29 November Wednesday

ഇടിച്ചു തെറിച്ചു... ഡാർട്ട്‌ ചരിത്രം ; നാസയുടെ ദൗത്യം വിജയം , ഛിന്നഗ്രഹത്തില്‍ ഇടിച്ചിറങ്ങി പേടകം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022


വാഷിങ്‌ടൺ
ലോകം കാത്തിരുന്ന ‘കൂട്ടിയിടി’ വിജയകരം. അപകടകാരികളായ ഛിന്നഗ്രഹങ്ങളെയും ഉൽക്കകളെയും വഴിതിരിച്ചുവിടാനുള്ള ആദ്യ പരീക്ഷണം ലക്ഷ്യംകണ്ടു.
നാസയുടെ ഡബിൾ ആസ്‌ട്രോയിഡ്‌ റീ ഡയറക്‌ഷൻ ടെസ്റ്റ്‌ (ഡാർട്ട്‌) പേടകം കൃത്യതയോടെ ഡൈമർഫോസിൽ ഇടിച്ചിറങ്ങി. ഭൂമിക്ക്‌ അരികെ  സഞ്ചരിക്കുന്ന ഡിഡിമോസ്‌ ഛിന്നഗ്രഹത്തെ ചുറ്റുന്ന ചെറു ഛിന്നഗ്രഹമാണ്‌ ഡിഡിമൂൺ എന്ന ഡൈമർഫോസ്‌.

ഭൂമിയിൽനിന്ന്‌ ഒന്നേകാൽ കോടി കിലോമീറ്റർ അകലെ നടന്ന കൂട്ടിയിടി ലോകം തത്സമയം കണ്ടു. ചൊവ്വ പുലർച്ചെ 4.44നായിരുന്നു ചരിത്രത്തിലെ ആദ്യ പ്ലാനറ്ററി ഡിഫൻസ്‌ ദൗത്യം. മണിക്കൂറിൽ 22,000 കിലോമീറ്റർ വേഗത്തിലായിരുന്നു കൂട്ടിയിടി. 4.46ന്‌ ദൗത്യവിജയം സ്ഥിരീകരിച്ചു.

അമേരിക്കയിലെ മിഷൻ കൺട്രോൾ സെന്ററായ ജോൺ ഹോക്കിൻസ്‌ അപ്ലൈഡ്‌ ഫിസിക്‌സ്‌ ലാബിൽ ആഹ്ലാദം നിറഞ്ഞു. പേടകത്തിൽനിന്ന്‌ നേരത്തേ വേർപെട്ട ലിസിയ ക്യൂബ്‌ എന്ന ചെറു പേടകം കൂട്ടിയിടിയുടെ കൂടുതൽ വിവരങ്ങളും ചിത്രങ്ങളും  ലഭ്യമാക്കിയിട്ടുണ്ട്‌. ഡൈമർഫോസിന്റെ സഞ്ചാരപാതയിലുണ്ടായ മാറ്റം അറിയാൻ കൂടുതൽ സമയം വേണ്ടിവരും. പ്രതീക്ഷിച്ച  പാതാവ്യതിയാനം ഉണ്ടായതായി നാസ പറയുന്നു. പടിപടിയായി ഇതിന്‌ വലിയ മാറ്റം ഉണ്ടാകാം. അപ്രതീക്ഷിതമായ പരിക്രമണത്തിലേക്കും എത്തിയേക്കാം. ഇത്‌ സൂക്ഷ്‌മമായി പഠിക്കാൻ യൂറോപ്യൻ സ്‌പേസ്‌ ഏജൻസി ഹെറാ എന്ന ഒരു ദൗത്യംകൂടി അയക്കുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top