23 April Tuesday
നാല്‌ പേർക്കായി തിരച്ചിൽ തുടരുന്നു

നേപ്പാൾ വിമാന ദുരന്തം : 72 പേരും മരിച്ചു ; 
തിരിച്ചറിഞ്ഞത്‌ 35 പേരെ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 17, 2023


കാഠ്‌മണ്ഡു
നേപ്പാൾ വിമാന ദുരന്തത്തിൽ വിമാനത്തിലുണ്ടായിരുന്ന 72 പേരും മരിച്ചതായി സ്ഥിരീകരിച്ചു. ഇതിനകം 68 മൃതദേഹങ്ങൾ കണ്ടെടുത്തു. നാല്‌ പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്‌. 35 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. പലരുടേയും മൃതദേഹങ്ങൾ കത്തിക്കരിഞ്ഞതിനാൽ തിരിച്ചറിയാൻ ഡിഎൻഎ ടെസ്‌റ്റ്‌ വേണ്ടിവന്നേക്കും.

അപകടസ്ഥലത്തുനിന്ന്‌ കണ്ടെത്തിയ യാത്രാവിമാനത്തിന്റെ ബ്ലാക്ക്ബോക്സ് വ്യോമയാന അധികൃതർക്ക്‌ കൈമാറി. തകർന്ന യതി എയർലൈൻസിന്റെ എടിആർ 72 വിമാനത്തിന്റെ ഫ്ലൈറ്റ് ഡാറ്റ റെക്കോഡറും കോക്പിറ്റ് വോയ്‌സ് റെക്കോഡറും കണ്ടെത്തിയിട്ടുണ്ട്.
മുൻ വ്യോമയാന സെക്രട്ടറി നാഗേന്ദ്ര ഗിമിരെയുടെ നേതൃത്വത്തിൽ വ്യോമയാന രംഗത്തെ അഞ്ച്‌ വിദഗ്‌ധരടങ്ങിയ കമീഷൻ അന്വേഷണം ആരംഭിച്ചു. 45 ദിവസത്തിനകം  റിപ്പോർട്ട്‌ നൽകാൻ പ്രധാനമന്ത്രി പുഷ്‌പ കമാൽ ദഹൽ നിർദ്ദേശിച്ചു. അപകടത്തിൽ മരിച്ച ഉത്തർപ്രദേശുകാരായ ചെറുപ്പക്കാരുടെ മൊബൈൽ ഫോണിൽനിന്ന് ദുരന്തത്തിന്റെ അവസാനനിമിഷ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്‌.

ഗാസിപുരിൽനിന്നുള്ള സോനു ജയ്‌സ്വാൾ അപകടത്തിന്‌ തൊട്ടുമുമ്പ്‌ 97 സെക്കൻഡ്‌ ദൈർഘ്യമുള്ള തത്സമയ വിഡിയോ ഫെയ്‌സ്‌ബുക്കിലിട്ടിരുന്നു. വിമാനം തകർന്നുവീഴുന്നതുവരെയുള്ള വിമാനത്തിനകത്തെ ദൃശ്യങ്ങൾ ഇതിലുണ്ട്‌.  ഫോൺ അപകടസ്ഥലത്തുനിന്ന്‌ കണ്ടെത്തി. മരിച്ചവരിൽ നേപ്പാളിലെ പ്രശസ്‌ത നാടോടി ഗായിക നിര ചന്ത്യാലും നേപ്പാളിലെ പ്രമുഖ മാധ്യമ പ്രവർത്തകനും ഫെഡറേഷൻ ഓഫ്‌ നേപ്പാളി ജേണലിസ്‌റ്റ്‌സ്‌ ഭാരവാഹിയുമായ ത്രിഭുവൻ പൗദ്യാലും ഉൾപ്പെടുന്നു. 

യന്ത്രത്തകരാറോ പൈലറ്റിന്റെ പിഴവോ ?
കാലാവസ്ഥ പ്രതികൂലമല്ലാത്ത സാഹചര്യത്തിൽ വിമാനത്തിന്റെ സാങ്കേതികത്തകരാറോ പൈലറ്റിന്റെ പിഴവോ ആകാം അപകടകാരണമെന്നാണ്‌ പ്രാഥമിക നിഗമനം. അപകടത്തിന് ഒരു മിനിറ്റ്‌ മുമ്പും പൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി സംസാരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പതിനഞ്ചര വർഷത്തോളം പഴക്കമുള്ള വിമാനമാണ്‌ അപകടത്തിൽപ്പെട്ടത്‌. 2007ൽ നിർമിച്ച വിമാനം കിങ്ഫിഷർ എയർലൈൻസാണ്‌ ആദ്യം വാങ്ങിയത്‌. 2012ൽ കിങ്ഫിഷർ പൂട്ടിയശേഷം ഏഴുമാസം വെറുതെ കിടന്ന വിമാനം 2013ൽ തായ്‌ലൻഡ്‌ കമ്പനി വാങ്ങി.

2019ലാണ്‌ യതി എയർലൈൻസ്‌ വിമാനം വാങ്ങുന്നത്‌. വിമാനത്തിന്റെ തകരാർ അപകടത്തിന്‌ കാരണമാകാനുള്ള സാധ്യത കൂടുതലാണെന്നാണ്‌ വ്യോമയാന മേഖലയിലെ വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top