25 April Thursday

താലിബാനെ അംഗീകരിക്കാൻ തിടുക്കമില്ലെന്ന് അമേരിക്ക

വെബ് ഡെസ്‌ക്‌Updated: Friday Sep 3, 2021


വാഷിങ്ടണ്‍
താലിബാനെ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് തിടുക്കത്തില്‍ തീരുമാനമുണ്ടാകില്ലെന്ന് അമേരിക്ക. താലിബാന്‍ ആ​ഗോളസമൂഹത്തിന്റെ പ്രതീക്ഷയ്‌ക്ക്‌ അനുസൃതമായി പ്രവര്‍ത്തിക്കുന്നോ എന്നതിന്‌ അനുസരിച്ചായിരിക്കും അമേരിക്കയും സുഹൃദ് രാജ്യങ്ങളും തീരുമാനമെടുക്കുകയെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ പിസാക്കി വ്യക്തമാക്കി.

യുഎസ് സ്റ്റേറ്റ് അണ്ടർ സെക്രട്ടറി വിക്ടോറിയ ജെ നൂലൻഡും സമാന അഭിപ്രായപ്രകടനം നടത്തി. യുഎന്‍ പ്രമാണത്തിനു കീഴില്‍ വരുന്ന നിബന്ധനകള്‍ ഉള്‍പ്പെടെ പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ചുമാത്രമേ ഭരണകൂടത്തെ അം​ഗീകരിക്കൂ എന്നും നിലവില്‍ അഫ്​ഗാനിലെ ജനങ്ങള്‍ക്കുള്ള മാനുഷിക സഹായം താലിബാന് അനുകൂലമല്ലാത്ത രീതിയില്‍ എങ്ങനെ എത്തിച്ചുനല്‍കാം എന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നും നൂലൻഡ്‌ പറഞ്ഞു.

അതിനിടെ അഫ്​ഗാനില്‍ വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിച്ചതിനുശേഷം റഷ്യ, അമേരിക്ക, ചൈന, പാകിസ്ഥാൻ എന്നീ രാജ്യങ്ങള്‍  ഉൾപ്പെടുന്ന ‘വിപുലീകൃത ട്രോയിക്ക' സമ്മേളനം കാബൂളിൽ വിളിച്ചുചേര്‍ക്കാന്‍ റഷ്യ ഒരുങ്ങുന്നതായി സഹ വിദേശമന്ത്രി ഇഗോർ മോർഗുലോവിനെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസി സ്പുട്നിക് റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ ചൈനക്കും അനുകൂല നിലപാടാണ്. അഫ്ഗാൻ സാഹചര്യം റഷ്യയുമായി ചര്‍ച്ച ചെയ്യുന്നതായി ചൈനീസ് വിദേശമന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു. കാബൂൾ വിമാനത്താവളം വീണ്ടും തുറക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ്‌ മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ അഫ്​ഗാന്‍ വിഷയം ചര്‍ച്ച ചെയ്യാൻ ബ്രിട്ടീഷ് വിദേശ സെക്രട്ടറി ഡൊമിനിക് റാബ് ഖത്തറിലെ അമീർ, വിദേശമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. 2013 മുതൽ താലിബാൻ രാഷ്ട്രീയ വിഭാഗത്തിന്‌ ആതിഥ്യം നൽകുന്നതുൾപ്പെടെ അഫ്ഗാൻ കാര്യങ്ങളില്‍ ഖത്തര്‍ വഹിച്ചിട്ടുള്ള പങ്കില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് സന്ദര്‍ശനം. അഭയാർഥികളുടെ ഒഴുക്ക് ഭയന്ന് അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിർത്തിയായ ചമൻ പാകിസ്ഥാൻ താൽക്കാലികമായി അടച്ചു. അഫ്‌ഗാനിസ്ഥാനിൽ സർക്കാർ രൂപീകരണ ചർച്ചകൾ കാര്യമായ പുരോഗതി ഇല്ലാതെ ഇഴയുകയാണ്‌.

പുതിയ സർക്കാരിൽ മുൻ പ്രസിഡന്റ്‌ ഹമീദ്‌ കർസായി, മുൻ വിദേശമന്ത്രി അബ്‌ദുല്ല അബ്‌ദുല്ല എന്നിവരുണ്ടായേക്കും എന്ന്‌ പ്രചരണമുണ്ട്‌. എന്നാൽ താലിബാൻ നയിക്കുന്ന സർക്കാരിൽ കർസായിക്ക്‌ സാധ്യത ഇല്ലെന്നും റിപ്പോർട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top