25 April Thursday

ലങ്കയില്‍ അദാനിക്കായി മോദിയുടെ ഇടപെടല്‍ ; ഫെർഡിനാൻഡോ തെറിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 14, 2022


കൊളംബോ
ശ്രീലങ്കയിൽ കാറ്റാടിപ്പാടം സ്ഥാപിക്കാനുള്ള കരാർ അദാനി ഗ്രൂപ്പിന്‌ ലഭിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടെന്ന്‌ വെളിപ്പെടുത്തിയ സിലോൺ വൈദ്യുതി ബോർഡ്‌ ചെയർമാൻ എം എം സി ഫെർഡിനാൻഡോ രാജിവച്ചു. മൂന്നു ദിവസംമുമ്പ്‌ പൊതുസംരംഭങ്ങൾക്കായുള്ള പാർലമെന്ററി സമിതി മുമ്പാകെ ഫെർഡിനാൻഡോ നടത്തിയ തുറന്നുപറച്ചിൽ ഇന്ത്യയിലും ശ്രീലങ്കയിലും വൻ വിവാദത്തിന്‌ തിരികൊളുത്തി. തുടർന്നാണ്‌  ‘വ്യക്തിപരമായ കാരണങ്ങളാല്‍’ ഫെർഡിനാൻഡോ രാജിവച്ചതായി ഊർജമന്ത്രി കാഞ്ചന വിജെശേഖരൻ പ്രഖ്യാപിച്ചത്‌.

വൈദ്യുതി വിതരണ കരാറിന്‌ ടെൻഡർ നടപടികൾ ഒഴിവാക്കുന്ന ഭേദഗതി ശ്രീലങ്കൻ സർക്കാർ ഒമ്പതിന്‌ പാസാക്കിയിരുന്നു. ഇത്‌ അദാനി ഗ്രൂപ്പിനെ സഹായിക്കാനെന്ന ആരോപണം  പ്രതിപക്ഷ പാർടിയായ എസ്‌ജെബി ഉയർത്തി. തൊട്ടടുത്ത ദിവസമാണ്‌ മാന്നാർ തീരത്തെ 500 മെഗാവാട്ട്‌ ശേഷിയുള്ള കാറ്റാടിപ്പാടത്തിന്റെ കരാർ അദാനി ഗ്രൂപ്പിന്‌ ലഭിക്കാനായി മോദി നടത്തിയ ഇടപെടൽ ഫെർഡിനാൻഡോ വെളിപ്പെടുത്തിയത്‌.

പ്രസിഡന്റ്‌ ഗോതബായ രജപക്‌സെ 2021 നവംബർ 24ന്‌ വിളിപ്പിച്ചെന്നും അദാനിക്ക്‌ കരാർ നൽകാൻ മോദി സമ്മർദം ചെലുത്തിയെന്ന് പറഞ്ഞെന്നുമാണ് ഫെർഡിനാൻഡോ പാർലമെന്ററി സമിതിയോട്‌ പറഞ്ഞത്‌. ആരോപണം ഗോതബായ നിഷേധിച്ചു.തുടർന്ന്‌,മുൻ പ്രസ്താവന പിൻവലിക്കുന്നതായും നിരുപാധികമായി മാപ്പ്‌ പറയുന്നതായും ഫെർഡിനാൻഡോ പാർലമെന്ററി സമിതി അധ്യക്ഷനെ കത്തിലൂടെ അറിയിച്ചു. ഫെർഡിനാൻഡോയ്ക്കെതിരെ അവകാശ ലംഘനത്തിന്‌ നോട്ടീസ്‌ നൽകുമെന്ന്‌ പ്രതിപക്ഷ പാർടികൾ പ്രഖ്യാപിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top