുന്നതായി ലാൻസെറ്റിന്റേതടക്കം വിശ്വാസ്യമായ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഡബ്ല്യുഎച്ച്‌ഒ അതെല്ലാം അവഗണിച്ചതായി ട്രംപ്‌ കത്തിൽ ആരോപിച്ചിരുന്നു. ഇത്‌ ശരിയല്ലെന്ന്‌ ലാൻസെറ്റ്‌ എഡിറ്റർ ഇൻ ചീഫ്‌ റിച്ചാർഡ്‌ ഹോർട്ടൻ ട്വിറ്ററിലൂടെയും പിന്നീട്‌ വിശദമായ പ്രസ്‌താവനയിലും വ്യക്തമാക്കി.

ഡബ്ല്യുഎച്ച്‌ഒയെ ആക്രമിക്കാൻ താങ്കൾ ലാൻസെറ്റിനെ ഉദ്ധരിച്ചത്‌ തെറ്റായാണെന്ന്‌, ട്രംപിനെ അഭിസംബോധന ചെയ്‌ത ട്വീറ്റിൽ ഹോർട്ടൻ പറഞ്ഞു. ലാൻസെറ്റ്‌ ഇതു സംബന്ധിച്ച്‌ പ്രസിദ്ധീകരിച്ച ആദ്യ റിപ്പോർട്ട്‌ ജനുവരി 24ന്‌ ചൈനയിലെ ശാസ്‌ത്രജ്ഞരുടേതായിരുന്നു എന്ന്‌ അദ്ദേഹം അറിയിച്ചു. തങ്ങൾ പ്രസിദ്ധീകരിച്ച ആദ്യ രണ്ട്‌ പ്രബന്ധങ്ങളുടെ സമയവും വിഷയവും മറ്റും വ്യക്തമാക്കി ലാൻസെറ്റ്‌ പിന്നീട്‌ വിശദമായ പ്രസ്‌താവനയും പുറത്തിറക്കി. ഡിസംബറിലും ജനുവരിയിലും സംഭവിച്ചത്‌ സംബന്ധിച്ച ആഗോള പ്രതികരണം വസ്‌തുതകളുടെ അടിസ്ഥാനത്തിലാകേണ്ടത്‌ അത്യാവശ്യമാണെന്ന്‌ പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി. മഹാമാരിക്കെതിരെ അന്താരാഷ്‌ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളെ തകർക്കുന്നതാണ്‌ ഡബ്ല്യുഎച്ച്‌ഒയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ എന്നും ലാൻസെറ്റ്‌ തുറന്നടിച്ചു. ലാൻസെറ്റ്‌ പ്രസ്‌താവനയോട്‌ വൈറ്റ്‌ഹൗസ്‌ പ്രതികരിച്ചില്ല.

ഡബ്ല്യുഎച്ച്‌ഒയ്‌ക്കെതിരായ ട്രംപിന്റെ നിലപാടിനെ അടുത്തിടെ ലാൻസെറ്റിൽ എഴുതിയ ഒരു കുറിപ്പിലും ഹോർട്ടൻ വിമർശിച്ചിരുന്നു. ലോക ജനതയുടെ ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെമാത്രം പ്രവർത്തിക്കുന്ന ഒരു സംഘടനയെ തകർക്കാനുള്ള ട്രംപിന്റെ നീക്കങ്ങൾ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്ന്‌ അതിൽ ചൂണ്ടിക്കാട്ടിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top