26 April Friday

ഒരു ഉപദേശക കൂടി വൈറ്റ്‌ഹൗസ്‌ വിട്ട്‌ ബൈഡനൊപ്പം

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020


വാഷിങ്‌ടൺ
റിപ്പബ്ലിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിനെ തള്ളിപ്പറഞ്ഞ്‌ വൈറ്റ്‌ഹൗസ്‌ വിട്ട്‌ ഡെമോക്രാറ്റിക്‌ സ്ഥാനാർഥി ജോ ബൈഡനൊപ്പം ചേരുന്നവരുടെ കൂട്ടത്തിലേക്ക്‌ ഒരാൾകൂടി. വൈസ്‌ പ്രസിഡന്റ്‌ മൈക്‌ പെൻസിന്റെ ആഭ്യന്തര സുരക്ഷാ ഉപദേശകയും വൈറ്റ്‌ഹൗസിലെ കോവിഡ്‌ കർമസേനയിലെ അംഗവുമായിരുന്ന ഒലിവിയ ട്രോയ്‌ ആണ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്‌ ഒന്നരമാസംമാത്രം അവശേഷിക്കെ റിപ്പബ്ലിക്കൻ പക്ഷം വിട്ടത്‌.

പരമ്പരാഗത റിപ്പബ്ലിക്കൻ പാർടിക്കാരിയായ ഒലിവിയയുടെ വീഡിയോ പ്രസ്‌താവന ‘ട്രംപിനെതിരെ റിപ്പബ്ലിക്കൻ വോട്ടർമാർ’ എന്ന സംഘമാണ്‌ പുറത്തുവിട്ടത്‌. ആഭ്യന്തര സുരഷാ വകുപ്പിലെ മുൻ സ്‌റ്റാഫ്‌ മേധാവി മൈൽസ്‌ ടെയ്‌ലർ, മുൻ വൈറ്റ്‌ഹൗസ്‌ കമ്യൂണിക്കേഷൻസ്‌ ഡയറക്ടർ ആന്തണി സ്‌കാരാമൂച്ചി തുടങ്ങിയവരും അടുത്തിടെ വൈറ്റ്‌ഹൗസ്‌ വിട്ട്‌ മറുപക്ഷം ചേർന്നിരുന്നു. റിപ്പബ്ലിക്കൻ പാർടിക്കാരായ മുൻ പ്രസിഡന്റുമാരും അവർക്കൊപ്പം പ്രവർത്തിച്ച നേതാക്കളും ട്രംപിനെതിരാണ്‌.

തന്നെക്കുറിച്ച്‌ അല്ലാതെ മറ്റാരെക്കുറിച്ചും ട്രംപിന്‌ ചിന്തയില്ലെന്ന്‌ ഒലിവിയ പറഞ്ഞു. കോവിഡ്‌ നല്ല കാര്യമാണെന്നും അറപ്പുളവാക്കുന്നവരുമായി കൈകുലുക്കണ്ടല്ലോ എന്നും ട്രംപ്‌ ഒരുയോഗത്തിൽ പറഞ്ഞതായും അവർ വെളിപ്പെടുത്തി.
ഇതേസമയം താൻ പ്രസിഡന്റായാൽ ദക്ഷിണേഷ്യയിലെ ഭീകരവാദത്തോട്‌ ഒരു വിട്ടുവീഴ്‌ചയും ഉണ്ടാകില്ലെന്ന്‌ ബൈഡൻ പറഞ്ഞു. സ്വാഭാവിക പങ്കാളികളായ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ഉയർന്ന മുൻഗണന നൽകും.

ഹിന്ദു അമേരിക്കൻ പൊളിറ്റിക്കൽ ആക്‌ഷൻ കമ്മിറ്റിയുടെ ചോദ്യങ്ങൾക്ക്‌ എഴുതിനൽകിയ മറുപടിയിലാണ്‌ ബൈഡന്റെ പ്രചാരണവിഭാഗം ഇക്കാര്യം വ്യക്തമാക്കിയത്‌. ആരെ പിന്തുണയ്‌ക്കണം എന്ന്‌ തീരുമാനിക്കുന്നതിന്റെ ഭാഗമായി ട്രംപിനും ഹിന്ദു അമേരിക്കൻ സമിതി ചോദ്യങ്ങൾ അയച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top