26 April Friday

ഗിറ്റാർ റോക്‌ ഇതിഹാസം എഡ്ഡീ വാൻ ഹേലൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 8, 2020


ന്യൂയോർക്‌
അസാമാന്യമായ പ്രതിഭാവിലാസത്തോടെ ഹാർഡ്‌ റോക്‌ സംഗീതരംഗത്ത്‌ വിസ്‌മയം തീർത്ത അമേരിക്കൻ ഗിറ്റാർ ഇതിഹാസം എഡ്ഡീ വാൻ ഹേലൻ(65) അന്തരിച്ചു. 1980കളിലെ പ്രകടനത്തിലൂടെ ‘റോക്‌ ദൈവം’ എന്ന പദവിയിലേക്കുയർന്ന അദ്ദേഹം അർബുദം ബാധിച്ച്‌ ചികിത്സയിലായിരുന്നു. ഡച്ച്‌ കുടിയേറ്റക്കാരനായിരുന്നു.

പിയാനോയിൽ ശാസ്‌ത്രീയ പരിശീലനം ലഭിച്ച ഹേലൻ മറ്റ്‌ മിക്ക സംഗീത ഉപകരണങ്ങളും സ്വയം പഠിച്ചയാളാണ്‌. എക്കാലത്തെയും വിൽപ്പന റെക്കോഡിൽ  മുന്നിലുള്ള 20 കലാകാരന്മാരിൽ ഒരാൾ. ‘റോളിങ്‌ സ്‌റ്റോൺ’ മാസിക തയ്യാറാക്കിയ 100 മഹാ ഗിറ്റാറിസ്‌റ്റുകളുടെ പട്ടികയിൽ എട്ടാമനായിരുന്നു. 1984ലെ ‘അണ്ടിൽ ദി മോണ്യുമെന്റൽ’ ബിൽബോർഡ്‌ തയ്യാറാക്കിയ 200 ആൽബങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്നു. ഒന്നാമതെത്തിയത്‌ മൈക്കേൽ ജാക്‌സന്റെ ത്രില്ലർ.

സഹോദtരൻ അലെക്‌സ്‌, ഗായകൻ ഡേവിഡ്‌ ലീ റോത്ത്‌, ബാസിസ്‌റ്റ്‌ മൈക്കേൽ ആന്തണി എന്നിവരുമായി ചേർന്ന്‌ 1974ൽ കാലിഫോർണിയയിലെ പാസഡീനയിൽ രൂപീകരിച്ച ‘ചാന ഹേലൻ’ എന്ന റോക്‌ ബാൻഡ്‌ പ്രശസ്‌തമാണ്‌. 1999ൽ ഇടുപ്പ്‌ മാറ്റിവയ്‌ക്കലിന്‌ വിധേയനായി. 2002ൽ അർബുദം ബാധിച്ച നാക്കിന്റെ മൂന്നിലൊന്ന്‌ ഭാഗം നീക്കം ചെയ്യേണ്ടിവന്നു. ഗിറ്റാർ മീട്ടാൻ ഉപയാഗിക്കുന്ന ‘പിക്‌’ കടിച്ചുപിടിച്ചാണ്‌ തനിക്ക്‌ അർബുദം ബാധിച്ചതെന്ന്‌ പറയുമായിരുന്നു. അർബുദം പിന്നീട്‌ അന്നനാളത്തിലേക്ക്‌ പടർന്നു. മദ്യാസക്തിക്കും ലഹരിമരുന്നിനും അടിമയായിരുന്ന ഹേലൻ 2008ൽ മദ്യപാനം നിർത്തി. 1981ൽ നടി വലേറി ബെർട്ടിനെല്ലിയെ വിവാഹം കഴിച്ചു. 2007ൽ അവരുമായി പിരിഞ്ഞു. സ്‌റ്റണ്ട്‌ താരമായിരുന്ന ജാനി ലിസെവ്‌സ്‌കിയെ 2009ൽ വിവാഹം കഴിച്ചു. മകൻ വോൾഫ്‌ഗാങ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top