19 April Friday

സിൻജിയാങ്ങിലെ 3 നേതാക്കൾക്ക്‌ അമേരിക്കൻ ഉപരോധം

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020


വാഷിങ്‌ടൺ/ബീജിങ്‌
വടക്കുപടിഞ്ഞാറൻ ചൈനയിലെ മുസ്ലിം ഭൂരിപക്ഷ പ്രവിശ്യയായ സിൻജിയാങ്ങിലെ മൂന്ന്‌ നേതാക്കൾക്ക്‌ അമേരിക്കൻ ഉപരോധം. അമേരിക്ക മറ്റ്‌ പല രാജ്യങ്ങൾക്കുമെതിരെ ചെയ്യുന്നതുപോലെ അസത്യങ്ങളും അർധസത്യങ്ങളും പ്രചരിപ്പിച്ചാണ്‌ നടപടി. ഉപരോധത്തിന്‌‌ തിരിച്ചടിയുണ്ടാവുമെന്നും അമേരിക്കൻ നേതാക്കൾക്കെതിരെ തത്തുല്യമായ നടപടി സ്വീകരിക്കുമെന്നും ചൈന മുന്നറിയിപ്പ്‌ നൽകി.

ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാർടി പൊളിറ്റ്‌ബ്യൂറോ അംഗവും സിൻജിയാങ് വീഗർ സ്വയംഭരണ മേഖലയിലെ പാർടി സെക്രട്ടറിയുമായ ചെൻ ഖ്വാൻഗുവോ, സിൻജിയാങ്ങിലെ പാർടിയുടെ രാഷ്‌ട്രീയ–-നിയമ സമിതി സെക്രട്ടറി ഷൂ ഹൈലുൻ, മേഖലാ പാർടിയുടെ പൊതുസുരക്ഷാ ബ്യൂറോ സെക്രട്ടറി വാങ്‌ മിങ്‌ഷാൻ എന്നിവർക്കെതിരെയാണ്‌ ഉപരോധമെന്ന്‌ യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി മൈക്‌ പോംപിയോ പ്രഖ്യാപിച്ചു. അമേരിക്കൻ ഉപരോധമുള്ള ഏറ്റവും മുതിർന്ന ചൈനീസ്‌ നേതാവാണ്‌ ചെൻ.

ഈ നേതാക്കൾക്കും അവരുടെ ഉറ്റബന്ധുക്കൾക്കും അമേരിക്കയിൽ പ്രവേശിക്കുന്നതിന്‌ നിരോധനമുണ്ടാവും. അമേരിക്കക്കാർ ഇവരുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്നത്‌ കുറ്റകൃത്യമാവും. വീഗർ മുസ്ലിങ്ങൾക്കും കസാഖ്‌ വംശജർക്കും മറ്റ്‌ ന്യൂനപക്ഷ വിഭാഗങ്ങൾക്കുമെതിരെ മനുഷ്യാവകാശലംഘനങ്ങൾ നടത്തിയെന്നാരോപിച്ചാണ്‌ നടപടി. ട്രംപ്‌ ഭരണകൂടം ഒരു വർഷത്തിലേറെയായി ചൈനയ്‌ക്കെതിരെ നടത്തുന്ന ശീതയുദ്ധത്തിന്റെ ഭാഗമായ നടപടികൾ അമേരിക്കയിൽ കോവിഡ്‌ വ്യാപനവും മരണവും രൂക്ഷമായതോടെയാണ്‌ തീവ്രമാക്കിയത്‌.

ഒരാഴ്‌ചയ്‌ക്കിടെ ചൈനീസ്‌ നേതാക്കൾക്കെതിരെ അമേരിക്ക ഏർപ്പെടുത്തുന്ന മൂന്നാമത്തെ ഉപരോധമാണിത്‌. അർധസ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങിൽ യുഎസ്‌, ബ്രിട്ടീഷ്‌ ഇടപെടലുകൾ തടയാൻ ചൈന ദേശീയ സുരക്ഷാ നിയമം നടപ്പാക്കിയതിന്റെ പേരിൽ ചിലർക്ക്‌ അമേരിക്ക ആദ്യം ഉപരോധം ഏർപ്പെടുത്തി. ഇതിനെതിരെ തിങ്കളാഴ്‌ച ചൈന ചില യുഎസ്‌ നേതാക്കൾക്ക്‌ വിസാ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പിന്നാലെ തിബറ്റുമായി ബന്ധപ്പെട്ട ചൈനീസ്‌ നേതാക്കൾക്ക്‌ അമേരിക്ക വിസാനിയന്ത്രണം ഏർപ്പെടുത്തിയതിന്‌ തിരിച്ചടിയായി ചൈന ബുധനാഴ്‌ച ചില അമേരിക്കക്കാർക്ക്‌ വിസാ നിരോധനം പ്രഖ്യാപിച്ചു. സിൻജിയാങ്ങുമായി ബന്ധപ്പെട്ട പുതിയ ഉപരോധത്തിനും ഉടൻ തിരിച്ചടിയുണ്ടാവുമെന്ന്‌ ചൈനയുടെ വിദേശമന്ത്രാലയ വക്താവ്‌ ഷൗ ലിജ്യാൻ വ്യക്തമാക്കി.

ചൈനീസ്‌ പ്രൊഫസർക്കെതിരെ യുഎസ്‌ കുറ്റം ചുമത്തി
അമേരിക്കയിൽ വൈദ്യശാസ്‌ത്ര അധ്യാപകനും ഗവേഷകനുമായ ചൈനക്കാരനെതിരെ യുഎസ്‌ ധനസഹായം ചൈനയുടെ ഗവേഷണത്തിന്‌ ഉപയോഗിച്ചു എന്ന കുറ്റം ചുമത്തി. ഒഹയോ സ്‌റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയടക്കം അമേരിക്കൻ സർവകലാശാലകളിൽ റൂമറ്റോളജി പ്രൊഫസറായ സോങ്‌ ഗുവോ ഷെങ്ങിനെ ജാമ്യമില്ലാതെ തടവിൽ വയ്‌ക്കാൻ ഉത്തരവിട്ടിരിക്കുകയാണ്‌. അമേരിക്കയിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹെൽത്തിൽ(എൻഐഎച്ച്‌) നിന്നുള്ള 41 ലക്ഷത്തോളം ഡോളറിന്റെ ഗ്രാന്റ്‌ ചൈനയുടെ രോഗ പ്രതിരോധ വികസനത്തിന്‌ ഉപയോഗിക്കുന്നതിൽ ഏർപ്പെട്ടു എന്നാണ്‌ കേസ്‌. ചൈനയിലെ ജോലി മറച്ചുവച്ചാണ്‌ അമേരിക്കയിൽ ജോലി ചെയ്‌തത്‌ എന്നും ആരോപണമുണ്ട്‌. മെയ്‌ 22ന്‌ അറ്റ്‌ലാന്റയിൽനിന്നാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top