സാവോ പോളോ
‘അവരെന്നെ ജീവനോടെ കുഴിച്ചുമൂടാൻ നോക്കി. എന്നാൽ ഞാനിതാ നിങ്ങളുടെ മുന്നിൽ വിജയിയായി നിൽക്കുന്നു. ലോകമേ കാണൂ. ബ്രസീൽ തിരിച്ചെത്തിയിരിക്കുന്നു. തമ്മിലടിച്ച് തീരാൻ ഇനി ഞങ്ങൾ തയ്യാറല്ല. ലോകത്തിനു ശ്വസിക്കാൻ ആമസോൺ വേണമെന്ന് ഞങ്ങൾക്കറിയാം. ഞങ്ങളത് കരുതും’– ബ്രസീലിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നാംവട്ടം തെരഞ്ഞെടുക്കപ്പെട്ടശേഷം ലുല ഡ സിൽവ ജനങ്ങളോട് പറഞ്ഞു. പട്ടിണിയിൽനിന്ന് തൊഴിലാളി നേതാവായും ബ്രസീലിന്റെ പ്രസിഡന്റായും വളർന്നത് ഫീനിക്‌സ് പക്ഷിയുടെ വീര്യത്തോടെ.
1945 ഒക്‌ടോബർ 27ന് ജനിച്ച ലുല ബ്രസീലിലെ ദരിദ്രമായ വടക്കുകിഴക്കൻ മേഖലയിൽനിന്ന് സാവോ പോളോയിലേക്ക് അമ്മയോടും സഹോദരങ്ങളോടുമൊപ്പം ഏഴാം വയസ്സിലാണ് കുടിയേറുന്നത്. വർഷങ്ങൾക്കുമുമ്പ് അവിടെയെത്തിയ പിതാവിനെ തേടിയായിരുന്നു യാത്ര. അവിടെ മറ്റൊരു സ്‌ത്രീയോടൊപ്പം ജീവിക്കുന്ന പിതാവിനെയാണ് കാണാനായത്. അതോടെ എട്ട് കുഞ്ഞുങ്ങളെ വളർത്തൽ അമ്മയുടെ ചുമതലയായി.
ലുല 14–-ാം വയസ്സിൽ ലോഹത്തൊഴിലാളിയായി. അവിടെവച്ച് അദ്ദേഹത്തിന് ചെറുവിരൽ നഷ്ടമായി. 1975ൽ തൊഴിലാളി യൂണിയന്റെ നേതാവായി. 1989ൽ ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അടുത്ത രണ്ടുതവണയും വീണ്ടും പരാജയത്തിന്റെ രുചിയറിഞ്ഞു. 2002ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ ബ്രസീലിന്റെ പ്രസിഡന്റാകുന്ന ആദ്യതൊഴിലാളി നേതാവായി. നാലുവർഷത്തിനുശേഷം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
2011ൽ അദ്ദേഹത്തിന്റെ പിൻഗാമിയായി ദിൽമ റൂസഫ് തെരഞ്ഞെടുക്കപ്പെട്ടു. ദിൽമയുടെ രണ്ടാം അവസരത്തിൽ ഉയർന്ന അഴിമതി ആരോപണങ്ങൾ, ലുലയെയും വർക്കേഴ്‌സ് പാർടിയെയും പ്രതിസന്ധിയിലാക്കി. സാമ്പത്തിക ഉത്തരവാദിത്വ നിയമങ്ങൾ ലംഘിച്ചതിന് 2016ൽ അവർ ഇംപീച്ച് ചെയ്യപ്പെട്ടു. തുടർന്ന് ലുലയ്‌ക്കെതിരെയും വേട്ടയാടൽ നടന്നു. 2018ൽ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും ആരോപിച്ച് ജയിലിലടച്ചു. 2018ല്‍ തീവ്രവലതുപക്ഷക്കാരനായ ജെയ്‌ർ ബോൾസൊനാരോ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
ജയിലിൽ 580 ദിവസം
ലുലയ്‌ക്കെതിരെ അന്വേഷണം നടക്കുമ്പോഴാണ് ഭാര്യ മരീസ മരിച്ചത്. എന്നാൽ, പതിയെ അതിൽനിന്ന് കരകയറി. ജാൻജ എന്ന വിളിപ്പേരുള്ള റോസഞ്ചേല ഡ സിൽവ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് എത്തി. ജയിലില്‍ കിടന്നും നിയമപോരാട്ടം തുടര്‍ന്നു. ഫെഡറൽ ജഡ്ജി പക്ഷപാതപരമായി പെരുമാറിയെന്നും പ്രോസിക്യൂട്ടർമാരുമായി ഒത്തുകളിച്ചെന്നും കണ്ടെത്തിയതോടെ സുപ്രീംകോടതി ശിക്ഷ റദ്ദാക്കി. 580 ദിവസത്തിനുശേഷം മോചനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..