25 April Thursday

നേപ്പാളില്‍ വിമാനാപകടം; രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു, മൃതദേഹങ്ങള്‍ കണ്ടെടുത്തു

വെബ് ഡെസ്‌ക്‌Updated: Sunday Jan 15, 2023

photo credit:ANI twitter

കാഠ്‌മണ്ഡു
നേപ്പാളില്‍ യാത്രാവിമാനം തകർന്നുവീണ്‌ കത്തി അഞ്ച്‌ ഇന്ത്യക്കാർ ഉൾപ്പെടെ 68 മരണം. നാല്‌ ജീവനക്കാരടക്കം 72 പേരാണ്‌ വിമാനത്തിൽ ഉണ്ടായിരുന്നത്‌. 15 പേർ വിദേശികളാണ്‌.   68 പേരുടെ മൃതദേഹം കണ്ടെടുത്തു. നാലുപേർക്കായുള്ള തെരച്ചിൽ തുടരുകയാണ്‌.  അപകടത്തിൽ ആരെങ്കിലും രക്ഷപ്പെട്ടതായി വിവരമില്ലെന്ന്‌ എയർലൈൻ വക്താവ്‌ സുദർശൻ ബർത്തൗള വ്യക്തമാക്കി.

തലസ്ഥാനമായ കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽനിന്ന്‌ പകൽ 10.33ന്‌ പുറപ്പെട്ട യതി എയര്‍ലൈന്‍സിന്റെ എടിആർ72 വിമാനമാണ് തകർന്നുവീണ്‌ കത്തിനശിച്ചത്‌. 15 ദിവസംമുമ്പ്‌ ഉദ്‌ഘാടനംചെയ്‌ത പൊഖാറ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നതിന്‌ മിനിറ്റുകൾക്ക്‌ മുമ്പാണ്‌ വിമാനം തകർന്നുവീണത്‌. സേതി നദിക്കു സമീപമുള്ള മലയിടുക്കിലേക്കാണ് വിമാനം തകർന്നുവീണത്. പിന്നാലെ വിമാനത്തിന്‌ തീപിടിച്ചു. വിമാനത്തിന്‌ ഇറങ്ങാൻ അനുമതി നൽകിയതിനു പിന്നാലെയാണ്‌ ബന്ധം നഷ്‌ടമായതെന്ന്‌ എയർട്രാഫിക്‌ കൺട്രോൾ വൃത്തങ്ങൾ പറഞ്ഞു. തുടർന്ന്‌, വിമാനത്താവളം താൽക്കാലികമായി അടച്ചു.

അപകടസമയം കാലാവസ്ഥ പ്രതികൂലമായിരുന്നില്ലെന്നും യന്ത്രങ്ങൾക്ക്‌ തകരാറില്ലായിരുന്നെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുചെയ്‌തു. അപകടകാരണമടക്കം കണ്ടെത്താൻ അഞ്ചംഗ അന്വേഷണ കമീഷനെ സർക്കാർ നിയോഗിച്ചു. അഭിഷേഖ് കുശ്‌വാഹ, ബിഷാൽ ശർമ, അനിൽ കുമാർ രാജ്ഭർ, സോനു ജയ്‌സ്വാൾ, സഞ്ജയ്‌ ജയ്‌സ്വാൾ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാർ. നാല്‌ റഷ്യക്കാർ, രണ്ട്‌ ദക്ഷിണ കൊറിയക്കാർ, അർജന്റീന, അയർലൻഡ്, ഓസ്ട്രേലിയ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും വിമാനത്തിൽ ഉണ്ടായിരുന്നു. മൂന്ന്‌ നവജാത ശിശുക്കളും മൂന്ന്‌ കുട്ടികളും വിമാനത്തിലുണ്ടായിരുന്നു. നാല്‌ ജീവനക്കാരിൽ രണ്ട്‌ പേർ പൈലറ്റുമാരും രണ്ടുപേർ എയർഹോസ്റ്റസുമാരുമാണ്‌.

പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ച്‌ രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ നിർദേശം നൽകി. തിങ്കളാഴ്‌ച ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.  പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി റബി ലമിച്ചാനും അപകടസ്ഥലം സന്ദർശിച്ചു.30 വർഷത്തിനിടെ നേപ്പാളിൽ ഉണ്ടാകുന്ന ഏറ്റവും വലിയ വിമാനാപകടമാണിത്‌. 1992ൽ  കാഠ്‌മണ്ഡുവിന്‌ സമീപം വിമാനം തകർന്നുവീണ്‌ 167 പേർ മരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top