20 April Saturday

വജ്രവ്യാപാര സഹകരണത്തിന്‌ ഇസ്രയേൽ–-ദുബായ്‌ കരാർ

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020


ദുബായ്‌
ഇസ്രയേലും യുഎഇയും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ച്‌ കരാർ ഒപ്പിട്ടതിന്‌ പിന്നാലെ വജ്രവ്യാപാരത്തിലും സഹകരിക്കാൻ കരാറായി. യുഎഇ എമിറേറ്റുകളിൽ ഒന്നായ ദുബായ്‌ ആണ്‌ വജ്രവ്യാപാരത്തിന്‌ ഇസ്രയേലുമായി കരാർ ഉണ്ടാക്കിയത്‌. ഇസ്രയേലിലെ ഹൈഫ തുറമുഖത്തിന്റെ നടത്തിപ്പിന്‌ ദുബായ്‌ പോർട്ട്‌‌ വേൾഡ്‌ രംഗത്തുവന്നതിന്‌ പിന്നാലെയാണ്‌ വജ്രവ്യാപാര കരാർ പ്രഖ്യാപിച്ചത്‌.ഇസ്രയേലും യുഎഇയുമായി വ്യാപാരബന്ധം മറയ്‌ക്ക്‌പിന്നിൽ സജീവമായിരുന്നെങ്കിലും നയതന്ത്രബന്ധം സ്ഥാപിച്ചതോടെ അത്‌ പരസ്യബന്ധമായി‌. ഇരുരാജ്യത്തെയും ബാങ്കുകളും ഗവേഷണ സ്ഥാപനങ്ങളും സഹകരണക്കരാറുകൾ ഉണ്ടാക്കാൻ തിടുക്കത്തിലാണ്‌. എമിറേറ്റ്‌സ്‌ എയർലൈൻസ്‌ അടക്കം നൂറിൽപരം വ്യോമയാന കമ്പനികൾക്ക്‌ ഭക്ഷണം നൽകുന്ന എമിറേറ്റ്‌സ്‌ ഫ്ലൈറ്റ്‌ കാറ്ററിങ് യുഎഇയിലെ ആസ്ഥാനത്ത്‌ ഇസ്രയേലി കോഷർ ഭക്ഷണത്തിന്റെ ശാല തുറക്കും.

ഒരുകാലത്ത്‌ ലോകത്തെ ഏറ്റവും വലിയ വജ്രവ്യാപാര കേന്ദ്രമായിരുന്ന ഇസ്രയേൽ ഇപ്പോൾ വലിയ രത്നങ്ങൾ മിനുക്കുന്നതിൽ മുമ്പന്തിയിലാണ്‌. മേഖലയിലെ പ്രധാന സാമ്പത്തിക കേന്ദ്രമായ ദുബായും പ്രധാന വജ്രവ്യാപാര കേന്ദ്രമായി മാറുകയാണ്‌. ദുബായിൽനിന്നുള്ള വജ്രകയറ്റുമതി 2003ൽ 360 കോടി ഡോളറിന്റേതായിരുന്നത്‌ 2019ൽ 2300 ഡോളറിന്റേതായി വളർന്നിട്ടുണ്ട്‌.കരാറനുസരിച്ച്‌ ഇസ്രയേലി വജ്രവിപണി ദുബായിൽ ഒരു ഓഫീസ്‌ തുറക്കും. പകരം സ്വതന്ത്ര സാമ്പത്തികമേഖലയായ ദുബായ മൾട്ടി കമ്മോഡിറ്റീസ്‌ സെന്റർ ഇസ്രയേലി വജ്രവിപണിയുടെ കേന്ദ്രമായ റമത്‌ ഗാനിൽ കട തുറക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top