29 March Friday

വിറങ്ങലിച്ച്‌ തുർക്കി, സിറിയ ; 
മരണം 23,000 കടന്നു

വെബ് ഡെസ്‌ക്‌Updated: Saturday Feb 11, 2023


അങ്കാറ
തുർക്കിയിലും സിറിയയിലും ഭൂകമ്പമുണ്ടായി അഞ്ച്‌ ദിവസം പിന്നിടുമ്പോൾ മരണസംഖ്യ 23,000 കടന്നു. തുര്‍ക്കിയില്‍ 19,000ത്തിലേറെ പേരും സിറിയയില്‍ നാലായിരത്തോളം പേരും മരിച്ചതായാണ് കണക്കുകള്‍. തുർക്കിയിൽ 75,523 പേർക്കും സിറിയയിൽ 5245 പേർക്കും  പരിക്കേറ്റു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ പൂര്‍ണമായി പുറത്തെടുക്കാനാകാത്തതിനാൽ ദുരന്തത്തിന്റെ വ്യാപ്തി പൂർണമായി വ്യക്തമല്ല. കെട്ടിടാവശിഷ്‌ടങ്ങളിൽ കുടുങ്ങിപ്പോയവർ അതിജീവിക്കാനുള്ള സാധ്യത ഇനി വിരളമാണെന്നാണ്‌ നിഗമനം. എന്നാൽ, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ചിലരെ ജീവനോടെ രക്ഷിക്കാനാകുന്നത്‌ രക്ഷാപ്രവർത്തകർക്ക്‌ പ്രതീക്ഷയേകുന്നു.

അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കാനും ഭൂകമ്പം ബാധിച്ചവരെ പിന്തുണയ്ക്കുന്നതിനുമായി അടിയന്തര ധനസഹായം ഉള്‍പ്പെടെ 1.78 ബില്യണ്‍ ഡോളര്‍ (ഏകദേശം 1.46 ലക്ഷം കോടി രൂപ) തുര്‍ക്കിക്ക് നല്‍കുമെന്ന് ലോക ബാങ്ക് വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തിന്‌ കൂടുതല്‍ സഹായം എത്തിക്കുമെന്ന് യുഎൻ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും വ്യക്തമാക്കി. പതിനായിരങ്ങളെ ദുരിതത്തിലാഴ്‌ത്തിയ പ്രകൃതിദുരന്തത്തിൽ മറ്റ്‌ വിയോജിപ്പുകൾ മറന്ന്‌ ജനങ്ങൾ ഒന്നിച്ചു നിൽക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. ഭൂകമ്പത്തെ അതിജീവിച്ചവര്‍ക്ക് പാര്‍പ്പിടം, ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ വേഗത്തിൽ ലഭ്യമാക്കിയില്ലെങ്കില്‍ രണ്ടാമത്തെ മാനുഷിക ദുരന്തമുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്‌. കെട്ടിടങ്ങളും വീടുകളും മറ്റും തകർന്ന്‌ റോഡുകൾ അടഞ്ഞതോടെ പല സ്ഥലത്തും ദുരിതാശ്വാസം എത്തിക്കാനാകാത്തതാണ്‌ വെല്ലുവിളി.  കടുത്ത ശൈത്യവും രക്ഷാപ്രവർത്തനത്തിന്‌ തിരിച്ചടിയാണ്‌. ദുരന്തത്തെ അതിജീവിച്ചവർ ഭക്ഷണവും മരുന്നും പാർപ്പിടവുമില്ലാതെ വലയുകയാണെന്നാണ്‌ റിപ്പോർട്ട്‌.
 

ഇന്ത്യൻ സംഘം തുർക്കിയിൽ
തുർക്കിയിൽ രക്ഷാപ്രവർത്തനത്തിനിടെ ഇന്ത്യൻ രക്ഷാപ്രവർത്തകയെ സ്‌നേഹത്തോടെ ആശ്ലേഷിക്കുന്ന തുർക്കി സ്‌ത്രീയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. കരസേനയിലെ അഡീഷണൽ ഡയറക്‌ടർ ജനറൽ ഓഫ്‌ പബ്ലിക്‌ ഇൻഫർമേഷൻ വി കെയർ എന്ന അടിക്കുറിപ്പോടെ ട്വിറ്ററിൽ പങ്കുവച്ച ചിത്രമാണ്‌ വൈറലായത്‌. രക്ഷാപ്രവർത്തനത്തിനിടെ ഇന്ത്യൻ ഉദ്യോഗസ്ഥയ്‌ക്ക്‌ തുർക്കി സ്വദേശിനി കവിളിൽ സ്‌നേഹചുംബനം നൽകുന്ന ചിത്രമാണ് ശ്രദ്ധ നേടിയത്‌. അടിയന്തര വൈദ്യസഹായവും  മൊബൈൽ ആശുപത്രി സൗകര്യവും ലഭ്യമാക്കി ഇന്ത്യൻ സേന തുർക്കിയിലുണ്ട്‌.   ഓപ്പറേഷൻ ദോസ്‌ത്‌ എന്ന പേരിലാണ്‌ ഇന്ത്യയുടെ രക്ഷാപ്രവർത്തന ദൗത്യം. ഇന്ത്യ തുർക്കിക്ക്‌ ഒപ്പമുണ്ടെന്നും ഇന്ത്യൻ സംഘം രാവും പകലും രക്ഷാദൗത്യത്തിലുണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ്‌ ചെയ്‌തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top