25 April Thursday

ആതുരസേവനം ഉപേക്ഷിച്ച്‌ ഭീകരവാദത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022

 

കാബൂൾ
ഭീകരസംഘടനയായ അൽ ഖായ്‌ദയുടെ ‘താത്വികാചാര്യൻ’ എന്ന്‌ വിശേഷിപ്പിക്കപ്പെട്ടിരുന്നയാളാണ്‌ അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട അയ്‌മൻ അൽ സവാഹിരി. നേത്രശസ്ത്രക്രിയാ വിദഗ്‌ധനായിരിക്കുമ്പോൾത്തന്നെ ഭീകരപ്രവർത്തനം തുടങ്ങി പിന്നീട്‌ മുഴുവൻ സമയം അതിലേക്ക്‌ തിരിഞ്ഞു.

1951 ജൂൺ 19ന്‌ കെയ്‌റോയിൽ ജനിച്ചു. മുത്തച്ഛൻ റാബിയ അൽ സവാഹിരി അൽ അസർ സർവകലാശാലയിൽ ഇമാമായിരുന്നു. അറബ്‌ ലീഗിന്റെ ആദ്യ സെക്രട്ടറിയായിരുന്ന അബ്‌ദേൽ റഹ്മാൻ അസ്സാം അടുത്ത ബന്ധു. നിരോധിക്കപ്പെട്ട മുസ്ലിം ബ്രദർഹുഡുമായി ബന്ധപ്പെട്ട്‌ പ്രവർത്തിച്ചതിന്‌ പതിനഞ്ചാം വയസ്സിൽ ആദ്യമായി അറസ്‌റ്റിലായി. 1973ൽ ഈജിപ്ഷ്യൻ ഇസ്ലാമിക്‌ ജിഹാദ്‌ രൂപീകരിക്കപ്പെട്ടപ്പോൾ അതിന്റെ ഭാഗമായി. 1981ൽ ഈജിപ്ഷ്യൻ പ്രസിഡന്റ്‌ അൻവർ സാദത്തിന്റെ വധത്തെ തുടർന്ന്‌ ജയിലിലായി. തുടർന്നുള്ള വിചാരണയിലാണ്‌ ഇസ്ലാമിക സ്‌റ്റേറ്റും സമൂഹവും സൃഷ്ടിക്കുക എന്ന ലക്ഷ്യം പരസ്യമാക്കിയത്‌. 1985ൽ ജയിൽമോചിതനായശേഷം സൗദി അറേബ്യയിലേക്കും പിന്നീട്‌ പെഷാവർ വഴി അഫ്‌ഗാനിലേക്കും പോയി. അവിടെവച്ചാണ്‌ ഒസാമ ബിൻ ലാദനുമായി പരിചയപ്പെടുന്നത്‌. 1998ൽ ഈജിപ്ഷ്യൻ ഇസ്ലാമിക്‌ ജിഹാദിനെ അൽ ഖായ്‌ദയിൽ ലയിപ്പിച്ചു. ലാദന്റെ വലംകൈയായി.അതിനിടെ, പ്രധാനമന്ത്രി ആതിഫ്‌ സിദ്‌ഖിക്കുനേരെ ഉൾപ്പെടെ ഈജിപ്തിൽ നിരവധി ആക്രമണങ്ങൾ ആസൂത്രണം ചെയ്ത്‌ നടപ്പാക്കി. 1990കളിൽ സർക്കാരിനെ അട്ടിമറിക്കാൻ നടത്തിയ തുടർ ആക്രമണങ്ങളിൽ ആയിരത്തിഇരുനൂറിലധികംപേർ കൊല്ലപ്പെട്ടു. 1998ൽ താൻസാനിയയിലെയും കെനിയയിലെയും യുഎസ്‌ എംബസികളിലും നടത്തിയ ആക്രമണങ്ങളിൽ 223 പേർ കൊല്ലപ്പെട്ടു.

9/11 ആക്രമണത്തിനുശേഷം അമേരിക്ക ഇദ്ദേഹത്തിന്റെ സഹായികളിൽ ഓരോരുത്തരെയായി വധിച്ചു. അമേരിക്ക പുറത്തുവിട്ട 22 കൊടുംഭീകരരുടെ പട്ടികയിൽ ലാദനുശേഷം രണ്ടാം സ്ഥാനത്തായിരുന്നു. അമേരിക്കയുടെ തുടർ ആക്രമണങ്ങൾ നടക്കുമ്പോൾത്തന്നെ ഇറാഖ്‌, ഏഷ്യ, യമൻ, ഇന്ത്യൻ ഉപഭൂഖണ്ഡം എന്നിവിടങ്ങളിലേക്ക്‌ പ്രവർത്തനം വ്യാപിപ്പിക്കുന്നതിൽ സവാഹിരി വിജയിച്ചു. 2020 നവംബറിലടക്കം ഒന്നിലേറെ തവണ സവാഹിരി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ 2021 സെപ്തംബർ 11ന്‌ സവാഹിരിയുടെ  വീഡിയോദൃശ്യം പുറത്തുവന്നു.

ആദേൽ 
അടുത്ത മേധാവി
അൽ ഖായ്‌ദയുടെ സ്ഥാപകനേതാക്കളിൽ ഒരാളും മുൻ ഈജിപ്ഷ്യൻ സൈനിക ഓഫീസറുമായ സെയ്‌ഫ്‌ അൽ ആദേൽ ഭീകരസംഘടനയുടെ പുതിയ മേധാവിയായേക്കും. കൊടുംഭീകരരുടെ പട്ടികയിൽപ്പെടുത്തിയിട്ടുള്ള ആദേലിനെപ്പറ്റി വിവരം നൽകുന്നവർക്ക്‌ എഫ്‌ബിഐ ഒരു കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്‌. ഏപ്രിൽ 11നാണ്‌ ജന്മദിനമെങ്കിലും ജനിച്ച വർഷം 1960ആണോ 1963ആണോ എന്നതിൽ വ്യക്തതയില്ല. 1980കളിൽ മക്‌തബ്‌ അൽ ഖിദാമത്‌ എന്ന സംഘടനയുടെ ഭാഗമായി ഭീകരപ്രവർത്തനം തുടങ്ങി. കൊല്ലപ്പെട്ട മേധാവി സവാഹിരിക്കൊപ്പമാണ്‌ അൽ ഖായ്‌ദയുടെ ഭാഗമായത്‌. മുഹമ്മദ്‌ ഇബ്രാഹിം മക്കവി, ഇബ്രാഹിം അൽ മദനി തുടങ്ങി വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്നു.

ജാഗ്രത കെെവിടാതെ ഇന്ത്യ
ഇന്ത്യക്കെതിരെ തുടർച്ചയായി ഭീഷണി മുഴക്കിവന്ന അൽ ഖായ്‌ദ തലവൻ അയ്‌മൻ അൽ സവാഹിരിയുടെ വധത്തെതുടർന്നുള്ള സാഹചര്യം കേന്ദ്ര സർക്കാരും സുരക്ഷാ ഏജൻസികളും ജാഗ്രതയോടെ നിരീക്ഷിക്കുന്നു. സവാഹിരി വധിക്കപ്പെട്ടെങ്കിലും അൽ ഖായ്‌ദയുടെ പ്രവർത്തനം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അവസാനിക്കാൻ സാധ്യതയില്ലെന്ന്‌ സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നു. സവാഹിരിയാണ്‌ 2014ൽ അൽ ഖായ്‌ദയുടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ശാഖയ്‌ക്ക്‌ രൂപം നൽകിയത്‌. തുടർന്ന്‌ പുറത്തുവിട്ട 56 മിനിറ്റ്‌  പ്രസംഗത്തിൽ ദക്ഷിണേഷ്യയിലാകെ സംഘടനയുടെ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന്‌ സവാഹിരി അവകാശപ്പെട്ടു.

 ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖായ്‌ദ നേതാവായി സവാഹിരി നിയോഗിച്ച മൗലാന അസീം ഒമർ 2019ൽ അഫ്‌ഗാനിൽ കൊല്ലപ്പെട്ടു. ഇന്ത്യക്കു പുറമെ പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, മ്യാന്മർ, ബംഗ്ലാദേശ്‌ എന്നിവിടങ്ങളിൽ സംഘടനാ പ്രവർത്തനം തുടർന്നു. കശ്‌മീരിൽ ഭീകരർക്ക്‌ സവാഹിരി പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ജമ്മു കശ്‌മീരിൽ സൈന്യത്തിനും സർക്കാരിനും കടുത്ത പ്രഹരമേൽപ്പിക്കുമെന്ന്‌ വീഡിയോ സന്ദേശത്തിൽ പ്രഖ്യാപിച്ചു. ജാർഖണ്ഡിൽ അൽ ഖായ്‌ദ പരിശീലനക്യാമ്പ്‌ സ്ഥാപിക്കാൻ പദ്ധതിയിട്ടവർ ഏതാനും വർഷംമുമ്പ്‌ ഡൽഹിയിൽ പിടിയിലായി. കർണാടകത്തിൽ ഹിജാബ്‌ വിവാദം കത്തിപ്പടർന്നപ്പോഴും നൂപുർ ശർമയുടെ പ്രവാചകനിന്ദ പരാമർശത്തിനുശേഷവും സവാഹിരിയിൽനിന്ന്‌ ഭീഷണിയുണ്ടായി. പ്രവാചകനെ നിന്ദിച്ചതിനുള്ള മറുപടിയായി ഡൽഹി, മഹാരാഷ്‌ട്ര, ഗുജറാത്ത്‌, ഉത്തർപ്രദേശ്‌ എന്നിവിടങ്ങളിൽ ചാവേർ ആക്രമണങ്ങൾ ഉണ്ടാകുമെന്നായിരുന്നു ഭീഷണി.അസമിൽ അൽ ഖായ്‌ദ ഘടകങ്ങൾ പ്രവർത്തിക്കുന്നതായും റിപ്പോർട്ടുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top