04 December Monday

തകര്‍ന്നടിഞ്ഞ് മൊറോക്കോ; ഐക്യദാർഢ്യവുമായി ലോകരാജ്യങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday Sep 10, 2023


റബറ്റ്
ഭൂകമ്പത്തിന്റെ മുന്‍കരുതല്‍ നടപടികള്‍ അവ​ഗണിച്ച് അടുത്തടുത്തുള്ള കെട്ടിടങ്ങളില്‍ ആളുകള്‍ കൂട്ടത്തോടെ താമസിച്ചത് മൊറോക്കോയിൽ ഭൂകമ്പത്തിന്റെ വ്യാപ്തി വലുതാക്കി. മാരാകേഷിൽനിന്ന് ഏകദേശം 70 കിലോമീറ്റർ തെക്ക് പടിഞ്ഞാറുള്ള ഇഖിൽ പട്ടണമായിരുന്നു പ്രഭവകേന്ദ്രം.
മൊറോക്കോയുടെ സ്വന്തം ഭൂകമ്പ ഏജൻസി 11 കിലോമീറ്റർ ആഴത്തിൽ കണക്കാക്കിയെങ്കിലും ഭൂപ്രതലത്തിൽനിന്ന് ഏകദേശം 18.5 കിലോമീറ്റർ താഴെയാണ് യഥാർഥ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. അത്തരം ഭൂകമ്പങ്ങൾ കൂടുതൽ അപകടകരമാണെന്ന്‌ വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.  

ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ വടക്കൻ അരികിൽ ഭൂകമ്പ നിരക്ക് താരതമ്യേന കുറവാണെങ്കിലും ഉണ്ടാകാറുണ്ട്‌. മൊറോക്കോ അത്തരമൊരു ദുരന്തത്തിന് മുൻകരുതൽ എടുത്തിരുന്നില്ല. രാജ്യത്ത് 1960ലുണ്ടായ ഭൂകമ്പത്തില്‍ ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടു. പിന്നാലെ കെട്ടിട നിർമാണ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തി. എങ്കിലും, മിക്ക മൊറോക്കൻ കെട്ടിടങ്ങളും പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലും പഴയ നഗരങ്ങളിലും ഭൂചലനങ്ങളെ ചെറുക്കാൻശേഷിയുള്ളവയല്ല.


 

ഐക്യദാർഢ്യവുമായി 
ലോകരാജ്യങ്ങൾ
ഭൂകമ്പമുണ്ടായ മൊറോക്കോയ്‌ക്ക്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ചും സഹായം വാഗ്ദാനം ചെയ്‌തും ലോക രാജ്യങ്ങൾ. മൊറോക്കോയിലെ ജനതയുടെ ഉൽക്കണ്ഠയും ദുഃഖവും റഷ്യ പങ്കിടുന്നതായി പ്രസിഡന്റ്‌ വ്ലാദിമിർ പുടിൻ അറിയിച്ചു.  ഫെബ്രുവരിയിൽ ശക്തമായ ഭൂകമ്പത്തിൽ 50,000-ൽ അധികം ആളുകൾ കൊല്ലപ്പെട്ട തുർക്കിയയും പിന്തുണ നൽകാൻ തയ്യാറാണെന്ന് അറിയിച്ചു.

തുർക്കിയ പ്രസിഡന്റ്‌ റെസിപ്‌ തയ്യിപ്‌ എർദോഗൻ, അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ, ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്ലാദമിർ സെലൻസ്‌കി, ജർമൻ വിദേശമന്ത്രി അന്നലേന ബർബോക്ക്‌, ഫ്രാൻസ്‌ പ്രസിഡന്റ്‌ ഇമ്മാനുവേൽ മാക്രോൺ, സ്‌പെയ്‌ൻ ആക്‌ടിങ്‌ പ്രധാനമന്ത്രി പെദ്രോ സാഞ്ചേസ്‌, ആഫ്രിക്കൻ യൂണിയൻ,  തയ്‌വാൻ, യുഎഇ അധികൃതർ എന്നിവരും പിന്തുണയും അനുശോചനവും അറിയിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top