20 April Saturday

എണ്ണ ഉൽപ്പാദനത്തിലെ 
നിയന്ത്രണം തുടരാൻ ഒപെക്‌

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022


ദുബായ്‌/മോസ്‌കോ
അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും എതിർപ്പ്‌ വകവയ്ക്കാതെ എണ്ണ ഉൽപ്പാദനത്തിലെ നിയന്ത്രണം തുടരാനുള്ള നീക്കവുമായി ഒപെക്‌ രാജ്യങ്ങൾ. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഒപെക്‌ ഞായറാഴ്‌ച ചേർന്ന യോഗത്തിലാണ്‌ ഉൽപ്പാദനത്തിലെ നിയന്ത്രണം തുടരാൻ തീരുമാനിച്ചത്‌. കയറ്റുമതി ചെയ്യുന്ന റഷ്യൻ അസംസ്‌കൃത എണ്ണയ്‌ക്ക്‌ യൂറോപ്യൻ യൂണിയനും ജി ഏഴ്‌ രാജ്യങ്ങളും ഓസ്‌ട്രേലിയയും ചേർന്ന്‌ വിലപരിധി നിശ്ചയിച്ചതിനു പിന്നാലെയാണ്‌ ഒപെകിന്റെ നടപടി. 2023 അവസാനംവരെ ഉൽപ്പാദനത്തിൽ പ്രതിദിനം 20 ലക്ഷം ബാരൽ കുറയ്‌ക്കാനായിരുന്നു ഒപെക്‌ രാജ്യങ്ങൾ നേരത്തേ തീരുമാനിച്ചിരുന്നത്‌. ഇത്‌ ലോകത്തിന്‌ ആവശ്യമായ എണ്ണയുടെ രണ്ടു ശതമാനത്തോളം വരും. ഇതിനെതിരെ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. റഷ്യയെ സഹായിക്കാനുള്ള സൗദി അറേബ്യയുടെ ഇടപെടലാണ്‌ ഒപെക്‌ തീരുമാനത്തിനു പിന്നിലെന്ന്‌ അമേരിക്ക ആരോപിച്ചു. എന്നാൽ, ആഗോള സാമ്പത്തിക പ്രതിസന്ധിയിൽ എണ്ണവില കുറഞ്ഞതാണ്‌ ഉൽപ്പാദനം കുറയ്‌ക്കാൻ കാരണമെന്ന്‌ ഒപെക്‌ പറഞ്ഞു.

ഇതിനിടെ റഷ്യൻ അസംസ്‌കൃത എണ്ണയ്‌ക്ക്‌ വിലപരിധി നിശ്ചയിച്ചതിനെതിരെ റഷ്യ ശക്തമായി രംഗത്തെത്തി. വിലപരിധി നിശ്ചയിച്ച രാജ്യങ്ങൾക്ക്‌ എണ്ണ വിൽക്കില്ലെന്ന്‌ റഷ്യൻ വക്താവ്‌ ദിമിത്രി പെസ്‌കോവ്‌ പറഞ്ഞു. നിലവിലെ സാഹചര്യം വിലയിരുത്തുകയാണ്‌. അടുത്ത വർഷംമുതൽ റഷ്യൻ എണ്ണയില്ലാതെ യൂറോപ്പ്‌ കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top