20 April Saturday

ഡബ്ല്യുഎച്ച്‌ഒയിൽ നിന്ന്‌ അമേരിക്കൻ പിന്മാറ്റം യുഎന്നിനെ അറിയിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020


വാഷിങ്‌ടൺ
ലോകാരോഗ്യ സംഘടനയിൽ(ഡബ്ല്യുഎച്ച്‌ഒ)നിന്ന്‌ അമേരിക്ക പിൻവാങ്ങുന്നതായി ട്രംപ്‌ ഭരണകൂടം ഐക്യരാഷ്‌ട്ര സംഘടനയെ ഔപചാരികമായി അറിയിച്ചു. ജൂലൈ ആറിന്‌ അമേരിക്ക പിന്മാറ്റം യുഎൻ സെക്രട്ടറി ജനറലിനെ അറിയിച്ചെന്നും അടുത്ത ജൂലൈ ആറിന്‌ ഇത്‌ പ്രാബല്യത്തിലാവുമെന്നും സെക്രട്ടറി ജനറലിന്റെ വക്താവ്‌ സ്‌റ്റെഫാൻ ദുജാറിക്‌ അറിയിച്ചു. എന്നാൽ, താൻ പ്രസിഡന്റായാൽ ആദ്യദിവസം തന്നെ അമേരിക്കയെ വീണ്ടും ഡബ്ല്യുഎച്ച്‌ഒയിൽ ചേർക്കുമെന്ന്‌ ജോ ബൈഡൻ ട്വിറ്ററിലൂടെ വ്യക്തമാക്കി. നവംബർ മൂന്നിന്‌ നടക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ മുഖ്യ എതിർസ്ഥാനാർഥി ബൈഡനായിരിക്കും.

കോവിഡ്‌ സംബന്ധിച്ച മുന്നറിയിപ്പുകൾ തുടക്കത്തിൽ അവഗണിച്ച ട്രംപ്‌ രോഗംനിയന്ത്രിക്കുന്നതിൽ ദാരുണമായി പരാജയപ്പെട്ടതിനെ തുടർന്നാണ്‌  ഡബ്ല്യുഎച്ച്‌ഒയെ പഴിച്ച്‌ ശ്രദ്ധതിരിക്കാനാരംഭിച്ചത്‌. ഏപ്രിലിൽ ഡബ്ല്യുഎച്ച്‌ഒയ്‌ക്കുള്ള വിഹിതം നിർത്തിവച്ചു.‌  ലോക സംഘടനയിൽനിന്ന്‌ പിൻവാങ്ങുമെന്ന്‌ മേയിൽ ട്രംപ്‌ പ്രഖ്യാപിച്ചു. ട്രംപിന്റെ നടപടി യഥാർഥ്യബോധമില്ലാത്തതാണെന്ന്‌ യുഎസ്‌ കോൺഗ്രസിലെ പ്രതിനിധിസഭാ സ്‌പീക്കൻ നാൻസി പെലോസി തുറന്നടിച്ചു. ഡബ്ല്യുഎച്ച്‌ഒയെ പഴിച്ചതുകൊണ്ട്‌‌ സർക്കാരിന്റെ പിഴവുകളും രാജ്യം നേരിട്ട ദുരിതവും ഇല്ലാതാവുകയില്ലെന്ന്‌ സഭാ വിദേശബന്ധ സമിതി അധ്യക്ഷൻ ഏലിയറ്റ്‌ ഏംഗൽ പറഞ്ഞു. ട്രംപും സ്‌റ്റേറ്റ്‌ സെക്രട്ടറി പോംപിയോയും ചൈനയ്‌ക്ക്‌ വൻ വിജയം സമ്മാനിക്കുകയും അമേരിക്കൻ ജനതയെ തോൽപ്പിക്കുകയും ചെയ്‌തതായി സമിതിയിലെ പ്രമുഖ അംഗം ജെഫ്‌ മെർക്‌ലി പറഞ്ഞു. അന്താരാഷ്‌ട്ര സമൂഹത്തിലും ഡബ്ല്യുഎച്ച്‌ഒയിലും ചൈനയുടെ നേതൃത്വം ശക്തിപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെ ഏകപക്ഷീയതയുടെ മറ്റൊരു ഉദാഹരണമാണിതെന്ന്‌ ചൈന പ്രതികരിച്ചു.  ഡബ്ല്യുഎച്ച്‌ഒയെ പിന്തുണയ്‌ക്കുക എന്നാൽ വൈറസിനെതിരായ പോരാട്ടത്തിൽ അന്താരാഷ്‌ട്ര സഹകരണത്തെ പിന്തുണയ്‌ക്കുകയാണെന്ന്‌ ചൈനയുടെ വിദേശമന്ത്രാലയ വക്താവ്‌ ഷൗ ലിജ്യാൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top