25 April Thursday

വെസ്‌റ്റ്‌ബാങ്കിൽ വീണ്ടും തീവ്ര കുടിയേറ്റവ്യാപനം

വെബ് ഡെസ്‌ക്‌Updated: Saturday Oct 17, 2020


ടെൽഅവിവ്‌
യുഎന്നും ലോകരാഷ്‌ട്രങ്ങളും അംഗീകരിക്കുന്ന പലസ്‌തീൻ രാഷ്‌ട്ര സ്ഥാപനത്തിനുള്ള സാധ്യത കൂടുതൽ ഇല്ലാതാക്കി ഇസ്രയേൽ വെസ്‌റ്റ്‌ബാങ്കിൽ ജൂത കുടിയേറ്റ വ്യാപനം തീവ്രമാക്കി. പലസ്‌തീൻ പ്രദേശമായ വെസ്‌റ്റ്‌ബാങ്കിൽ 2166 കുടിയേറ്റവീടുകൾ നിർമിക്കാൻ ബുധനാഴ്‌ചയും 3000ൽപ്പരം വീടുകൾകൂടി നിർമിക്കാൻ വ്യാഴാഴ്‌ചയും ഇസ്രയേൽ സർക്കാർ അനുമതി നൽകി. ഇത്‌ ഫലത്തിൽ പലസ്‌തീന്റെ ഭൂമി കൈയേറ്റം തന്നെയാണെന്ന്‌ ഇസ്രയേലിലെ സമാധാന സംഘടനയായ  ‘പീസ്‌ നൗ’ കുറ്റപ്പെടുത്തി. വെസ്‌റ്റബാങ്കിൽ ഭൂമി കൈയേറ്റം നിർത്തിവയ്‌ക്കാൻ ഇസ്രയേൽ സമ്മതിച്ചു എന്നവകാശപ്പെട്ടാണ്‌ യുഎഇ, ബഹ്‌റൈൻ എന്നീ ഗൾഫ്‌ അറബ്‌ രാജ്യങ്ങൾ അടുത്തിടെ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചത്‌.

പുതിയ തീരുമാനത്തോടെ ഈവർഷം വെസ്‌റ്റ്‌ബാങ്കിൽ അംഗീകാരമായ അനധികൃത ജൂത കുടിയേറ്റ വീടുകൾ 12150 ആകുമെന്ന്‌ പീസ്‌ നൗ അറിയിച്ചു. അമേരിക്കയിൽ ഡോണൾഡ്‌ ട്രംപ്‌ അധികാരത്തിലെത്തിയതോടെയാണ്‌ ഇസ്രയേൽ പലസ്‌തീൻ ഭൂമി കൈയേറ്റം തീവ്രമാക്കിയത്‌. ഇതിന്‌ എല്ലാ സഹായവും ചെയ്യുന്ന ട്രംപിന്റെ ആവശ്യത്തിന്‌ വഴങ്ങിയാണ്‌ അറബ്‌ രാജ്യങ്ങൾ ഇസ്രയേലുമായി അടുക്കുന്നത്‌. ട്രംപ്‌ വീണ്ടും യുഎസ്‌ പ്രസിഡന്റായാൽ പലസ്‌തീനെയും ലോകത്തെയും ദൈവം സഹായിക്കുമെന്ന്‌ പലസ്‌തീൻ പ്രധാനമന്ത്രി മുഹമദ്‌ ഷ്‌തയ്യേ യൂറോപ്യൻ പാർലമെന്റംഗങ്ങളുമായുള്ള കൂടിക്കാഴ്‌ചയിൽ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ഇസ്രയേലിന്റെ നിയമവിരുദ്ധമായ കുടിയേറ്റ വ്യാപനത്തെ അപലപിച്ച ജോർദാൻ ഇത്‌ തടയാൻ അന്താരാഷ്‌ട്ര സമൂഹം സമ്മർദം ചെലുത്തണമെന്ന്‌ ആവശ്യപ്പെട്ടു. 1994ൽ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിച്ച രാജ്യമാണ്‌ ജോർദാൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top