ബ്രസൽസ്
റഷ്യ–- ഉക്രയ്‌ൻ യുദ്ധം അവസാനിപ്പിക്കാൻ പുതിയ നിർദേശവുമായി നാറ്റോ ഉന്നത ഉദ്യോഗസ്ഥൻ. റഷ്യ പിടിച്ചെടുത്ത ഭാഗങ്ങൾ റഷ്യക്കുതന്നെ വിട്ടുനൽകുകയും പകരം ഉക്രയ്ന്റെ ആവശ്യമായ നാറ്റോ അംഗത്വം നിറവേറ്റുകയും ചെയ്യുക എന്ന നിർദേശമാണ് നാറ്റോ സെക്രട്ടറി ജനറലിന്റെ ചീഫ് ഓഫ് സ്റ്റാഫ് സ്‌റ്റെയ്‌ൻ ജെൻസെൻ മുന്നോട്ടുവച്ചത്. നോർവെയിൽ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജെൻസെൻ.
എന്നാൽ, നാറ്റോ നിർദേശത്തിനെതിരെ ശക്തമായ പ്രതികരണവുമായി ഉക്രയ്‌ൻ രംഗത്തെത്തി. റഷ്യക്ക് സ്ഥലം വിട്ടുകൊടുക്കുന്നത് അവരുടെ കടന്നുകയറ്റത്തെ അംഗീകരിക്കുന്നതിന് തുല്യമാകുമെന്ന് ഉക്രയ്‌ൻ പ്രസിഡന്റിന്റെ മുതിർന്ന ഉപദേഷ്ടാവ് മിഖൈലോ പൊഡൊല്യാക് പറഞ്ഞു. നിർദേശം ഉക്രയ്‌ൻ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉക്രയ്‌ന്റെ വിമർശത്തെതുടർന്ന് ഔദ്യോഗിക വിശദീകരണവുമായി നാറ്റോ രംഗത്തെത്തി. ഉക്രയ്‌ന് നൽകിവന്ന പിന്തുണയിൽ മാറ്റമുണ്ടാകില്ലെന്നും വ്യക്തമാക്കി. അതേസമയം, പാശ്ചാത്യരാജ്യങ്ങൾ വൻതോതിൽ ആയുധങ്ങൾ നൽകിയിട്ടും ഉക്രയ്‌ന് റഷ്യക്കെതിരെ വലിയ മുന്നേറ്റം സാധ്യമാക്കാനായിട്ടില്ല. ബുധനാഴ്ച നികൊലായേവിലെ ഉക്രയ്‌ന്റെ റഡാർ സംവിധാനം റഷ്യ തകർത്തു. 24 മണിക്കൂറിൽ 143 കേന്ദ്രത്തിൽ ആക്രമണം നടത്തിയതായി റഷ്യ പറഞ്ഞു. ഡൊണെട്‌സ്കിൽ 250 ഉക്രയ്‌ൻ പട്ടാളക്കാരെ വധിച്ചതായും റഷ്യ അവകാശപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..