19 April Friday
ഇസ്രയേല്‍ നടപടി ലോകരാജ്യങ്ങളുടെ 
സമ്മര്‍ദം ശക്തമായതോടെ

പെ​ഗാസസ് ചോര്‍ത്തല്‍ : എന്‍എസ്ഒയില്‍ റെയ്‍ഡ്

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021


ജറുസലേം
ലോകനേതാക്കളുടെ സ്മാര്‍ട് ഫോണുകള്‍ പോലും ചോര്‍ത്തിയതിനെതിരെ ആ​ഗോളതലത്തില്‍ പ്രതിഷേധം ശക്തമായതോടെ പെ​ഗാസസ് നിര്‍മാതാക്കളായ എന്‍എസ്ഒ ​ഗ്രൂപ്പിന്റെ ഓഫീസുകളില്‍ റെയ്ഡ് നടത്തി ഇസ്രയേല്‍ സര്‍ക്കാര്‍. പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘമാണ് റെയ്ഡ് നടത്തിയത്.

ഇന്ത്യയുള്‍പ്പെടെ വിവിധരാജ്യങ്ങളിലുള്ള ഉന്നത രാഷ്ട്രീയ, നയതന്ത്ര, സൈനിക ഉദ്യോ​ഗസ്ഥരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ബിസിനസ് പ്രമുഖരുടെയും ഫോണുകളിലാണ് കടന്നുകയറിയത്. ലോകത്താകെ അരക്കോടിയോളം ഫോണുകളിലാണ് നുഴഞ്ഞ‍ുകയറിയത്. ഇന്ത്യയില്‍ 300 ഫോണ്‍ ചോര്‍ത്തിയെന്നാണ് ഇതുവരെ വെളിപ്പെട്ടത്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍ ഉള്‍പ്പെടെ വിവിധ രാജ്യത്തിന്റെ തലവന്മാരും പെ​ഗാസസ് നിരീക്ഷണത്തിലായിരുന്നുവെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ വിഷയത്തില്‍ ഇസ്രയേല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 

റെയ്‌ഡ് നടത്തിയെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രാലയം ട്വിറ്ററിലൂടെയാണ് അറിയിച്ചത്.  പ്രവര്‍ത്തനം സുതാര്യമാണെന്നും ആരോപണങ്ങള്‍ തെറ്റാണെന്ന് അന്വേഷണം തെളിയിക്കുമെന്നും എന്‍എസ്ഒ വക്താവ് പ്രതികരിച്ചു. സോഫ്റ്റ്‌വെയറുകള്‍ കൈമാറുന്നത് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കാണെന്നും പിന്നീടുള്ള വിവരം ലഭിക്കില്ലെന്നും നേരത്തെ കമ്പനി  വെളിപ്പെടുത്തിയിരുന്നു. 

പെഗാസസ് പ്രോജക്ടിന്റെ കണ്ടെത്തലുകള്‍ക്കൊപ്പം ശക്തമായി നിലകൊള്ളുന്നുവെന്നും പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പ്രസ്താവനയില്‍ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top