23 April Tuesday

ശീതീകരിച്ച മത്സ്യപ്പായ്‌ക്കറ്റിൽ ജീവനുള്ള കൊറോണ വൈറസിനെ കണ്ടെത്തി ; ലോകത്ത്‌ ആദ്യം

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020


ബീജിങ്‌
ശീതീകരിച്ച ഭക്ഷണ സാമഗ്രികൾ (ഫ്രോസൺ ഫുഡ്‌) കോവിഡിൽനിന്ന്‌ സുരക്ഷിതമെന്ന വിശ്വാസത്തിന്റെയും അടിത്തറയിളകുന്നു. ലോകത്താദ്യമായി ചൈനീസ്‌ തുറമുഖ നഗരം ക്വിങ്‌ഡോയിൽ‌ ശീതീകരിച്ച കോഡ്‌ മത്സ്യപ്പായ്‌ക്കറ്റിന്റെ പുറത്തുനിന്ന്‌ ജീവനുള്ള കൊറോണ–-19 വൈറസിനെ കണ്ടെത്തി. ഒരിടവേളയ്‌ക്കുശേഷം ക്വിങ്‌ഡോയിൽ അടുത്തിടെയുണ്ടായ കോവിഡ്‌ പ്രാദേശിക വ്യാപനത്തിന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തിലാണ്‌ കണ്ടെത്തൽ. 

അടുത്തിടെ രണ്ട്‌ തുറമുഖ ജീവനക്കാർക്ക്‌ കോവിഡ്‌ പിടിപെട്ടിരുന്നു. ഇവർ ചികിത്സ തേടിയ ആശുപത്രി കേന്ദ്രീകരിച്ച്‌ 12 പേർകൂടി രോഗബാധിതരായി. അധികൃതർ അഞ്ചുദിവസകൊണ്ട്‌ നഗരത്തിലെ 1.10 കോടിയാളുകളെ പരിശോധിച്ചു. തുറമുഖവുമായി ബന്ധപ്പെട്ട്‌ നടത്തിയ പരിശോധനയിലാണ്‌ ഇറക്കുമതി ചെയ്ത് ഫ്രീസറിൽ സൂക്ഷിച്ച മത്സ്യപ്പായ്‌ക്കറ്റിന്‌ പുറത്ത്‌ വൈറസിനെ കണ്ടെത്തിയതെന്ന്‌ ചൈനയുടെ രോഗ പ്രതിരോധ കേന്ദ്രം(സിഡിസി) വ്യക്തമാക്കി.
എന്നാൽ, ഏത്‌ രാജ്യത്തുനിന്ന്‌ ഇറക്കുമതി ചെയ്തതാണെന്ന്‌‌ ചൈന വ്യക്തമാക്കിയിട്ടില്ല. ജൂലൈയിൽ ഇറക്കുമതി ചെയ്ത ചെമ്മീനുമായി എത്തിയ കണ്ടെയ്‌നറിനുള്ളിൽനിന്ന്‌ വൈറസിനെ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന്, രാജ്യത്ത്‌ ചെമ്മീൻ ഇറക്കുമതി നിർത്തിവച്ചിരുന്നു.

ഭക്ഷണപ്പായ്‌ക്കറ്റിലെ വൈറസിൽനിന്നാണോ ജീവനക്കാർക്ക്‌ രോഗം പിടിപെട്ടതെന്ന്‌ വ്യക്തമല്ല. രോഗബാധിതരിൽനിന്ന്‌ ഫ്രീസറിനുള്ളിൽ എത്തിയതുമാകാം. ഏതായാലും, ശീതീകരണിയിലെ താഴ്‌ന്ന താപനിലയെയും അതിജീവിക്കാമെങ്കിൽ വൈറസിന്‌ അത്തരത്തിൽ ഭൂഖണ്ഡങ്ങൾ താണ്ടാനുമാകുമെന്നും വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top