28 September Thursday

ലാറ്റിനമേരിക്കയിൽ ഇടത്‌ വസന്തം ; വലതുപക്ഷ രാഷ്‌ട്രീയത്തിനെതിരായ ജനങ്ങളുടെ വിധിയെഴുത്ത്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 1, 2022

image credit Lula da Silva facebook

 

അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ജനാധിപത്യഹത്യകളെയും തെരഞ്ഞെടുപ്പ്‌ അട്ടിമറി നീക്കങ്ങളെയും ചെറുത്തുതോൽപ്പിച്ച്‌ ജനാധിപത്യത്തിന്റെ പുതുവസന്തം തീർത്ത്‌ ലാറ്റിനമേരിക്ക. ബ്രസീലിൽ ലുല പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്‌ ലാറ്റിനമേരിക്കയിൽ വലതുപക്ഷ രാഷ്‌ട്രീയത്തിനെതിരായ ജനങ്ങളുടെ വിധിയെഴുത്തായി മാറി. ബ്രസീലിൽ 34 വർഷത്തിനിടെ ആദ്യമായാണ്‌ തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ്‌ തോൽക്കുന്നത്‌. ഭൂവിസ്തൃതിയില്‍ ലോകത്തെ അഞ്ചാമത്തെയും ജനസംഖ്യയിൽ ഏഴാമത്തെയും രാജ്യമാണ്‌ ബ്രസീൽ.

2022 മാർച്ചിൽ ഗബ്രിയേൽ ബോറിക് ചിലിയൻ പ്രസിഡന്റായതോടെ പിറന്നത്‌ പുതു ചരിത്രമായിരുന്നു. സിഐഎ അട്ടിമറിയിലൂടെ മാർക്‌സിസ്റ്റ് പ്രസിഡന്റ് സാൽവദോർ അലൻഡെയെ പുറത്താക്കി 48 വർഷത്തിനുശേഷമാണ്‌ ചിലിയിൽ വീണ്ടും ഇടതുപക്ഷ ഭരണം നിലവിൽവന്നത്‌.  പിന്നാലെ  ജൂണിൽ നടന്ന കൊളംബിയൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഗുസ്‌താവോ പെത്രോയുടെ വിജയത്തിലൂടെ രാജ്യത്തിന്റെ 212 വർഷത്തെ ചരിത്രമാണ്‌ തിരുത്തിയെഴുതിയത്‌. ബൊഗോട്ടയിലെ മുൻ മേയറുമായിരുന്ന പെത്രോ രാജ്യത്തെ ആദ്യ ഇടതുപക്ഷ പ്രസിഡന്റായി.

കൊളംബിയയിലെ ജനവിരുദ്ധ ഭരണത്തിനെതിരെ നിരന്തരം പോരാട്ടം നയിച്ച ഗറില്ല പോരാളി സംഘങ്ങളിൽ ഒന്നായ എം–-19ന്റെ പ്രവർത്തകനായിരുന്നു പെത്രോ. സൈനിക പിന്തുണയോടെ കൊളംബിയയിലെ സമ്പന്നവിഭാഗം അധികാരത്തിന്റെ കടിഞ്ഞാൺ കൈവശപ്പെടുത്തിയിരുന്ന കാലത്തിന്‌ അന്ത്യംകുറിച്ച തെരഞ്ഞെടുപ്പ്‌ വിജയം, കൊളംബിയയുടെ രാഷ്‌ട്രീയ ഭൂമികതന്നെ മാറ്റി. ഹോണ്ടുറാസിൽ പ്രസിഡന്റായിരുന്ന മാന്വൽ സെലായയെ 2009ൽ അട്ടിമറിച്ചത്‌ അമേരിക്കൻ പ്രസിഡന്റായിരുന്ന ഒബാമയും സെക്രട്ടറി ഓഫ്‌ സ്‌റ്റേറ്റ്‌സ്‌ ഹിലരി ക്ലിന്റണും ചേർന്നായിരുന്നു. കൊളംബിയയും ഹോണ്ടുറാസും നിക്കരാഗ്വയും ചിലിയും വെനസ്വേലൻ പ്രാദേശിക തെരഞ്ഞെടുപ്പുമെല്ലാം തെളിയിക്കുന്നത്‌ ഇടതുപക്ഷ ഓരംചേരുന്ന ലാറ്റിനമേരിക്കൻ ജനതയെയാണ്‌.

ബൈഡന്റെ നേതൃത്വത്തിലുള്ള സർക്കാർ നിക്കരാഗ്വയ്‌ക്കെതിരെ സാമ്പത്തിക–- നയതന്ത്ര നീക്കങ്ങൾ നടത്തുന്നതിനിടെയാണ്‌ ഡാനിയേല്‍ ഒർടേഗയെ തുടർച്ചയായി നാലാം തവണയും നിക്കരാഗ്വ തെരഞ്ഞെടുത്തത്‌. വെനസ്വേലയിലെ ഇടതുപക്ഷ ഭരണത്തെ ഇല്ലാതാക്കാനുള്ള സാമ്രാജ്യത്വ ശ്രമങ്ങൾ വിലപ്പോകില്ലെന്ന്‌ 2021 നവംബർ 21ന്‌ നടന്ന പ്രവിശ്യാ ഗവർണർസ്ഥാനത്തേക്കും നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പ്‌ അടിവരയിട്ടു. 1999ൽ ഷാവേസിലൂടെ അധികാരത്തിലെത്തിയ ഇടതുപക്ഷമാണ്‌ രാജ്യം ഭരിക്കുന്നത്‌.

2014–-15 കാലഘട്ടത്തിലാണ്‌ വലതുപക്ഷം ലാറ്റിനമേരിക്കയിൽ ശക്തമായ സാന്നിധ്യമാക്കാൻ തുടങ്ങിയത്‌. എന്നാൽ 2018 ജൂലൈയിൽ മെക്‌സിക്കോയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇടത്‌ സ്ഥാനാർഥി ലോപസ് ഒബ്രദോർ വിജയിച്ചു. രാജ്യത്തിന്റെ 49 വർഷ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഇടത്‌ വിജയം. അമേരിക്കൻ അനുകൂല നയങ്ങൾ പിന്തുടരുന്ന മെക്സിക്കോയിലെ വിജയം ലാറ്റിനമേരിക്കയിൽ ഇടത്‌ തിരിച്ചുവരവിന്‌ വഴിതുറന്നു.  

ബ്രസീലിന്റെ 
വിജയം: ലുല
‘ഇത്‌ എന്റേതോ എന്റെ പാർടിയുടെയോമാത്രം വിജയമല്ല. ബ്രസീലിലെ ജനങ്ങളുടെയാകെ വിജയമാണ്‌. ബ്രസീലിനെ വീണ്ടെടുക്കുന്നതാണ്‌ ഈ ജനവിധി.’ വാശിയേറിയ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലെ ഉജ്വല വിജയശേഷം വർക്കേഴ്‌സ്‌ പാർടി നേതാവ്‌ ലുല ഡ സിൽവയുടെ ആദ്യ പ്രതികരണം ഇതായിരുന്നു. ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ തെരഞ്ഞെടുപ്പാണ്‌ നടന്നത്‌. രാജ്യം കടുത്ത പ്രതിസന്ധിയിലൂടെയാണ്‌ മുന്നോട്ട്‌ പോകുന്നത്‌. എന്നാൽ, ജനങ്ങളുടെ പിന്തുണയോടെ കൂട്ടായി മുന്നേറിയാൽ ഈ പ്രതിസന്ധികളെ  അതിജീവിക്കാനാകും. എല്ലാവർക്കും അവസരങ്ങൾ നൽകുന്നതും സമൂഹത്തിലെ ദുർബലവിഭാഗങ്ങളെ ചേർത്തുപിടിക്കുന്നതുമായ സർക്കാരായിരിക്കും രൂപീകരിക്കുക. പട്ടിണി ഇല്ലാതാക്കാനും തൊഴിലാളികൾക്ക്‌ മിനിമം കൂലി ഉറപ്പാക്കാനും മികച്ച വിദ്യാഭ്യാസവും ആരോഗ്യവും ഉറപ്പാക്കാനും നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അഭിനന്ദിച്ച്‌ ലോകനേതാക്കൾ
സ്വതന്ത്രവും നീതിയുക്തവും വിശ്വസനീയവുമായ തെരഞ്ഞെടുപ്പിലൂടെ ബ്രസീലിന്റെ പ്രസിഡന്റായ ലുല ഡ സിൽവയെ അഭിനന്ദിക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം തുടരണമെന്നും അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു. ഇരുരാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാനും വിശാലമാക്കാനും ലുലയുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. ബ്രസീലിന്റെ ചരിത്രത്തിൽ പുതിയ അധ്യായം തുറന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. 

‘ലുല നീണാൾ വാഴട്ടെ’യെന്ന്‌ കൊളംബിയയുടെ ആദ്യ ഇടതുപക്ഷ പ്രസിഡന്റായിമാറിയ ഗുസ്താവോ പെത്രോ കുറിച്ചു. ലാറ്റിനമേരിക്കയിൽ ഇടതുപക്ഷം ഭിരിക്കുന്ന രാജ്യങ്ങളെ സൂചിപ്പിക്കുന്ന ഭൂപടവും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചു. ബ്രസീലിൽ ജനാധിപത്യം വിജയിച്ചുവെന്നും ലുലയെ ആലിംഗനം ചെയ്യുന്നതായും വെനസ്വേലൻ പ്രസിഡന്റ്‌ നിക്കോളാസ്‌ മഡുറോ പറഞ്ഞു. ലുലയുടെ വിജയം ലാറ്റിനമേരിക്കയുടെ ചരിത്രത്തിൽ പുതിയ യുഗത്തിന്‌ തുടക്കം കുറിച്ചതായി അർജന്റീന പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ് പ്രതികരിച്ചു.

‘തിരിച്ചുകിട്ടിയ പ്രതീക്ഷ’
ലുല ഡ സിൽവയുടെ വിജയത്തിലൂടെ തകർന്നടിഞ്ഞത്‌ വലതുപക്ഷത്തിന്റെ വ്യാജ അവകാശവാദങ്ങളും പ്രചാരണങ്ങളുമാണ്‌. ആശയറ്റ മുൻകാല ഭരണത്തിൽനിന്ന്‌ പ്രതീക്ഷ തിരികെ കൊണ്ടുവരിക എന്നതാണ്‌ ലുലയുടെ മുന്നിലുള്ള ദൗത്യം. ബ്രസീലിലേക്ക്‌ പ്രതീക്ഷ തിരികെ കൊണ്ടുവരിക (ബ്രിങ്‌ ഹോപ്‌ ബാക്ക്‌ ടു ബ്രസീൽ) എന്ന മുദ്രാവാക്യം ഉയർത്തിയാണ്‌ ലുലയും വർക്കേഴ്സ്‌ പാർടിയും തെരഞ്ഞെടുപ്പിൽ മത്സരിച്ചത്‌. കോവിഡ്‌ കാലത്ത്‌ 70,000 ആളുകളാണ്‌ ബ്രസീലിൽ മരിച്ചുവീണത്‌. ബോൾസനാരോയുടെ ഭരണകാലത്ത് പ്രധാന ക്ഷേമ പരിപാടികൾ വെട്ടിക്കുറയ്ക്കുകയും ആരോഗ്യസംവിധാനവും ഭക്ഷണ മേൽക്കോയ്‌മയും മോശമാവുകയും ചെയ്തു.

ആമസോണിന് ശ്വസിക്കാം
അതിസമ്പന്ന ബിസിനസ്‌ ഗ്രൂപ്പുകളുടെ താൽപ്പര്യത്തിന്‌ വഴങ്ങി ബോൾസനാരോ ലോകത്തിന്റെ ശ്വാസകോശമായ ആമസോൺ കാടുകളിൽ അനിയന്ത്രിത ഖനനം അനുവദിച്ചപ്പോൾ ലുലയുടെ തിരിച്ചുവരവിനായി കൊതിച്ചവരാണ്‌ ബ്രസീല്‍ ന​ഗരങ്ങളില്‍ ആര്‍ത്തിരമ്പിയത്. ലുല ഭരണത്തിൽ 2004ൽ വനനശീകരണത്തിൽ പ്രതിദിന റിപ്പോർട്ട്‌ ലഭ്യമാകുന്ന സംവിധാനം ഏർപ്പെടുത്തിയിരുന്നു. മഴക്കാടുകളുടെ സംരക്ഷണം പ്രധാന ഉത്തരവാദിത്വമായി കണ്ടു. എന്നാൽ, കഴിഞ്ഞ നാലുവർഷത്തെ ബോൾസനാരോ ഭരണത്തിൽ പ്രതിവർഷം വനനശീകരണത്തിൽ 22 ശതമാനം വർധനയുണ്ടായി.

ഖനനം നിയമാനുസൃതമാക്കുമെന്ന മുദ്രാവാക്യത്തോടെ 2018 തെരഞ്ഞെടുപ്പിനെ നേരിട്ട ബോൾസനാരോയ്ക്ക്‌ ഇത്തവണയും ഖനന കമ്പനികളുടെ വൻ പിന്തുണയുണ്ടായിരുന്നു.


 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top