29 March Friday

ലക്ഷ്യം 5 ശതമാനം വളർച്ച ; ചൈനീസ്‌ പാർലമെന്റ്‌ സമ്മേളനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Mar 6, 2023


ബീജിങ്‌
ചൈനയുടെ പാർലമെന്റായ നാഷണൽ പീപ്പിൾസ്‌ കോൺഗ്രസിന്റെ വാർഷികസമ്മേളനം തുടങ്ങി. ഞായറാഴ്‌ച ബീജിങ്ങിലെ ഗ്രേറ്റ്‌ ഹാൾ ഓഫ്‌ ദ പീപ്പിളിൽ ആരംഭിച്ച സമ്മേളനത്തിൽ പ്രസിഡന്റ്‌ ജി ജിൻപിങ്, പ്രധാനമന്ത്രി ലീ കെഖിയാങ് തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്‌.

ചൈനയുടെ ഈ വർഷത്തെ പ്രതീക്ഷിത മൊത്തം ആഭ്യന്തര ഉൽപ്പാദന വളർച്ച അഞ്ച് ശതമാനമായിരിക്കുമെന്ന്‌ പ്രധാനമന്ത്രി ലീ കെഖിയാങ്‌ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പറഞ്ഞു. കഴിഞ്ഞ വർഷം ജിഡിപിയിൽ മൂന്ന് ശതമാനത്തിന്റെ വളർച്ചയാണ്‌ ഉണ്ടായിരുന്നത്‌. ഈ വർഷത്തെ ലക്ഷ്യം 5.5 ശതമാനമായി ഉയർത്തുമെന്ന് കരുതിയിരുന്നെങ്കിലും അഞ്ചാക്കി നിശ്ചയിച്ചു. ആഗോള സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക്‌ കൂപ്പുകുത്തുമെന്ന പ്രവചനങ്ങൾക്കൂടി നിലനിൽക്കുന്ന സാഹചര്യത്തിൽ അപ്രതീക്ഷിത ഘടകങ്ങൾക്കൂടി പരിഗണിച്ചാണ്‌ വളർച്ച നിരക്ക്‌ അഞ്ച്‌ ശതമാനമാക്കിയത്‌.

2023-ലെ ആദ്യ രണ്ട് മാസങ്ങളിൽ വിനോദസഞ്ചാരം, വിനോദം മുതൽ നിർമ്മാണം വരെയുള്ള മേഖലകളിൽ ചൈനയുടെ സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ്‌ നടത്തിയത്‌. ഇത്‌ നിലനിർത്തി മാന്ദ്യത്തെ മറികടക്കാനാണ്‌ ചൈന ലക്ഷ്യമിടുന്നത്‌.

രാജ്യത്തെ അടിച്ചമർത്താനുള്ള ബാഹ്യശ്രമങ്ങൾ തുടരുന്നതിനാൽ പ്രതിരോധത്തിനായി കൂടുതൽ തുക നീക്കിവയ്‌ക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 224.79 ബില്യൺ ഡോളറാണ് (ഏകദേശം 18 ലക്ഷം കോടി രൂപ) ബജറ്റിൽ പ്രതിരോധത്തിനായി വകയിരുത്തിയിരിക്കുന്നത്. 7.2 ശതമാനമാണ്‌ ബജറ്റിലെ വർധന. 2020ൽ 6.6 ശതമാനവും 2021ൽ 6.8 ശതമാനവും 2022 7.1 ശതമാനവുമായിരുന്നു പ്രതിരോധ ബജറ്റിലെ വർധന. സമ്മേളനത്തിൽ 3000 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. രാഷ്‌ട്രീയ നയരൂപീകരണ ഉപദേശക സമിതിയായ ചൈനീസ്‌ പീപ്പിൾസ്‌ പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ്‌ കോൺഫറൻസ്‌ ശനിയാഴ്‌ച ആരംഭിച്ചിരുന്നു. ഈ സമ്മേളനത്തിൽ 2000 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top