18 April Thursday

ട്രംപിനെ രക്ഷിക്കാൻ സെനറ്റിൽ ചൈനയ്‌ക്കെതിരെ റിപ്പബ്ലിക്കൻ ബിൽ

വെബ് ഡെസ്‌ക്‌Updated: Thursday May 14, 2020

വാഷിങ്‌ടൺ > അമേരിക്കയിൽ കോവിഡ്‌ പരക്കുന്നത്‌ തടയുന്നതിൽ പരാജയപ്പെട്ട ട്രംപ്‌ ഭരണകൂടത്തിന്റെ വീഴ്‌ച മറയ്‌ക്കാൻ ചൈനയ്‌ക്കെതിരെ യുഎസ്‌ കോൺഗ്രസിന്റെ ഉപരിസഭയിൽ ചില റിപ്പബ്ലിക്കൻ സെനറ്റർമാർ ബിൽ അവതരിപ്പിച്ചു.

കോവിഡ്‌ പരക്കുന്നതിലേക്ക്‌ നയിച്ച സംഭവങ്ങൾ സംബന്ധിച്ച പൂർണ വിവരങ്ങൾ നൽകുന്നതിൽ ചൈന പരാജയപ്പെട്ടാൽ ആ രാജ്യത്തിനെതിരെ ഉപരോധം ഏർപ്പെടുത്താൻ അമേരിക്കൻ പ്രസിഡന്റിനെ അധികാരപ്പെടുത്തുന്നതാണ്‌ ബിൽ. ലിൻഡ്‌സെ ഗ്രഹാമിന്റെ നേതൃത്വത്തിൽ ഒമ്പത്‌ റിപ്പബ്ലിക്കൻ സെനറ്റർമാർ ചേർന്നാണ്‌ ‘കോവിഡ്‌–-19 അക്കൗണ്ടബിലിറ്റി ആക്‌ട്‌’ എന്ന ബിൽ അവതരിപ്പിച്ചത്‌.

കോവിഡ്‌ സംബന്ധിച്ച്‌ അമേരിക്കയുടെയൊ സഖ്യരാഷ്‌ട്രങ്ങളുടെയൊ ഡബ്ല്യുഎച്ച്‌ഒ അടക്കമുള്ള യുഎൻ ഘടകങ്ങളുടെയൊ നേതൃത്വത്തിൽ നടത്തുന്ന അന്വേഷണത്തിന്‌ ചൈന പൂർണവിവരങ്ങൾ തന്നതായും അവിടത്തെ വന്യജീവി ചന്തകൾ അടച്ചുവെന്നും 60 ദിവസത്തിനകം സാക്ഷ്യപ്പെടുത്താൻ യുഎസ്‌ പ്രസിഡന്റിനെ നിർബന്ധിതമാക്കുന്നതാണ്‌ ബിൽ. സാക്ഷ്യപ്പെടുത്തൽ സാധിക്കുന്നില്ലെങ്കിൽ ആസ്‌തി മരവിപ്പിക്കലുകൾ, യാത്രാ വിലക്കുകൾ, വിസ റദ്ദാക്കലുകൾ, ചൈനീസ്‌ സ്ഥാപനങ്ങൾക്ക്‌ വായ്‌പ നൽകുന്നതിൽനിന്ന്‌ യുഎസ്‌ ധനസ്ഥാപനങ്ങളെ നിയന്ത്രിക്കൽ തുടങ്ങിയ ഉപരോധ നടപടികൾക്ക്‌ പ്രസിഡന്റിന്‌ അധികാരമുണ്ടാവും. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ട്രംപിന്‌ സഹായകമായി ചൈനാ വിരോധം വളർത്താൻ ലക്ഷ്യമിട്ടാണ്‌ ബിൽ.

വുഹാനിലെ വന്യജീവി ചന്ത അടയ്‌ക്കേണ്ടതില്ലെന്ന്‌ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. അമേരിക്കയിലടക്കം ഉണ്ടായിട്ടുള്ള പക്ഷപ്പനി, പന്നിപ്പനി തുടങ്ങിയ രോഗങ്ങളുടെ പേരിൽ ചന്തകൾ അടച്ച കീഴ്‌വഴക്കമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top