വാഷിങ്‌ടൺ
യുദ്ധത്തിൽ തകർന്ന ഉക്രയ്‌നെ പുനർനിർമിക്കാൻ 41,100 കോടി ഡോളർ (ഏകദേശം 33.81 ലക്ഷം കോടി രൂപ) വേണ്ടിവരുമെന്ന് ലോകബാങ്ക്. നാശനഷ്ടങ്ങളുണ്ടാക്കിയ മാലിന്യക്കൂമ്പാരം നീക്കം ചെയ്യാൻതന്നെ 500 കോടി ഡോളർ വേണ്ടിവരുമെന്നും റിപ്പോർട്ടിലുണ്ട്. ഉക്രയ്‌ൻ സർക്കാരുമായി ചേർന്ന് ലോകബാങ്ക്, യൂറോപ്യൻ കമീഷൻ, ഐക്യരാഷ്ട്ര സംഘടന എന്നിവ സംയുക്തമായാണ് പഠനം നടത്തിയത്.
യുദ്ധത്തിൽ 9655 സാധാരണക്കാർ കൊല്ലപ്പെട്ടതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 20 ലക്ഷത്തോളം വീടുകൾക്ക് നാശനഷ്ടമുണ്ടായി. പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ അഞ്ചിലൊന്നും തകർന്നു. കെട്ടിടങ്ങളുടെ നാശനഷ്ടങ്ങൾ പരിഹരിക്കാൻമാത്രം 13,500 കോടി ഡോളർ വേണം.
റഷ്യയുമായുള്ള യുദ്ധം ഉക്രയ്‌ന്റെ ജിഡിപിയിൽ 29 ശതമാനത്തിന്റെ കുറവുണ്ടാക്കി. 17 ലക്ഷം പൗരരെ പട്ടിണിയിലാക്കി. വിദ്യാഭ്യാസരംഗവും വലിയരീതിയിൽ തടസ്സപ്പെട്ടു. യുദ്ധത്തിൽനിന്ന് രക്ഷപ്പെട്ടവരിൽ 20 ലക്ഷം കുട്ടികളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..