29 March Friday

ഡബ്ല്യുഎച്ച്‌ഒയ്‌‌ക്കെതിരെ വീണ്ടും ട്രംപിന്റെ ഭീഷണി

വെബ് ഡെസ്‌ക്‌Updated: Tuesday May 19, 2020

വാഷിങ്‌ടൺ > മുപ്പത്‌ ദിവസത്തിനകം തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ലോകാരോഗ്യ സംഘടനയ്‌‌ക്ക്‌ (ഡബ്ല്യുഎച്ച്‌ഒ) അമേരിക്ക നൽകേണ്ട വിഹിതം സ്ഥിരമായി മരവിപ്പിക്കുമെന്നും അതിലെ അംഗത്വം പുനഃപരിശോധിക്കുമെന്നും പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ഭീഷണി. ഡബ്ല്യുഎച്ച്‌ഒ ഡയറക്ടർ ജനറലിന്‌ അയച്ച നാലു പേജുള്ള കത്തിൽ, ലോകസംഘടന ചൈനയിൽനിന്ന്‌ സ്വാതന്ത്ര്യം പ്രകടിപ്പിക്കണം എന്നാണ്‌ ട്രംപ്‌ ആവശ്യപ്പെടുന്നത്‌. യുഎന്നിനു കീഴിലുള്ള സംഘടനയ്‌ക്കെതിരെ താൻ രണ്ടു മാസത്തോളമായി  ഉന്നയിക്കുന്ന ആരോപണങ്ങൾ ട്രംപ്‌ കത്തിൽ ആവർത്തിച്ചു. കത്ത്‌ തിങ്കളാഴ്‌ച രാത്രി ട്രംപിന്റെ ട്വിറ്റർ പേജിൽ പോസ്റ്റ്‌ ചെയ്‌തു.

കത്തിനോട്‌ ഉടൻ പ്രതികരിക്കുന്നില്ലെന്നും ലോകാരോഗ്യ സഭയുടെ തിരക്കിലാണെന്നും ഡബ്ല്യുഎച്ച്‌ഒ വക്താവ്‌ ഫാദില ചായിബ്‌ വ്യക്തമാക്കി. രണ്ടു ദിവസത്തെ സഭയുടെ സമാപന ദിവസമായിരുന്നു തിങ്കളാഴ്‌ച. ആദ്യ ദിനത്തിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌, ചൈനാ പ്രസിഡന്റ്‌ ഷീ ജിൻപിങ്‌എന്നിവർക്കു പുറമെ ജർമൻ ചാൻസലർ ആംഗല മെർക്കലും ഫ്രാൻസ്‌, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ പ്രസിഡന്റുമാരും ഡബ്ല്യുഎച്ച്‌ഒയുടെ പ്രവർത്തനങ്ങൾക്ക്‌ പിന്തുണ പ്രഖ്യാപിച്ചു. ഇതിനു പിന്നാലെയാണ്‌ ട്രംപ്‌ ഭീഷണിക്കത്ത്‌ പുറത്തുവിട്ടത്‌.

അമേരിക്കയിൽ കോവിഡ്‌ നിയന്ത്രിക്കുന്നതിലുണ്ടായ കഴിവുകേടിൽനിന്ന്‌ ശ്രദ്ധ തിരിക്കാനാണ്‌ ട്രംപ്‌ ഡബ്ല്യുഎച്ച്‌ഒയെ ഭീഷണിപ്പെടുത്തുന്നതെന്ന്‌ ചൈന വിദേശമന്ത്രാലയ വക്താവ്‌ ഷൗ ലിജിയാൻ പറഞ്ഞു. ഉത്തരവാദിത്തത്തിൽനിന്ന്‌ ഒഴിവാകാനും ഡബ്ല്യുഎച്ച്‌ഒയോടുള്ള അന്താരാഷ്‌ട്ര ബാധ്യതകൾ സംബന്ധിച്ച്‌ വിലപേശാനും ചൈനയെ ഉപയോഗിക്കാനാണ്‌ അമേരിക്ക ശ്രമിക്കുന്നത്‌. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണിത്‌. ഡബ്ല്യുഎച്ച്‌ഒയ്‌ക്കുള്ള അംഗത്വവിഹിതം രാജ്യങ്ങൾ ഏകപക്ഷീയമായി തീരുമാനിക്കുന്നതല്ലെന്നും കൂട്ടായി നിശ്ചയിക്കുന്നതാണെന്നും ചൈന ചൂണ്ടിക്കാട്ടി. അമേരിക്ക പഴിചാരൽക്കളി അവസാനിപ്പിച്ച്‌ അന്താരാഷ്‌ട്ര സമൂഹത്തോട്‌ സഹകരിക്കണമെന്ന്‌ ചൈന ആവശ്യപ്പെട്ടു. അമേരിക്കക്കാരടക്കം വിവിധ രാജ്യങ്ങളിലെ ആരോഗ്യ വിദഗ്ധരും അമേരിക്കയുടെ ഭീഷണിക്കെതിരെ രംഗത്തുവന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top