17 April Wednesday

മ്യാന്മറിന്‌ യുഎസ്‌ ഉപരോധം ; സൈനിക അട്ടിമറിക്കെതിരെ നടപടിയുമായി കൂടുതൽ രാജ്യങ്ങൾ

വെബ് ഡെസ്‌ക്‌Updated: Friday Feb 12, 2021


സോൾ
മ്യാന്മറിലെ സൈനിക അട്ടിമറിക്കെതിരെ നടപടിയുമായി കൂടുതൽ രാജ്യങ്ങളും സംഘടനകളും രംഗത്ത്‌. മ്യാന്മറിന്‌ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്ന എക്‌സിക്യൂട്ടീവ്‌ ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ ഒപ്പിട്ടു. ഇതോടെ 100 കോടി ഡോളറിന്റെ സഹായം സൈനിക സർക്കാരിനു ലഭിക്കില്ല. രോഹിങ്ക്യൻ മുസ്ലിങ്ങളെ വധിച്ചതിനെ തുടർന്ന്‌ അമേരിക്ക മ്യാന്മർ സൈന്യത്തിനെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നു. യുഎസ്‌ ഉപരോധം സൈന്യത്തെ ലക്ഷ്യമിട്ടുള്ളതാണെന്നും ആരോഗ്യ മേഖലയ്‌ക്ക്‌ നൽകി വരുന്ന സഹായം തുടരുമെന്നും ബൈഡൻ പറഞ്ഞു.

മ്യാന്മറിനോട്‌ യൂറോപ്യൻ യൂണിയന്റെ നിലപാട് തീരുമാനിക്കാൻ 22ന്‌ യോഗം ചേരുമെന്ന്‌ യൂണിയന്റെ വിദേശ നയ മേധാവി ജോസഫ്‌ ബൊറേൽ പറഞ്ഞു. സൈനിക സർക്കാരിൽ‌ സമ്മർദം ശക്തമാക്കുന്ന തരത്തിലാകും നിലപാട്‌ സ്വീകരിക്കുക.  ഇതിനായി ചില വ്യക്തികൾക്കും സൈന്യത്തിനു കീഴിലുള്ള വ്യവസായങ്ങൾക്കും ഇയു ഉപരോധം ഏർപ്പെടുത്തും. 2014ന്‌ ശേഷം 70 കോടി യൂറോയുടെ സഹായം മ്യാന്മറിന്‌ നൽകിയിട്ടുണ്ട്‌. യുഎൻ മനുഷ്യാവകാശ കമീഷൻ വെള്ളിയാഴ്‌ച മ്യാന്മറിലെ മനുഷ്യാവകാശ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം ചേരും.

മലേഷ്യയും ഇന്തോനേഷ്യയും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ അസോസിയേഷന്റെ യോഗം വിളിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്‌. സംഘടനയിൽ മ്യാന്മറും ഭാഗമാണ്‌. നേരത്തെ ന്യൂസിലാൻഡ്‌ മ്യാന്മറിനുമേൽ ഉപരോധം ചുമത്തിയശേഷം സൈനിക നേതാക്കൾക്ക്‌ യാത്ര വിലക്ക്‌ ഏർപ്പെടുത്തുകയും ചെയ്‌തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top