24 April Wednesday

ശത്രുവോ മിത്രമോ ; ഇന്ത്യയോട്‌ എന്തായിരുന്നു പർവേസ്‌ മുഷാറഫിന്റെ സമീപനം

എം പ്രശാന്ത്‌Updated: Monday Feb 6, 2023


ന്യൂഡൽഹി
ജന്മനാടായ ഇന്ത്യയോട്‌ എന്തായിരുന്നു ജനറൽ പർവേസ്‌ മുഷാറഫിന്റെ സമീപനം. ശത്രുതയോ അതോ സൗഹൃദമോ. ആണവായുധങ്ങളുടെ കാര്യത്തിൽ സംയമനം ഉറപ്പുവരുത്തുന്ന ലാഹോർ പ്രഖ്യാപനം അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള കാർഗിൽ യുദ്ധനീക്കത്തിന്റെ സൂത്രധാരനായിരുന്നു അന്ന് സൈനികമേധാവിയായ മുഷാറഫ്‌. ജെയ്‌ഷെ സ്ഥാപകൻ മസൂദ്‌ അസർ അടക്കമുള്ള ഭീകരരുടെ രക്ഷപെടലിന്‌ വഴിയൊരുക്കിയ 1999ലെ കാണ്ഡഹാർ വിമാന റാഞ്ചലിന്‌ പിന്നിലും മുഷാറഫിന്റെ പേരുണ്ട്‌. എന്നാൽ മുഷാറഫ് പാക് ഭരണം കൈയ്യാളിയ ഘട്ടത്തില്‍ ഇന്ത്യാ–- പാക് ബന്ധം ഏറെ മെച്ചപ്പെടുകയും കശ്‌മീർ തർക്കം മഞ്ഞുരുകലിന്റെ വക്കോളമെത്തുകയും ചെയ്തു.

ഇന്ത്യൻ പ്രധാനമന്ത്രിമാരുമായി അഞ്ചുവട്ടം അദ്ദേഹം കൂടിക്കാഴ്‌ച നടത്തി. രണ്ടുവട്ടം വാജ്‌പേയിയുമായും മൂന്നുവട്ടം മൻമോഹനുമായും. നവാസ്‌ ഷെറീഫിനെ അട്ടിമറിച്ച്‌ 1999ൽ ഭരണം പിടിച്ച മുഷാറഫിനെ ഇന്ത്യ ജാഗ്രതയോടെയാണ്‌ സമീപിച്ചത്‌. ഗുജറാത്തിലെ ഭുജിൽ 2001ൽ ഉണ്ടായ ഭൂചലനത്തെ തുടർന്ന്‌ മുഷാറഫ്‌ വാജ്‌പേയിയെ ഫോണിൽ വിളിച്ച്‌ ദുഃഖം അറിയിച്ചു. അതൊരു വഴിത്തിരിവായി. മുഷാറഫിനെ ഇന്ത്യ സന്ദർശിക്കാൻ വാജ്‌പേയ്‌ ക്ഷണിച്ചു.

2001 ജൂലൈയിൽ രണ്ടുദിവസത്തെ ആഗ്ര ഉച്ചകോടിക്ക്‌ മുഷാറഫ്‌ എത്തി വാജ്‌പേയിയുമായി ചർച്ച നടത്തി. എന്നാൽ സംയുക്ത പ്രസ്‌താവനയിൽ ധാരണയായില്ല. ചർച്ച അട്ടിമറിക്കാൻ ബോധപൂർവം ശ്രമിക്കുന്നുവെന്ന്‌ ആരോപിച്ച്‌ മുഷാറഫ്‌ മടങ്ങി. 2004ൽ ഇസ്ലാമാബാദിൽ നടന്ന സാർക്ക്‌ ഉച്ചകോടിക്കിടെയും ഇരുനേതാക്കളും കണ്ടു. നിയന്ത്രണരേഖയിൽ വെടിനിർത്തൽ, കശ്‌മീർ അടക്കം വിഷയങ്ങളിൽ തുടർചർച്ച എന്നിവയുൾപ്പെട്ട സംയുക്തപ്രസ്‌താവനയിൽ ഇരുവരും ഒപ്പുവച്ചു. പ്രധാനമന്ത്രി മൻമോഹനും മുഷാറഫും 2004 സെപ്‌തംബറിൽ ഐക്യരാഷ്ട്രസഭാ വേദിയിൽ കൂടിക്കാഴ്‌ച നടത്തി. സംയുക്ത പ്രസ്‌താവനയും പുറപ്പെടുവിച്ചു. ഡൽഹി–- ലാഹോർ ബസ്‌ സർവീസ്‌ പുനരാരംഭിച്ചതിന്‌ പിന്നാലെ 2005 ഏപ്രിലിൽ ഇന്ത്യാ–- പാക് ക്രിക്കറ്റ്‌ കളി കാണുന്നതിനുംകൂടിയായി മുഷാറഫ്‌ ഡൽഹിയിലെത്തി.

ഇന്ത്യാ–- പാക് സൗഹൃദം ഏറെ പാരമ്യത്തിലെത്തി. കശ്‌മീരിനുമേലുള്ള അവകാശവാദം പാകിസ്ഥാൻ പിൻവലിക്കാമെന്നും പകരം ജനങ്ങൾക്ക്‌ സ്വതന്ത്ര സന്ദർശനത്തിന്‌ അവസരമൊരുക്കണമെന്നും മുഷാറഫ്‌ നിർദേശിച്ചു. 2006 ഒക്ടോബറിൽ ഹവാനയിൽ ചേരിചേരാ ഉച്ചകോടിക്കിടെ ധാരണയിലേക്ക്‌ കാര്യങ്ങൾ നീങ്ങി. എന്നാൽ ഉച്ചകോടിക്ക്‌ തൊട്ടുമുമ്പ്‌ മുംബൈയിൽ ലോക്കൽ ട്രെയിനുകളിലുണ്ടായ സ്‌ഫോടനങ്ങളിൽ 200ൽ ഏറെപ്പേർ കൊല്ലപ്പെട്ടതോടെ കശ്‌മീർ പ്രശ്‌നപരിഹാരത്തിനുള്ള വലിയ അവസരം നഷ്ടമായി.

നഹർവാലി ഹവേലി ; ഡൽഹിയിലെ മുഷാറഫിന്റെ ജന്മവീട്‌
ഓൾഡ്‌ ഡൽഹി ദരിയാഗഞ്ചിൽ ഗോൾച്ചാ സിനിമയ്‌ക്ക്‌ പിന്നിലെ ഗലിയിൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള നഹർവാലി ഹവേലി കാണാൻ 2001ൽ ഒരു വിവിഐപി എത്തി. പാകിസ്ഥാൻ പ്രസിഡന്റ്‌ പർവേസ്‌ മുഷാറഫ്‌. ബന്ധുക്കളോടും അയൽക്കാരോടും നാട്ടുകാരോടുമൊക്കെ അദ്ദേഹം കുശലം പറഞ്ഞു.
വിദേശമന്ത്രാലയത്തിൽ ഉദ്യോഗസ്ഥനായിരുന്ന സയ്യദ്‌ മുഷറഫുദീന്റെയും സറീന്റെയും മൂന്ന്‌ മക്കളിൽ രണ്ടാമനായി 1943 ആഗസ്‌ത്‌ പതിനൊന്നിനാണ്‌ മുഷാറഫിന്റെ ജനനം. വിഭജനകാലത്ത്‌ ഹവേലി ഉപേക്ഷിച്ച്‌ മുഷറഫുദീനും കുടുംബവും പാകിസ്ഥാനിലേക്ക്‌ പലായനം ചെയ്‌തു. നാലു വയസ്സുവരെ മാത്രമാണ്‌ നഹർവാലി ഹവേലിയിൽ മുഷാറഫ്‌ കഴിഞ്ഞത്‌. മുത്തച്ഛൻ ക്വാസി മൊഹ്‌താഹിമുദീനാണ്‌ ഹവേലി കുടുംബസ്വത്തായി നേടിയെടുത്ത്‌. 5400 ചതുരശ്രയടി വിസ്‌തീർണത്തിൽ പല നിലകളുള്ള വലിയ കെട്ടിടവും വിശാലമായ നടുമുറ്റവും. പാകിസ്ഥാനിലേക്ക്‌ പോകുന്നതിനുമുമ്പ്‌ ഹവേലി തുണിവ്യാപാരിയായ മദൻലാൽ ജയിനിന്‌ മുഷറഫുദീൻ വിറ്റു. മുഷാറഫിന്റെ ചില ബന്ധുക്കൾ ഇപ്പോഴും പരിസരങ്ങളിലുണ്ട്‌. 2005ൽ മുഷാറഫിന്റെ അമ്മയും സഹോദരനും മകനും ഹവേലി കാണാനെത്തി.

കോടതിയോട് ഏറ്റുമുട്ടി പതനം
പാക്‌ പ്രസിഡന്റായിരുന്ന ജനറൽ പർവേസ്‌ മുഷാറഫിന്‌ അധികാരത്തിൽനിന്ന്‌ പുറത്തേക്കുള്ള വഴിതുറന്നത്‌ ഭരണഘടനയെ തകർക്കാനുള്ള ശ്രമവും കോടതിയുമായുള്ള ഏറ്റുമുട്ടലും. ജഡ്‌ജിമാരുടെ സ്വതന്ത്രമായ പ്രവർത്തനത്തിലടക്കം നിയന്ത്രണം ഏർപ്പെടുത്തിയത്‌ വൻ അതൃപ്തിക്കിടയാക്കി. 2007ൽ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ ഇഫ്‌തിഖാർ മുഹമ്മദ്‌ ചൗധരിയെ അഴിമതിക്കുറ്റം ചുമത്തി പുറത്താക്കിയതോടെ രാജ്യം പോരാട്ടക്കളമായി. അഭിഭാഷകർ രാജ്യവ്യാപകമായി പ്രതിഷേധിച്ചു. തുടർന്ന്‌ എല്ലാ ആരോപണവും റദ്ദാക്കി ഇഫ്‌തിഖാറെ പദവിയിൽ പുനഃസ്ഥാപിക്കുന്നതായി സുപ്രീംകോടതി ഉത്തരവിട്ടു. രാജ്യത്ത്‌ ഏകാധിപതിയായി അധികാരം കൈയാളിയ പട്ടാളമേധാവിക്ക്‌ ഏറ്റ കനത്ത പ്രഹരമായിരുന്നു കോടതി ഉത്തരവ്‌.

പ്രതിഷേധം കൂടുതൽ മേഖലകളിലേക്ക്‌ ഇതിനകം വ്യാപിച്ചിരുന്നു. 2007 ജൂലൈയിൽ ഇസ്ലാമാബാദിലെ റെഡ്‌ മോസ്കിൽ നടത്തിയ സൈനികനടപടിയിൽ നൂറിലേറെപ്പേർ കൊല്ലപ്പെട്ടു. ആയുധധാരികളായ വിദ്യാർഥികൾ ഇവിടെ ദിവസങ്ങളോളമാണ്‌ പട്ടാളവുമായി ഏറ്റുമുട്ടിയത്‌.

മുഷാറഫ്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട 2007ലെ തെരഞ്ഞെടുപ്പിൽ തിരിമറി നടന്നതായ ആരോപണമുണ്ടായിരുന്നു. തുടർന്നാണ്‌ ചീഫ്‌ ജസ്റ്റിസിനെ മാറ്റാൻ നീക്കമുണ്ടായത്. 2007 നവംബറിൽ മുഷാറഫ് ഭരണഘടന റദ്ദാക്കി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എന്നാൽ, കോടതി നിലപാട്‌ കടുപ്പിക്കുകയും അന്താരാഷ്ട്ര സമ്മർദം ശക്തമാകുകയും ചെയ്തതോടെ തെരഞ്ഞെടുപ്പ്‌ നടത്താൻ നിർബന്ധിതനായി. ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ടതോടെ അധികാരത്തിന്‌ പുറത്തേക്കുള്ള വഴി സുനിശ്ചിതമായി.

2013ൽ നവാസ്‌ ഷെരീഫ്‌ അധികാരത്തിൽ തിരിച്ചെത്തിയതോടെ മുഷാറഫിന്‌ എതിരായ നിയമനടപടികൾ വേഗത്തിലായി.  രാജ്യദ്രോഹക്കേസിൽ വിചാരണ ആരംഭിച്ചു. പെഷാവർ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ വഖാർ അഹമ്മദ്‌ സേഥ്‌ അധ്യക്ഷനായ സ്പെഷ്യൽ കോടതി മൂന്നംഗ ബെഞ്ച്‌ 2014  മാർച്ചിൽ വധശിക്ഷ വിധിച്ചു. ഭരണ കാലയളവ്‌ മുഴുവൻ എല്ലാ മേഖലയിലേക്കും പട്ടാള ഇടപെടൽ വ്യാപിപ്പിച്ച മുഷാറഫിന്‌ നിയമവ്യവസ്ഥ നൽകിയ കനത്ത തിരിച്ചടിയായിരുന്നു വിധി. വധശിക്ഷ പിന്നീട് അസാധുവായി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top