23 April Tuesday

ഓർമകളുടെ കണ്ണീരിൽ നനഞ്ഞ്‌ ബൈഡൻ

വെബ് ഡെസ്‌ക്‌Updated: Thursday Jan 21, 2021


വാഷിങ്‌ടൺ
‘12 വർഷംമുമ്പ്‌ ഇങ്ങനൊരു യാത്രയുടെ അവസാനം കറുത്ത വംശജനായ  ഒരു മനുഷ്യൻ റെയിൽവേ സ്‌റ്റേഷനിൽ എന്നെ കാത്ത്‌ നിന്നിരുന്നു. അദ്ദേഹത്തിന്റെ വൈസ്‌ പ്രസിഡന്റാകാനായിരുന്നു അന്ന്‌ പോയത്‌. ഈ യാത്ര ഇന്ത്യൻ പൈതൃകമുള്ള ഒരു കറുത്ത വംശജയെ കാണാനാണ്; അമേരിക്കയുടെ അടുത്ത വൈസ്‌ പ്രസിഡന്റിനെ,’ പ്രസിഡന്റ്‌‌ പദവി ഏൽക്കാനായി ഡെലവേറിൽനിന്ന്‌ യാത്രയാകുംമുമ്പ്‌ ജോ ബൈഡൻ പറഞ്ഞു.

അന്തരിച്ച മകൻ ബ്യൂവിന്റെ പേരിട്ട നാഷണൽ ഗാർഡ്‌ ബിൽഡിങ്ങിലായിരുന്നു ബൈഡന്റെ വികാരനിർഭരമായ പ്രസംഗം. 1973ൽ ഡെലവേറിൽനിന്ന്‌ ഏറ്റവും പ്രായംകുറഞ്ഞ സെനറ്ററായതു‌മുതൽ അമേരിക്കയുടെ ഏറ്റവും പ്രായമേറിയ പ്രസിഡന്റാകുന്നതുവരെയുള്ള ഓർമകൾ അദ്ദേഹം പുതുക്കി. നിറഞ്ഞ മിഴികൾ ഇടയ്‌ക്ക്‌ തുടച്ചു.

വെല്ലുവിളികൾ, സാധ്യതകൾ
ട്രംപ്‌ ഭരണം അരക്ഷിതാവസ്ഥയിലാക്കിയ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിശ്വാസമാർജിക്കാൻ കമലയുടെ സാന്നിധ്യവും വംശീയ, കുടിയേറ്റ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കിയ ടീം തെരഞ്ഞെടുപ്പും സഹായിക്കുമെന്നാണ്‌ പ്രതീക്ഷ. രണ്ടുവട്ടം ഒബാമയ്‌ക്കൊപ്പം വൈസ്‌ പ്രസിഡന്റായി പ്രവർത്തിച്ച പരിചയവും മുതൽക്കൂട്ടാകും.

രാജ്യത്തിന്റെ ഐക്യം തിരികെ കൊണ്ടുവരാനാണ്‌ മുൻഗണന. 1861ലെ ആഭ്യന്തര യുദ്ധകാലത്ത്‌ എബ്രഹാം ലിങ്കണും 1933ലെ സാമ്പത്തിക മാന്ദ്യത്തിൽ റൂസ്‌വെൽറ്റും നേരിട്ടപോലുള്ള വെല്ലുവിളിയാണ്‌ കോവിഡ്‌ പ്രതിസന്ധിയിൽ ബൈഡനും നേരിടാൻ പോകുന്നതെന്ന്‌ നിരീക്ഷകർ പറയുന്നു. നാലുലക്ഷത്തിലധികം ആളുകൾ അമേരിക്കയിൽ കോവിഡ്‌ ബാധിച്ച്‌ മരിച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനത്തിനുശേഷമുള്ള 11 ആഴ്ചയിൽ 1,70,000 മരണം.

സെനറ്റിൽ കോവിഡ്‌ സമാശ്വാസ ബിൽ പാസ്സാക്കുകയാകും ബൈഡന്‌ മുമ്പിലുള്ള ആദ്യ വെല്ലുവിളി. സാമ്പത്തിക പ്രതിസന്ധി വേറെയും‌‌. ഡിസംബറിൽമാത്രം 1,40,000 പേർ തൊഴിൽരഹിതരായി. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുന്നതിനൊപ്പംതന്നെ, ട്രംപിന്റെ വിദ്വേഷ പ്രചാരണം വരുത്തിവച്ച കുഴപ്പം മാറ്റാനും ബൈഡന്‌ കഠിനപരിശ്രമം വേണ്ടിവരും.

എന്നാൽ, ലിങ്കണെയും റൂസ്‌വെൽറ്റിനെയും പോലെതന്നെ പ്രതിസന്ധിയെ സാധ്യതയാക്കി മാറ്റാൻ ബൈഡനാകുമെന്നും അഭിപ്രായമുണ്ട്‌. വ്യക്തിപരമായ പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിച്ചത്‌ വിശ്വാസ്യത കൂട്ടുന്നു. 1972ലാണ് ‌ബൈഡന്റെ ആദ്യഭാര്യയും മകളും വാഹനാപകടത്തിൽ മരിച്ചത്‌. ഗുരുതര പരിക്കേറ്റ രണ്ട് ആൺമക്കളുടെ ആശുപത്രി കിടക്കയ്‌ക്ക്‌ അരികിൽനിന്നാണ്‌ ആദ്യമായി സെനറ്ററായി സത്യപ്രതിജ്ഞ ചെയ്തത്. സമ്മർദം താങ്ങാനാകാതെ ആത്മഹത്യ‌ക്കുവരെ ഒരുങ്ങിയെന്ന്‌ ബൈഡൻ പിന്നീട്‌ പറഞ്ഞിട്ടുണ്ട്‌. രണ്ടാം ഭാര്യ ജില്ലിൽ ഒരു മകളുണ്ട്‌, ‌ആഷ്‌‌ലി.

ശാസ്‌ത്രവും സത്യവും നയിക്കും: ബൈഡൻ
ശാസ്‌ത്രത്തിലും സത്യത്തിലും വിശ്വസിക്കുന്ന ഭരണമാകും തന്റെ സംഘത്തിന്റേതെന്ന്‌ പ്രസിഡന്റ്‌ ജോ ബൈഡന്റെ ഉറപ്പ്‌. ശാസ്‌ത്രത്തിലും കണ്ടുപിടിത്തങ്ങളിലും അമേരിക്കയ്‌ക്കുള്ള വിശ്വാസം തിരിച്ചുപിടിക്കുന്നതാകും പുതിയ ടീമെന്ന്‌ പ്രധാന പദവികളിലേക്കുള്ള നാമനിർദേശങ്ങൾ കഴിഞ്ഞ്‌ ബൈഡൻ വ്യക്തമാക്കി. കൊറോണ മഹാമാരി, കാലാവസ്ഥ വ്യതിയാനം, മറ്റു വെല്ലുവിളികൾ എന്നിവ നേരിടുന്നതിൽ ശാസ്‌ത്രീയ ഉപദേശമാണ്‌ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്‌ നേരിടുന്നതിലടക്കം അശാസ്‌ത്രീയവും അബദ്ധജഡിലവുമായ നിലപാട്‌ സ്വീകരിച്ച ഡോണൾഡ്‌ ട്രംപിൽനിന്ന്‌ വ്യത്യസ്തമാകും ജോ ബൈഡന്റെയും കമല ഹാരിസിന്റെയും ഭരണത്തിൽ ശാസ്ത്രമേഖലയോടുള്ള നയം. ഇതിന്റെ ഭാഗമായി ശാസ്‌ത്ര, സാങ്കേതിക മേഖലകളിൽ ഉന്നത പദവികളിൽ നിരവധി പ്രമുഖരെയാണ്‌ ബൈഡൻ നിയോഗിച്ചിട്ടുള്ളത്‌.
കാലാവസ്ഥ വ്യതിയാനത്തിന്‌ പിന്നിലുള്ള ശാസ്‌ത്രം തട്ടിപ്പ്‌ അല്ലെന്നും വൈറസിന്‌ പിന്നിലുള്ള ശാസ്‌ത്രം പക്ഷപാതമല്ലെന്നും കമല ഹാരിസ്‌ പറഞ്ഞു. ശാസ്ത്രം കണ്ടുപിടിത്തമാണെന്നും അതൊരു കൽപിത കഥയല്ലെന്നും ബൈഡൻ പറഞ്ഞു.

ചൈനാവിരുദ്ധ സമീപനം മാറില്ല
ട്രംപ് മാറി ബൈഡന്‍ വന്നാലും ചൈനയോടുള്ള അമേരിക്കന്‍ നിലപാടില്‍ മാറ്റമുണ്ടാകില്ല. വ്യാപാരചുങ്കം, കോവിഡ് ഉൽപ്പത്തി, തെക്കന്‍ ചൈനാകടല്‍ നിയന്ത്രണം തുടങ്ങിയ നിരവധി പ്രശ്‌നങ്ങളില്‍ ഇരുരാജ്യവും തമ്മില്‍ സമവായവഴിയിലെത്തുമെന്ന സൂചനയല്ല ബൈഡന്‍ ഭരണകൂടത്തിലെ തന്ത്രപ്രധാന പദവി ഏറ്റെടുക്കാന്‍ പോകുന്നവര്‍ പങ്കുവയ്ക്കുന്നത്.

ലോകത്തെ ഒന്നാംശക്തിയായി മാറാന്‍ വിവിധമേഖലകളില്‍ അമേരിക്കയുമായി മത്സരിക്കുന്ന ചൈനയെ ചെറുക്കാന്‍ യുഎസ് ഭരണസംവിധാനം കൂട്ടായ് പരിശ്രമിക്കണമെന്ന് ബൈഡന്റെ നിയുക്ത പ്രതിരോധ സെക്രട്ടറി ജെന്‍ ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. ചൈനയാണ് മുഖ്യഭീഷണി, റഷ്യ ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും ആ രാജ്യത്തിന്റെ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.അമേരിക്കയ്ക്ക് ഏറ്റവും വലിയ ദേശീയവെല്ലുവിളി ഉയര്‍ത്തുന്നത് ചൈനയാണെന്ന് നിയുക്ത വിദേശസെക്രട്ടറി ആന്റണി ബ്ലിന്‍കെന് പറഞ്ഞു. ദൗർബല്യങ്ങള്‍കൊണ്ടല്ല ശക്തികൊണ്ട് വേണം ചൈനയെ നേരിടേണ്ടതെന്നും അദ്ദേഹം പറയുന്നു.ബീജിങ്ങില്‍നിന്നുള്ള ഭീഷണി നേരിടാന്‍ അക്രമോത്സുക നിലപാടുതന്നെ അമേരിക്ക തുടരണമെന്ന് സിഐഎ അധിപയാകാന്‍ പോകുന്ന അവ്‌റില്‍ ഹെയ്ന്‍സിന്റെ നിലപാട്. ഈ പദവിയില്‍ എത്തുന്ന ആദ്യ വനിതയാകും ഇവര്‍.

ബൈഡന്റെ നിയമന ശുപാര്‍ശയ്‌ക്ക് അന്തിമ അനുമതി ലഭിക്കാനായി സെനറ്റ് സമിതികളെ അഭിമുഖീകരിച്ചപ്പോഴാണ് ഇവര്‍ ചൈനവിരുദ്ധ നിലപാട് ശക്തമായി പ്രകടിപ്പിച്ചത്.

തോൽപ്പിക്കാനാകില്ല എന്നോർമിപ്പിച്ച്‌ അമാൻഡയുടെ കവിത
‘ജനാധിപത്യത്തിൽ ചെറിയ കാലതാമസം വരുത്താനായേക്കാം, എന്നാൽ, എന്നെന്നേക്കുമായി തോൽപ്പിക്കാനാകില്ല.’ ഈ വരികൾ ചൊല്ലി ചരിത്രം കുറിച്ചു 22കാരിയായ അമാൻഡ ഗോർമൻ. അമേരിക്കൻ പ്രസിഡന്റ്‌ സ്ഥാനാരോഹണ ചടങ്ങിൽ കവിത ചൊല്ലുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്‌ ഈ കറുത്ത വംശജ. ഇതോടെ സത്യപ്രതിജ്ഞാ ചടങ്ങിൽ കവിത ചൊല്ലിയ റോബർട്ട്‌ ഫ്രോസ്‌റ്റ്‌ ഉൾപ്പെടെയുള്ളവരുടെ പട്ടികയിൽ ഇവർ ഇടം പിടിച്ചു.

പ്രഥമ വനിത ജിൽ ബൈഡനാണ്‌ 2017ൽ അമേരിക്കയുടെ പ്രഥമ യുവ കവിതാ പുരസ്കാര ജേതാവായ അമാൻഡയുടെ പേര്‌ നിർദേശിച്ചത്‌. ട്രംപ്‌ അനുകൂലികൾ യുഎസ്‌ തലസ്ഥാനത്ത്‌ നടത്തിയ ആക്രമണത്തെ പരോക്ഷമായി വിമർശിക്കുന്നതാണ്‌ ‘ദ ഹിൽ വി ക്ലൈംബ്‌’ എന്ന കവിത. ‘സ്വേച്ഛാധിപതികൾ കവികളെ ഭയപ്പെടുന്നു. എന്നാൽ, എത്ര വേദനിച്ചാലും മുറിവുകൾ തുന്നിച്ചേർക്കുക തന്നെ ചെയ്യു’മെന്നും കവിതയിൽ പറയുന്നു. ചടങ്ങിൽ പ്രസിഡന്റിനെ പരിചയപ്പെടുക മാത്രമല്ല, 2036ൽ പ്രസിഡന്റ്‌ പദവിയിലേക്ക്‌ താൻ മത്സരിക്കുമെന്ന്‌ ബൈഡനോട്‌ പറയുകയും ചെയ്യുമെന്ന്‌ അമാൻഡ പറഞ്ഞു. അൽഗോർ, ഹിലരി ക്ലിന്റൺ, മലാല യൂസഫ്‌സായ്‌, ലിൻ മാനുവൽ മിറാൻഡ തുടങ്ങിയ പ്രമുഖർക്ക്‌ വേണ്ടിയും ഇവർ കവിതകൾ അവതരിപ്പിച്ചിട്ടുണ്ട്‌.‘അമേരിക്ക ഒറ്റക്കെട്ട്‌’ എന്ന ആശയത്തിലൂന്നിയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്‌. ‘ദേശീയഗാനം ആലപിച്ചത്‌ ലേഡി ഗാഗ, ജെന്നിഫർ ലോപസിന്റെ നൃത്തവിരുന്നുമുണ്ടായി. 

സംഘാടനത്തിന്‌ മലയാളിയും
ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായി ചുമതലയേൽക്കുന്ന ചടങ്ങിന്റെ മുഖ്യസംഘാടകരിൽ ഒരാളായി മലയാളിയും.
പത്തനംതിട്ട തിരുവല്ല സ്വദേശി മാത്യു – സരോജ ദമ്പതികളുടെ മകനായി ന്യൂയോർക്കിൽ ജനിച്ച മജു വർഗീസാ(43)ണ്‌ ചടങ്ങിന്റെ സംഘാടനം നിർവഹിക്കുന്ന നാലംഗ പ്രസിഡൻഷ്യൽ ഇനാഗുറൽ കമ്മിറ്റിയുടെ (പിഐസി) എക്സിക്യൂട്ടീവ് ഡയറക്ടർ. ബൈഡന്റെ സത്യപ്രതിജ്ഞ ചടങ്ങിന്‌ സേവനമനുഷ്‌ഠിക്കുന്നതിൽ അഭിമാനിക്കുന്നതായി മജു വർഗീസ്‌ ട്വീറ്റ്‌ ചെയ്‌തു. ടോണി അലൻ ആയിരുന്നു‌ പരിപാടിയുടെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസർ. എറിൻ വിൽസണും ഇവാർന കാൻസലയും ഡെപ്യൂട്ടി എക്‌സിക്യൂട്ടിവ്‌ ഡയറക്ടർമാർ.2000ത്തിൽ ഡെമോക്രാറ്റ് സ്ഥാനാർഥി അൽ ഗോറിന്റെ പ്രചാരണ സംഘത്തിലുണ്ടായിരുന്നു മജു വർഗീസ്‌. ബറാക് ഒബാമ പ്രസിഡന്റായപ്പോൾ വിവിധ തസ്തികകളിൽ 6 വർഷം പ്രവർത്തിച്ചു. ബൈഡന്റെ പ്രചാരണ സംഘം ചീഫ് ഓപ്പറേറ്റിങ് ഓഫീസറായിരുന്നു അഭിഭാഷകനായ മജു. മാസച്ച്യുസെറ്റ്‌സ് സർവകലാശാലയിൽനിന്ന്‌ രാഷ്‌ട്രതന്ത്രത്തിലും സാമ്പത്തിക ശാസ്‌ത്രത്തിലും ബിരുദം നേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top